ഇത് വെറും തക്കാളിയല്ല; ബഹിരാകാശത്ത് വിളവെടുത്തത്
text_fieldsദുബൈ: ബഹിരാകാശ നിലയത്തിൽ ഗവേഷണം ആരംഭിച്ച യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി കഴിഞ്ഞ ദിവസം പരിചയപ്പെടുത്തിയത് ഒരു വ്യത്യസ്ത വിഭവം. ബഹിരാകാശത്ത് വിളവെടുത്ത തക്കാളിയുടെ ചിത്രങ്ങളാണ് ട്വിറ്റർ വഴി അദ്ദേഹം പുറത്തുവിട്ടത്. ബഹിരാകാശ സസ്യശാസ്ത്ര പഠനത്തിന്റെ ഭാഗമായാണ് തക്കാളി വിളവെടുത്തത്. യാത്രികർ കഴിക്കാൻ കൂടി ഇതുപയോഗിക്കും. അടുത്ത ഘട്ടത്തിൽ കൂടുതൽ ശുദ്ധമായ കാർഷിക ഉൽപന്നങ്ങൾ വിളവെടുക്കാനുള്ള പരിശ്രമത്തിലാണ് അധികൃതർ. നേരത്തെ ബഹിരാകാശത്ത് ഭക്ഷ്യയിലകൾ വിജയകരമായി വളർത്തിയിട്ടുണ്ട്. ബഹിരാകാശത്തെ അൽ നിയാദിയുടെ ആദ്യ ഗവേഷണത്തിന്റെ ഭാഗമാണ് തക്കാളി വിളവെടുപ്പ്.
ഭക്ഷണത്തിന് ഉപയോഗിക്കാവുന്ന വസ്തുക്കൾ ഉൽപാദിപ്പിക്കാൻ കഴിയുന്നത് ഭാവിയിലെ ദീർഘകാല ദൗത്യങ്ങളിൽ ക്രൂ അംഗങ്ങൾക്ക് കൂടുതൽ സഹായകമാകുമെന്ന വിലയിരുത്തലിലാണ് നാസ അധികൃതർ. വെള്ളിയാഴ്ചയോടെ അൽ നിയാദിയും സ്പേസ് എക്സ് ക്രൂ-6 ലെ മറ്റംഗങ്ങളും ബഹിരാകാശത്ത് എട്ടുദിവസം പൂർത്തിയാക്കി. ശനിയാഴ്ച അഞ്ചുമാസത്തെ ദൗത്യം പൂർത്തിയാക്കിയ ക്രൂ-5ലെ അംഗങ്ങൾ ഭൂമിയിലേക്ക് മടങ്ങും. ഇതോടെ ബഹിരാകാശ നിലയത്തിലെ ഗവേഷണം പൂർണമായും അൽ നിയാദി അടക്കമുള്ളവരുടെ നിയന്ത്രണത്തിലാകും. 200ലേറെ ഗവേഷണമാണ് ഇവർക്ക് നിശ്ചയിച്ചത്. ഇവയിൽ 20 എണ്ണം അൽ നിയാദി മാത്രമായി ചെയ്തുതീർക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.