പുതു പദ്ധതികൾ; ഹത്ത മുന്നേറുന്നു
text_fieldsദുബൈ: എമിറേറ്റിലെ പ്രകൃതിരമണീയ പ്രദേശമായ ഹത്തയിൽ നടപ്പിലാക്കുന്ന പുതിയ പദ്ധതികളുടെ പുരോഗതി വിലയിരുത്തി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ഹത്തയിൽ സന്ദർശനം നടത്തിയ അദ്ദേഹം 360കോടി ദിർഹം ചിലവിൽ നടപ്പിലാക്കുന്ന പദ്ധതികളെ പ്രശംസിക്കുകയും ചെയ്തു. വിനോദ സഞ്ചാരവും നിക്ഷേപവും ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് 65 പദ്ധതികളാണ് ഇവിടെ നടപ്പിലാക്കുന്നത്. ചടങ്ങിൽ ഹത്ത സുസ്ഥിര വെള്ളചാട്ട പദ്ധതിയുടെ അനാച്ഛാദനവും ശൈഖ് മുഹമ്മദ് നിർവഹിച്ചു. ദുബൈ ജല, വൈദ്യുത വകുപ്പ്(ദീവ) നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായ വെള്ളച്ചാട്ടം ഹത്ത ഡാമിനോട് അനുബന്ധിച്ചാണ് രൂപപ്പെടുത്തിയിരിക്കുന്നത്. 2,200 ചതുരശ്ര മീറ്റർ വലുപ്പമുള്ള വെള്ളച്ചാട്ടത്തിന്റെ പ്രതലത്തിൽ പ്രകൃതിദത്തമായ മാർബിളുകളാണ് വിരിച്ചിട്ടുള്ളത്. ഇതിൽ യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെയും ദുബൈ മുൻ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ഹത്ത മാസ്റ്റർ ഡെവലപ്മെൻറ് പ്ലാനിന് കീഴിലുള്ള 65 സംരംഭങ്ങളിൽ ഒന്നായ വെള്ളച്ചാട്ടത്തോടനുബന്ധിച്ച് റീട്ടെയിൽ സ്റ്റോറുകളും ഭക്ഷണ-പാനീയ ഔട്ട്ലെറ്റുകളും ഒരുക്കിയിട്ടുണ്ട്.
250 മെഗാവാട്ട് പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുത നിലയം, 3കോടി ഗാലൻ ജലം ശേഖരിക്കാവുന്ന സംഭരണി, മറ്റ് എമിറേറ്റുകളുമായി ചേർന്നുള്ള ജല പദ്ധതികൾ, താമസക്കാരെയും ബിസിനസുകാരെയും സൗരോർജ്ജം ഉൽപ്പാദിപ്പിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്ന ശംസ് ദുബൈ ഇനിഷ്യേറ്റീവ് എന്നിവയുൾപ്പെടെ ഹത്തയിലെ മറ്റ് ദീവ പദ്ധതികളും ശൈഖ് മുഹമ്മദിനെ വിലയിരുത്തി. പദ്ധതികൾ ജനങ്ങളെ ശാക്തീകരിക്കുകയും അവസരങ്ങൾ സൃഷ്ടിക്കുകയും സമൃദ്ധി ഉറപ്പാക്കുകയും ചെയ്യുമെന്ന് ശൈഖ് മുഹമ്മദ് പ്രസ്താവിച്ചു.
റോഡ് ഗതഗാത അതോറിറ്റി(ആർ.ടി.എ) ഡയറക്ടർ ജനറലും ഹത്തയുടെ വികസന മേൽനോട്ടം വഹിക്കുന്നതിനുള്ള സുപ്രീം കമ്മിറ്റി ചെയർമാനുമായ മതാർ അൽ തായറും ‘ദീവ’യുടെ ചീഫ് എക്സിക്യൂട്ടീവ് സഈദ് അൽ തായറും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ശൈഖ് മുഹമ്മദിനെ സ്വീകരിച്ചു.
ഹത്ത വിന്റർ ഫെസ്റ്റിവലിന്റ ഭാഗമായി സാമൂഹികപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന ഒട്ടേറെ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ഫിറ്റ്നസ്, കായികം, സാഹസികത, വിനോദം, വിജ്ഞാനം എന്നിങ്ങനെ വിവിധമേഖലകൾ കേന്ദ്രീകരിച്ച പരിപാടികളുമുണ്ടാവും. ക്രിയേറ്റീവ് വാക്ക്, ഫോട്ടോഗ്രാഫേഴ്സ് വാക്ക്, ഓപ്പൺ-എയർ സ്പിൻ ബൈക്ക് സെഷൻസ്, പാഡിൽ ആൻഡ് ഫിറ്റ്നസ് ഹബ് 700, സ്പോർട്ട് ഹിറ്റ്, യോഗ ക്ലാസുകൾ, കുതിരസവാരി, ഹത്ത കൾച്ചറൽ നൈറ്റ്സ്, ഹത്ത അഗ്രിക്കൾച്ചറൽ ഫെസ്റ്റിവൽ എന്നിങ്ങനെ വ്യത്യസ്തമായ പരിപാടികളുടെ നീണ്ടനിരതന്നെയാണ് ദുബൈ മീഡിയാ ഓഫീസിന്റെ സർഗാത്മകവിഭാഗമായ ബ്രാൻഡ് ദുബൈ ഇത്തവണയും ഉത്സവത്തിൽ ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായ ഹത്ത തേനുത്സവം വ്യാഴാഴ്ച ആരംഭിച്ചിട്ടുണ്ട്. യു.എ.ഇ.യിലെ തേൻ വ്യവസായത്തെ പിന്തുണയ്ക്കാനാണ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ വാർഷികപരിപാടി സംഘടിപ്പിക്കുന്നത്. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന തേനിന്റെയും തേൻ വിഭവങ്ങളുടെയും വിപുലമായ ശേഖരമാണ് ഫെസ്റ്റിലൂടെ ലഭിക്കുക.
ഹത്ത ഫെസ്റ്റിന്റെ ഭാഗമായി സന്ദർശകർക്ക് ഗതാഗതസൗകര്യം ലഭ്യമാക്കാനായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) പൊതുഗതാഗത സർവീസുകൾ വർധിപ്പിച്ചിട്ടുണ്ട്. ദുബൈയിൽനിന്ന് ഹത്തയിലേക്കും തിരിച്ചും നേരിട്ട് യാത്രചെയ്യുന്നതിന് ഹത്ത എക്സ്പ്രസ് ബസ് സർവീസുകളുണ്ട്. പൊതു പാർക്കിങ് സുഗമമാക്കുന്നതിന് 1100 പാർക്കിങ് സ്ഥലങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
പാർക്കിങ് സ്ഥലങ്ങളിൽനിന്ന് ഉത്സവവേദിയിലേക്ക് ആളുകളെ കൊണ്ടുപോകുന്നതിന് ഷട്ടിൽ ബസ് സർവീസുകളും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.