ഹത്ത ഹണി ഫെസ്റ്റിവലിന് സമാപനം
text_fieldsദുബൈ: എമിറേറ്റിന്റെ മലയോര മേഖലയായ ഹത്തയിൽ ദുബൈ മുനിസിപ്പാലിറ്റി ഒരുക്കിയ ‘ഹത്ത ഹണി ഫെസ്റ്റിവൽ’ സമാപിച്ചു. തേൻ ഉൽപാദകരെ പ്രോത്സാഹിപ്പിക്കുന്നതും രാജ്യത്തെ സാംസ്കാരിക പാരമ്പര്യത്തെ പരിചയപ്പെടുത്തുന്നതും ലക്ഷ്യംവെച്ചാണ് ഫെസ്റ്റിവൽ ഒരുക്കിയത്. അഞ്ചുദിവസം നീണ്ടുനിന്ന മേളയുടെ ഏഴാം എഡിഷൻ ഹത്ത ഹാളിലാണ് ഒരുക്കിയത്. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽനിന്നുള്ള 50ലേറെ കർഷകരാണ് വിവിധയിനം തേനും തേനുൽപന്നങ്ങളും പ്രദർശിപ്പിച്ചത്. ഹത്തയിലെ തേൻ ഉൽപാദന മേഖലയെ പ്രോത്സാഹിപ്പിക്കുകയും വിനോദസഞ്ചാരികളെ ആകർഷിക്കുകയും ചെയ്യുക എന്നത് പരിപാടിയുടെ ലക്ഷ്യമായിരുന്നു. ഇത്തവണ ഫെസ്റ്റിവലിന് 9400 സന്ദർശകർ എത്തിച്ചേർന്നതായി അധികൃതർ വ്യക്തമാക്കി.
തേനിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ദുബൈ സെൻട്രൽ ലബോറട്ടറി(ഡി.സി.എൽ)യുടെ പ്രത്യേക ലാബ് സൗകര്യം ഫെസ്റ്റിവൽ നഗരിയിൽ ഒരുക്കിയിരുന്നു. പ്രദർശകർക്കും തേൻ വാങ്ങുന്നവർക്കും ഇവിടെവെച്ച് തത്സമയ പരിശോധനകൾ നടത്തിയത് ഗുണമേന്മ ഉറപ്പുവരുത്തുന്ന നടപടിയായി.യു.എ.ഇയിലെ താമസക്കാർക്കു പുറമെ നിരവധി ടൂറിസ്റ്റുകളും പരിപാടിക്കെത്തി. ഏറ്റവും പുതിയ സാങ്കേതികവിദ്യയും രാസപരിശോധന ഉപകരണങ്ങളും ഉപയോഗിച്ചാണ് തേൻ സാമ്പിളുകൾ അതിവേഗ മൂല്യനിർണയം നടത്തുന്നതിന് സജ്ജീകരണമൊരുക്കിയത്. തേനിൽ അടങ്ങിയ ഷുഗർ, ഗ്ലൂക്കോസ്, ഫ്രക്ടോസ്, എൻസൈമുകൾ, അസിഡിറ്റി എന്നീ ഘടകങ്ങളുടെ അളവ് പരിശോധനയിൽ വേർതിരിച്ച് മനസ്സിലാക്കാനാകും. ഒാരോ പ്രദർശകർക്കും അവരുടെ തേനിന്റെ ഗുണനിലവാരം സംബന്ധിച്ച സർട്ടിഫിക്കറ്റ് അധികൃതർ നൽകുകയും ചെയ്തു.
ഹത്തയുടെ സമഗ്രമായ വികസനം ലക്ഷ്യംവെച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച വിപുലമായ പദ്ധതികളുടെ ഭാഗമായാണ് ഫെസ്റ്റിവൽ ഒരുക്കിയത്. യു.എ.ഇയിൽ ഏറ്റവും കൂടുതൽ തേൻ ഉൽപാദിപ്പിക്കുന്ന സ്ഥലമാണ് ഹത്ത. പരമ്പരാഗത രീതിയിലാണ് ഇവിടെ തേനീച്ചകൃഷി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.