ഹത്ത ഹണി ഫെസ്റ്റിവൽ ഇന്ന് തുടങ്ങും
text_fieldsദുബൈ: ഹത്ത ഹണി ഫെസ്റ്റിവലിന്റെ എട്ടാമത് എഡിഷന് ഇന്ന് തുടക്കം. യു.എ.ഇയിലെ തേനീച്ച കർഷകരെ പിന്തുണക്കാൻ ലക്ഷ്യമിട്ട് ദുബൈ മുനിസിപ്പാലിറ്റി നടത്തുന്ന ഫെസ്റ്റിവലിൽ വിവിധ എമിറേറ്റുകളിൽ നിന്നായി 60ലധികം ഇമാറാത്തി തേനീച്ച കർഷകർ അവരുടെ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ പ്രദർശിപ്പിക്കും. ഡിസംബർ 31 വരെ നടക്കുന്ന മേളയിൽ സന്ദർശകർക്ക് വിവിധ ഗുണനിലവാരമുള്ള തേനുകളുടെ രുചി അറിയാനും വിവിധ വർഗത്തിലുള്ള തേനീച്ചകളെയും അവയുടെ സ്വഭാവത്തെയും പരിചയപ്പെടാനും പഠിക്കാനുമുള്ള അവസരമുണ്ട്. തേൻ ഉൽപന്നങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാനുള്ള മാർഗങ്ങളും നിർദേശങ്ങളും അനുഭവങ്ങളും കർഷകർ മേളയിൽ പങ്കുവെക്കും. ഹത്ത നിവാസികൾക്ക് കൂടുതൽ നിക്ഷേപവും സാമ്പത്തിക അവസരങ്ങളുമാണ് ഓരോ ഹത്ത ഫെസ്റ്റിവലും വാഗ്ദാനം ചെയ്യുന്നത്. കൂടാതെ പ്രാദേശികമായുള്ള ചെറുകിട, ഇടത്തരം സംരംഭകരെ പിന്തുണക്കുകയും ചെയ്യുന്നുണ്ട്.
രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സന്ദർശകർക്ക് പ്രവേശനം. തേൻ ഉപയോഗിച്ച് നിർമിച്ച വിവിധ ഭക്ഷ്യ ഉൽപന്നങ്ങൾ, ഡ്രിങ്കുകൾ എന്നിവയെ കുറിച്ചുമുള്ള വർക്ക്ഷോപ്പുകൾ, കുട്ടികളുടെ കലാപരമായ വാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആർട്ട് വർക്ക്ഷോപ്പുകൾ, ഹണി പാക്കേജിങ് എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. ഫ്രീജ് ടെലിവിഷൻ ഷോയിലെ അറബ് കാർട്ടൂൺ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള വിവിധ മത്സരങ്ങൾ, ലീവ ഡാൻസ് ഗ്രൂപ്പിന്റെ പ്രകടനം, കുട്ടികൾക്കുള്ള വിവിധ തരം ഗെയിമുകൾ, വിനോദ പരിപാടികൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. തേനുകൾ ഒറിജിനലാണോ എന്ന് കണ്ടെത്താനുള്ള ദുബൈ സ്മാർട്ട് മൊബൈൽ ലബോറട്ടറിയും ഫെസ്റ്റിവലിൽ ദുബൈ മുനിസിപ്പാലിറ്റി ഒരുക്കിയിട്ടുണ്ട്. ഇവിടെ സൗജന്യമായി തേനുകളുടെ ഗുണനിലവാരം അറിയാൻ സന്ദർശകർക്ക് അവസരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.