ഹത്ത ജലവൈദ്യുതി പദ്ധതി 74 ശതമാനം പൂർത്തിയായി
text_fieldsദുബൈ: എമിറേറ്റിലെ ഹത്തയിൽ ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) നിർമിക്കുന്ന വൻകിട ജലവൈദ്യുതി പദ്ധതി 74 ശതമാനം പൂർത്തിയായതായി അധികൃതർ വെളിപ്പെടുത്തി. ഗൾഫ് മേഖലയിലെ ആദ്യ വൻകിട ജലവൈദ്യുതി പദ്ധതിക്കായി നിർമിക്കുന്ന ഹൈഡ്രോ ഇലക്ട്രിക് പവർ പ്ലാന്റിന്റെ നിർമാണമാണ് അതിവേഗം പുരോഗമിക്കുന്നത്. ദീവ സി.ഇ.ഒയും എം.ഡിയുമായ സഈദ് മുഹമ്മദ് അൽ തായർ പദ്ധതിപ്രദേശം സന്ദർശിച്ച് നിർമാണപുരോഗതി വിലയിരുത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ഹത്ത ഡാം പ്രദേശത്ത് രൂപംകൊള്ളുന്ന പവർ പ്ലാൻറ് പ്രദേശത്തെ ജനങ്ങൾക്കും പ്രഖ്യാപിത ടൂറിസം പദ്ധതികൾക്കും ഏറെ ഗുണംചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
യു.എ.ഇയിലെ മികച്ച ടൂറിസം കേന്ദ്രമായി മാറുന്ന ഹത്തയുടെ വികസനത്തിന് കരുത്തുപകരുന്നതായിരിക്കും വൈദ്യുതിപദ്ധതി. 142 കോടി ദിർഹം ചെലവിട്ടാണ് ഹത്ത ഡാമിനോടനുബന്ധിച്ച് ഹൈഡ്രോ ഇലക്ട്രിക് പവർ പ്ലാൻറ് നിർമിക്കുന്നത്. പ്രദേശത്തിന്റെ സമഗ്രവികസനത്തിനായി രൂപപ്പെടുത്തിയ നിരവധി പദ്ധതികളിൽ ഒന്നാണിത്. 250 മെഗാവാട്ട് ഉൽപാദനശേഷിയുള്ളതാണ് പദ്ധതി. 1500 മെഗാവാട്ട് മണിക്കൂർ സംഭരണശേഷിയുള്ള പ്ലാന്റിന് 80 വർഷം കുറ്റമറ്റരീതിയിൽ പ്രവർത്തിക്കാൻ പ്രാപ്തിയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2025 ആദ്യപാദത്തിൽ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
സഈദ് മുഹമ്മദ് അൽ തായർ സന്ദർശനത്തിന്റെ ഭാഗമായി പവർ ജനറേറ്ററുകൾ സ്ഥാപിക്കുന്നതും സർവിസ്, പ്രവർത്തനസൗകര്യങ്ങളുടെ നിർമാണം എന്നിവ പരിശോധിച്ചു. അപ്പർ ഡാമിന്റെ പരിശോധനയും സന്ദർശനത്തിൽ ഉൾപ്പെട്ടിരുന്നു. അപ്പർ ഡാമിന്റെ 72 മീറ്റർ മെയിൻ റോളർ കോംപാക്ടഡ് കോൺക്രീറ്റ് ഭിത്തിയുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. ഈ വർഷാവസാനത്തോടെ അപ്പർ ഡാമിൽ വെള്ളം ശേഖരിക്കാനുള്ള പ്രാഥമിക നടപടികൾ ആരംഭിക്കും. നിലവിൽ പവർ ജനറേറ്ററുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന 1.2 കിലോമീറ്റർ നീളമുള്ള വാട്ടർ ടണലിൽ നടന്നുകൊണ്ടിരിക്കുന്ന നിർമാണപുരോഗതിയും ദീവ അധികൃതർ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.