ഹത്ത ജലസംഭരണികൾ പൂർത്തിയാകുന്നു
text_fieldsദുബൈ: ഹത്തയിൽ ദുബൈ ജല, വൈദ്യുത അതോറിറ്റി(ദീവ) നിർമിക്കുന്ന ഭീമൻ ജലസംഭരണികളുടെ നിർമാണം അവസാനഘട്ടത്തിൽ. 30 ദശക്ഷം ഇംപീരിയൽ ഗാലൻ ശേഷിയുള്ള സംഭരണികളുടെ നിർമാണം 90ശതമാനത്തോളം പൂർത്തിയായതായി അധികൃതർ വെളിപ്പെടുത്തി. ‘ദീവ’ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ പദ്ധതി പ്രദേശത്ത് സന്ദർശനം നടത്തി കഴിഞ്ഞ ദിവസം നിർമാണ പുരോഗതി വിലയിരുത്തുകയും ചെയ്തു. 8.6കോടി ദിർഹം ചിലവ് കണക്കാക്കുന്ന പദ്ധതി ഈ വർഷം അവസാനത്തിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതിയിൽ രണ്ട് ജലസംഭരണികളാണ് നിർമിക്കുന്നത്. മൂന്നുകോടി ഗാലൺ ശുദ്ധീകരിച്ച വെള്ളം സൂക്ഷിക്കാൻ കഴിയുന്നതാണിത്. ഘടനാപരമായ എല്ലാ നിർമാണപ്രവർത്തനങ്ങളും ഇതിനകം പൂർത്തിയായിട്ടുണ്ട്. അതോടൊപ്പം പൈപ്പുകൾ ഇടുന്ന ജോലികളും പൂർത്തിയായി വരികയാണ്. സംഭരണിയുടെ പ്രവർത്തനത്തിന് ആവശ്യമായ അനുബന്ധ കെട്ടിടങ്ങളുടെയും നിർമാണം പുരോഗമിക്കുകയാണ്. ഹത്തയിലെ ജലസംഭരണികൾ നിർമിക്കുന്നത് യു.എ.ഇയുടെ ജലസുരക്ഷാ നയത്തിനും ജലവിഭവ മാനേജ്മെന്റ് നയത്തിനും അനുസൃതമായാണെന്ന് സന്ദർശന ശേഷം സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. പദ്ധതി പ്രദേശത്തിന്‍റെ സമഗ്ര വികസന പദ്ധതികളെ സഹായിക്കുന്നതിനൊപ്പം പ്രാദേശികമായി ജോലി സാധ്യതകളും തുറക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
6ശതകോടി ഗാലൻ ജലം സംഭരിക്കാനായി വിവിധ പദ്ധതികൾ ‘ദീവ’ നടപ്പിലാക്കുന്നുണ്ട്. ഇതിലൂടെ എമിറേറ്റിൽ 90 ദിവസത്തേക്ക് അടിയന്തര ഘട്ടങ്ങളിൽ പ്രതിദിനം 50 ദശലക്ഷം ഗാലൻ ഉപയോഗിക്കാവുന്ന ജലത്തിന്‍റെ കരുതൽ ശേഖരമുണ്ടാക്കാനാകും. സംഭരിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം ബാഹ്യ ഘടകങ്ങളാൽ ബാധിക്കപ്പെടില്ലെന്ന് ഉറപ്പാക്കുന്ന രീതിയിലാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.