ആശയങ്ങളുണ്ടോ; സമ്മാനമുണ്ട്
text_fieldsദുബൈ: കാലാവസ്ഥ വ്യതിയാനം തടയാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമുള്ള മികച്ച ആശയങ്ങൾ സമർപ്പിക്കുന്നവർക്ക് സമ്മാനവുമായി യു.എ.ഇ സ്പേസ് ഏജൻസി. ശാസ്ത്രജ്ഞർ, സംരംഭകർ, അക്കാദമിക് വിദഗ്ധർ തുടങ്ങിയവരിൽനിന്നാണ് ആശയങ്ങൾ ക്ഷണിച്ചത്. 40 ലക്ഷം ദിർഹമിെൻറ സമ്മാനങ്ങൾ നൽകും. എക്സ്പോ 2020യിലെ സ്പേസ് വീക്കിലാണ് മത്സരം പ്രഖ്യാപിച്ചത്. കാലാവസ്ഥ വ്യതിയാന- പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി. പരിസ്ഥിതി, കൃഷിസംരക്ഷണ പദ്ധതി വഴി കാലാവസ്ഥ വ്യതിയാനത്തിന് പരിഹാരം കാണാൻ നൂതന ആശയങ്ങൾ ശേഖരിക്കാനാണ് ലക്ഷ്യം. ആശയങ്ങൾ അടുത്തവർഷം ജനുവരി 15ന് മുമ്പ് സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ആറ് ഫൈനലിസ്റ്റുകളെ ഫെബ്രുവരിയിൽ വിദഗ്ധ സമിതിക്ക് മുമ്പാകെ ആശയങ്ങൾ അവതരിപ്പിക്കാൻ ക്ഷണിക്കും. ഇതിൽനിന്ന് രണ്ട് പേരെ വിജയികളായി തിരഞ്ഞെടുക്കും.
ഇവർക്ക് 20 ലക്ഷം ദിർഹം വീതം നൽകും. ഇതിന് പുറമെ, പദ്ധതി നടപ്പാക്കുന്നതിന് സാങ്കേതിക പിന്തുണയും വിദഗ്ധരുടെ സഹായവും നൽകും. ആശയങ്ങൾ നടപ്പാക്കി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനാവശ്യമായ സഹായങ്ങളും നൽകും. പരിസ്ഥിതി സംരക്ഷണത്തിനും ഭക്ഷ്യസുരക്ഷക്കും ആവശ്യമായ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനൊപ്പം ബഹിരാകാശ മേഖലയിൽ യു.എ.ഇയുടെ മത്സരശേഷി വർധിപ്പിക്കുക, പൊതു-സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയും ലക്ഷ്യമിടുന്നു. മികച്ച അക്കാദമിക്, സംരംഭകർ, ശാസ്ത്രജ്ഞർ എന്നിവരെ കണ്ടെത്താനാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഉന്നത സാങ്കേതികവിദ്യ സഹമന്ത്രിയും യു.എ.ഇ ബഹിരാകാശ ഏജൻസി അധ്യക്ഷയുമായ സാറ അൽ അമീരി പറഞ്ഞു. പ്രായോഗികമായി നടപ്പാക്കാൻ കഴിയുന്ന നിർദേശങ്ങളാണ് ക്ഷണിക്കുന്നതെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.