ഹയ്യാ കാർഡില്ലാത്തവരുടെ ശ്രദ്ധക്ക്; പ്രവേശനം നിശ്ചിത തൊഴിൽ മേഖലയിലുള്ളവർക്ക് മാത്രം
text_fieldsദുബൈ: ഹയ്യാ കാർഡില്ലാത്തവർക്കും ലോകകപ്പ് നടക്കുന്ന ഖത്തറിലേക്ക് പ്രവേശനം അനുവദിക്കും എന്ന അറിയിപ്പിന് പിന്നാലെ യു.എ.ഇ, സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽനിന്ന് സന്ദർശകരുടെ ഒഴുക്ക്. അബൂസംറ അതിർത്തിയിൽ വൻ തിരക്ക് അനുഭവപ്പെട്ടതോടെ നിശ്ചിത രേഖകളില്ലാത്ത പലർക്കും നിരാശരായി മടങ്ങേണ്ടിവന്നു. ജി.സി.സി രാജ്യങ്ങളിലെ താമസക്കാരിൽ നിശ്ചിത തൊഴിൽ മേഖലകളിൽ ജോലിചെയ്യുന്നവർക്ക് മാത്രമാണ് ഹയ്യാ കാർഡില്ലാതെ പ്രവേശനം അനുവദിക്കുന്നത്. എന്നാൽ, വിസയിലെ പ്രഫഷൻ നോക്കാതെ എത്തിയവരാണ് അതിർത്തിയിൽ കുടുങ്ങിയത്.
കഴിഞ്ഞയാഴ്ചകളിലായി യു.എ.ഇയിൽനിന്ന് അതിർത്തി കടന്ന് ആയിരക്കണക്കിനാളുകൾ കാറിലും ബസിലുമായി ഖത്തറിൽ എത്തിയിരുന്നു. ഹയ്യാ കാർഡ് ലഭിച്ചവരാണ് ഇങ്ങനെ അതിർത്തികടന്നത്. സൗദിയിലെ സൽവ അതിർത്തിയിൽ വാഹനം നിർത്തിയശേഷം ബസിലാണ് അതിർത്തി കടന്നിരുന്നത്. എന്നാൽ, ഹയ്യാ കാർഡില്ലാത്തവർക്കും കഴിഞ്ഞദിവസം മുതൽ ഖത്തറിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു. ഇതോടെയാണ് അതിർത്തിയിലേക്ക് കൂടുതൽ സന്ദർശകരുടെ ഒഴുക്ക് തുടങ്ങിയത്. യു.എ.ഇ, സൗദി, ബഹ്റൈൻ, ഒമാൻ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നും ആയിരങ്ങളാണ് വ്യാഴം, വെള്ളി ദിവസങ്ങളിലായി അതിർത്തിയിലെത്തിയത്.
ആർക്കൊക്കെ പ്രവേശനം
ഇന്ത്യ, ഈജിപ്ത്, പാകിസ്താൻ ഉൾപ്പെടെ 18 രാജ്യങ്ങളിൽനിന്നുള്ള താമസക്കാരിൽ 54 തൊഴിൽമേഖലകളിൽ ജോലിചെയ്യുന്നവർക്ക് മാത്രമാണ് ഹയ്യാ കാർഡില്ലാതെ ഖത്തറിലേക്ക് പ്രവേശനം നൽകുന്നത്. ഇതിനുപുറമെ, താമസിക്കുന്ന കാലയളവിലേക്കുള്ള ഹോട്ടൽ ബുക്കിങ് രേഖകൾ, റൗണ്ട് ട്രിപ് ടിക്കറ്റ് എന്നിവയും ഉറപ്പിക്കണം. 100 റിയാലാണ് എൻട്രി ഫീസ്. പാസ്പോർട്ടിനും അതത് രാജ്യത്തെ തിരിച്ചറിയൽ രേഖക്കും ചുരുങ്ങിയത് ആറുമാസം കാലാവധി ഉണ്ടായിരിക്കണം. പ്രവേശന അനുമതിയുള്ള തൊഴിൽമേഖല ഐ.ഡിയിൽ വ്യക്തമായിരിക്കണം. ഒരു മാസമാണ് പരമാവധി കാലാവധി. നിശ്ചിത കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുകയാണെങ്കിൽ 200 റിയാൽ പിഴ ഈടാക്കും. അതേസമയം, മാച്ച് ടിക്കറ്റുള്ളവർക്ക് ഹയ്യാ അനുമതിക്ക് അപേക്ഷിച്ചുതന്നെ ഖത്തറിൽ എത്താം.
ഹയ്യാ ഇല്ലാതെ പ്രവേശന അനുമതിയുള്ള തൊഴിൽ മേഖലകൾ
1. അദീബ് (എഴുത്തുകാർ). 2. യൂനിവേഴ്സിറ്റി പ്രഫസർ 3. പത്രപ്രവർത്തകൻ 4. ജി.സി.സി രാജ്യങ്ങളിലെ എംബസികളിലെ തൊഴിലാളികൾ 5. പുരാവസ്തു ഗവേഷകൻ 6. പ്രഫസർ 7. ജിയോളജിസ്റ്റ് (ജനറൽ) 8. റഫറി (സ്പോർട്സ് ഫീൽഡ്) 9. സാമ്പത്തിക വിദഗ്ധൻ 10. നിയമ വിദഗ്ധൻ 11. ഇൻഫർമേഷൻ സിസ്റ്റം വിദഗ്ധൻ 12. നയതന്ത്രജ്ഞൻ 13. പ്രസിഡൻറ്/എക്സിക്യൂട്ടിവ് ഡയറക്ടർ 14. യൂനിവേഴ്സിറ്റി പ്രസിഡൻറ്/ഡയറക്ടർ 15. കോടതി പ്രസിഡന്റ് 16. ചീഫ് പ്രോസിക്യൂട്ടർ 17. ക്ലബ് പ്രസിഡൻറ്/മാനേജർ
18. കപ്പൽ /ഫെറി/ ടാങ്കർ എന്നിവയുടെ ക്യാപ്റ്റൻ 19. സ്പെഷലിസ്റ്റ് ഡോക്ടർ 20. സർജൻ (എല്ലാ സ്പെഷാലിറ്റികളും) 21. മൃഗഡോക്ടർ 22 പൈലറ്റ് 23 ശാസ്ത്രജ്ഞൻ 24 കോളജ് ഡീൻ 25 ആസ്ട്രോണമർ 26 ഭൗതിക ശാസ്ത്രജ്ഞൻ 27. ജഡ്ജി 28. ജനറൽ കെമിസ്റ്റ് (എല്ലാ സ്പെഷലൈസേഷനുകളും) 29. അഭിഭാഷകൻ 30. ഡയറക്ടർ 31. ഫ്ലൈറ്റ് ഇൻസ്ട്രക്ടർ 32. റേഡിയോ ഡയറക്ടർ 33. മീഡിയ ഡയറക്ടർ 34. റീജനൽ ഡയറക്ടർ 35. ബാങ്ക് മാനേജർ 36. ടി.വി ഡയറക്ടർ 37. സിനിമ സംവിധായകൻ 38. ഹോട്ടൽ മാനേജർ 39. മ്യൂസിയം ഡയറക്ടർ 40. സ്കൂൾ പ്രിൻസിപ്പൽ 41. തിയറ്റർ ഡയറക്ടർ 42. ആശുപത്രിയുടെ ഡയറക്ടർ 43. കൗൺസിലർ 44. എൻജിനീയർ 45. പ്രോസിക്യൂട്ടർ 46. മന്ത്രാലയം അണ്ടർസെക്രട്ടറി 47. കോ-പൈലറ്റ് 48 എല്ലാ തരത്തിലുമുള്ള കൺസൽട്ടന്റ് 49 ഓഡിറ്റർ (സാമ്പത്തിക - അക്കൗണ്ടുകൾ) 50. അനലിസ്റ്റ് (സാമ്പത്തിക - സാമ്പത്തിക സംവിധാനങ്ങൾ) 51 നിരീക്ഷകൻ (എയർ സേഫ്റ്റി) 52 പ്രോഗ്രാമർ 53. അക്കൗണ്ടൻറ് 54. ഇൻസ്പെക്ടർ (മറൈൻ ഫയർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.