ബഹിരാകാശ പര്യവേക്ഷണം; ഭൂമിയിലെ നേതൃത്വം ഹസ്സ അൽ മൻസൂരിക്ക്
text_fieldsഹസ്സ അൽ മൻസൂരി
ദുബൈ: ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ യു.എ.ഇ പൗരൻ എന്ന റെക്കോഡ് സ്വന്തം പേരിൽ ചേർത്ത ഹസ്സ അൽ മൻസൂരിക്ക് പുതിയ ദൗത്യം. യു.എ.ഇയുടെ ബഹിരാകാശ ദൗത്യത്തിന് ഭൂമിയിൽ നിന്ന് നേതൃത്വം നൽകാനുള്ള സുപ്രധാന ചുമതലയാണ് അൽ മൻസൂരിക്ക് നൽകപ്പെട്ടിരിക്കുന്നത്.
ആദ്യമായാണ് ഒരു അറബ് വംശജൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭൂമിയിലെ ‘പോയന്റ് ഓഫ് കോണ്ടാക്ട്’ എന്ന ചുമതലയിൽ എത്തിച്ചേരുന്നത്. ബഹിരാകാശ നിലയത്തിൽ നടക്കുന്ന പര്യവേക്ഷണങ്ങളെ നിരീക്ഷിക്കാനും നിർദേശങ്ങൾ നൽകാനുമുള്ള ചുമതല ഇതോടെ ഇദ്ദേഹത്തിനായിരിക്കും.
നിലവിൽ ബഹിരാകാശ നിലയത്തിലുള്ള സുൽത്താൻ അൽ നിയാദിക്ക് സഹായങ്ങളും നിർദേശങ്ങളും നൽകി വരുന്നത് ഇദ്ദേഹമാണ്. ബഹിരാകാശ നിലയത്തിലെ ടീമിന് മുഴുവൻ നിർദേശങ്ങളും നൽകുന്നതിന് പുറമെ, നിർണായക പ്രശ്നങ്ങൾ കണ്ടെത്തി ബഹിരാകാശയാത്രികർക്ക് വിവരങ്ങൾ കൈമാറുന്നതിനും ദൗത്യ നടപടിക്രമങ്ങൾ രൂപപ്പെടുത്തുന്നതിനും ചുമതലയുണ്ടാകും. ഉത്തരവാദിത്തം ഏറ്റെടുക്കാൻ സാധിക്കുന്നതിൽ അഭിമാനമുണ്ടെന്നും ബഹിരാകാശ നിലയത്തിലേക്ക് ആശയ വിനിമയം സുഗമമായ രീതിയിലാക്കുമെന്നും അൽ മൻസൂരി പ്രതികരിച്ചു.
നിയമനം അസാധാരണമായ കഴിവുകളുടെയും അറിവിന്റെയും തെളിവാണെന്നും കൂടുതൽ അറബ് ബഹിരാകാശ യാത്രികർക്ക് പ്രചോദനമേകുന്നതുമാണെന്ന് അൽ മൻസൂരിയെ പ്രശംസിച്ച് മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം ഡയറക്ടർ സലീം അൽ മർറി പറഞ്ഞു. അൽ നിയാദിയുമായി ചേർന്ന് അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങളുടെ ഫലം കാത്തിരിക്കയാണെന്നും ബഹിരാകാശത്തെക്കുറിച്ചുള്ള അറിവും മൈക്രോ ഗ്രാവിറ്റിയിലെ ജീവിതത്തെക്കുറിച്ച വിവരങ്ങളും വർധിപ്പിക്കാൻ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.