എമിറേറ്റ്സിൽ ഒറ്റക്ക് പറന്ന് ദുബൈ വ്യവസായി
text_fieldsദുബൈ/മുംബൈ: മുംബൈയിൽനിന്ന് ദുബൈയിലേക്ക് എമിറേറ്റ്സ് വിമാനത്തിൽ ഒറ്റക്ക് പറന്ന് യു.എ.ഇയിലെ വ്യവസായി.ഇന്ത്യക്കാർക്ക് യു.എ.ഇ യാത്രവിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഗോൾഡൻ വിസക്കാരനായ സ്റ്റാർ ജെംസ് ഗ്രൂപ് സി.ഇ.ഒ ഭാവേഷ് ജവേരിക്ക് എമിറേറ്റ്സിൽ യാത്രയൊരുക്കിയത്.
ദുബൈ നൽകുന്ന ദീർഘകാല വിസയായ ഗോൾഡൻ വിസയുള്ളവർക്ക് യു.എ.ഇയിലേക്ക് യാത്രചെയ്യാൻ തടസ്സമില്ല. ദുബൈയിൽനിന്നുള്ള യാത്രക്കാരുമായെത്തിയ എമിറേറ്റ്സ് വിമാനം തിരിച്ചുപോയപ്പോഴാണ് ജവേരിയെയും ഉൾപ്പെടുത്തിയത്.
360 സീറ്റുള്ള വിമാനത്തിലായിരുന്നു ജവേരിയുടെ ഒറ്റയാൻ യാത്ര. 17 ടൺ കാർഗോയും ഈ വിമാനത്തിലുണ്ടായിരുന്നു. സാധാരണ നിരക്കിനേക്കാൾ കുറവാണ് ജവേരിയിൽനിന്ന് എമിറേറ്റ്സ് ഈടാക്കിയത്. യാത്രക്ക് ചെലവായത് 909 ദിർഹം മാത്രം (18000 രൂപ). രണ്ട് പതിറ്റാണ്ടായി ദുബൈക്കും മുംബൈക്കുമിടയിൽ പറക്കുന്നു. 240 ഒാളം വിമാനങ്ങളിൽ കയറി. എന്നാൽ, ഇങ്ങനൊരു യാത്ര സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചതല്ല –ഭാവേഷ് പറയുന്നു.
യു.എ.ഇയിലേക്ക് ബിസിനസുകാർക്ക് ചെറുവിമാനങ്ങളിൽ യാത്രചെയ്യാൻ അനുമതിയുണ്ടെങ്കിലും നാല് ലക്ഷത്തോളം രൂപ ചെലവാണ്. കഴിഞ്ഞദിവസം കൂടുതൽ നിബന്ധനകൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കുറഞ്ഞ നിരക്കിൽ എമിറേറ്റ്സ് വിമാനത്തിൽ ജവേരിയുടെ യാത്ര. വിമാന ജീവനക്കാർ കൈയടിയോടെയാണ് ജവേരിയെ സ്വീകരിച്ചതും യാത്രയാക്കിയതും.വിമാനം മുഴുവൻ ചുറ്റിക്കറങ്ങിയതിന് പുറമെ ഭാഗ്യ നമ്പറായ 18ാം നമ്പർ സീറ്റ് ലഭിക്കുകയും ചെയ്തു.
ആ ഭാഗ്യ കഥ ഭാവേഷ് പറയുന്നതിങ്ങനെ:
കഴിഞ്ഞ ബുധനാഴ്ച ദുബൈയിലേക്ക് പോകാൻ തീയതി ഇല്ലാത്ത ടിക്കറ്റുമായി മുംബൈ വിമാനത്താവളത്തിൽ എത്തിയതായിരുന്നു. തീയതിയില്ലാത്തതിനാൽ സി.െഎ.എസ്.എഫ് ഉദ്യോഗസ്ഥർ കവാടത്തിൽ തടഞ്ഞു. എമിറേറ്റ്സ് നമ്പറിലേക്ക് വിളിച്ചപ്പോഴാണ് ഞെട്ടിയത്. താങ്കൾമാത്രമാണ് ഇന്ന് ഞങ്ങളുടെ യാത്രക്കാരൻ. അതിനാൽ താങ്കളെ കാത്ത് കവാടത്തിൽ ആള് നിൽപുണ്ട് എന്ന് അവർ. തുടർന്ന് നടപടികൾ കഴിഞ്ഞ് വിമാനത്തിലേക്ക്. എയർഹോസ്റ്റസുമാർ കൈയടിച്ച് സ്വാഗതം ചെയ്തു. മിസ്റ്റർ ജവേരി എന്ന സംബോധനയോടെയായിരുന്നു ബെൽട്ട് മുറുക്കാനും മറ്റുമുള്ള അനൗൺസ്മെൻറുകളും വിമാനം ഇറങ്ങാൻ തയാറെടുക്കുന്നതിെൻറ അറിയിപ്പും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.