പുരസ്കാരം ആഗ്രഹിച്ചിരുന്നു; നിരാശയില്ല –റഷീദ് പാറക്കൽ
text_fieldsദുബൈ: പ്രവാസ ലോകത്തിെൻറ കഥ പറഞ്ഞ് തിയറ്ററിൽ കൈയടി നേടിയ സിനിമയാണ് 'സമീർ'. അൽഐനിലെ അൽ ഹൈറിൽ ചിത്രീകരിച്ച സിനിമ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു. പ്രവാസ പശ്ചാത്തലം ഉപയോഗിച്ച് ഫാൻറസിയും ഇമോഷൻസും പ്രകൃതിയുമൊക്കെ കടന്നുവന്ന ചിത്രം എഴുത്തുകാരനും ഗാനരചയിതാവുമായ റഷീദ് പാറക്കൽ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ്. പുതിയ ചിത്രത്തിെൻറ അണിയറ പ്രവർത്തനത്തിന് ദുബൈയിൽ എത്തിയ റഷീദ് സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തെ കുറിച്ചും പുതിയ പദ്ധതികളെ കുറിച്ചും 'ഗൾഫ് മാധ്യമ'വുമായി സംസാരിക്കുന്നു.
ആദ്യ സംരംഭമായിരുന്നല്ലോ 'സമീർ'. സംസ്ഥാന ചലച്ചിത്ര അവാർഡിനായി പരിഗണിക്കുന്ന അവസാന പട്ടികയിലും സമീറിെൻറ പേര് പരാമർശിച്ചു കേട്ടിരുന്നു. അവാർഡ് പ്രഖ്യാപനം കഴിഞ്ഞപ്പോൾ എന്ത് തോന്നുന്നു?
എല്ലാവർക്കും തൻകുഞ്ഞ് പൊൻകുഞ്ഞാണല്ലോ. സ്വാഭാവികമായും എെൻറ ചിത്രത്തിന് അവാർഡ് കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നു. പ്രതീക്ഷിക്കുകയും ചെയ്തു. അവാർഡ് ലഭിച്ചില്ലെങ്കിലും കടുത്ത നിരാശയില്ല. കാരണം, ഞാൻ തുടങ്ങിയിട്ടേയുള്ളൂ. ആദ്യ ചിത്രത്തിന് തന്നെ അവാർഡ് കിട്ടണമെന്ന് വാശിപിടിക്കാൻ കഴിയില്ലല്ലോ. തിയറ്ററിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. അതുതന്നെയല്ലേ ഏറ്റവും വലിയ അംഗീകാരം. ഈ വർഷത്തെ പ്രേം നസീർ അവാർഡും മലയാളം പുരസ്കാരവും ചിത്രത്തിന് കിട്ടിയിരുന്നു.
അവാർഡിനുള്ള ഘടകങ്ങൾ ചിത്രത്തിൽ ഉണ്ടായിരുന്നല്ലോ?
ചിത്രത്തിലെ നായകൻ ആനന്ദ് റോഷെൻറ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. 20 കിലോയോളം ഭാരം കുറച്ച ശേഷമാണ് അദ്ദേഹം കഥാപാത്രത്തിനായി ഒരുങ്ങിയത്. വിദ്യാധരൻ മാഷിെൻറ ഗാനവും അവാർഡിന് യോഗ്യമായിരുന്നു. പ്രവാസ സിനിമ എന്ന നിലയിൽ പ്രോത്സാഹനം പ്രതീക്ഷിച്ചിരുന്നു. ഏറ്റവും കൂടുതൽ നവാഗത സംവിധായകർ വന്ന വർഷമാണ് കഴിഞ്ഞുപോയത്. വലിയ താരനിരപോലുള്ള ആകർഷക ഘടകങ്ങൾ ചിത്രത്തിൽ ഇല്ലായിരുന്നു.
അർഹരായവരിലേക്ക് തന്നെയാണോ പുരസ്കാരം എത്തിയത്?
വിവാദമാക്കാൻ മാത്രം ഒന്നും ഇത്തവണത്ത അവാർഡ് നിർണയത്തിൽ ഇല്ല. എല്ലാവർക്കും അവാർഡ് കൊടുക്കാൻ കഴിയില്ലല്ലോ. അർഹതപ്പെട്ടവർക്കു തന്നെയാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. സമാന്തര സിനിമകൾക്ക് അവാർഡ് ലഭിക്കുന്നു എന്നത് ഏറ്റവുമധികം സന്തോഷം പകരുന്നു. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ സിനിമകളിൽ സുരാജിെൻറ അഭിനയം ഗംഭീരമായിരുന്നു. നിഷ്കളങ്കമായി കണ്ടിരിക്കാവുന്ന ചിത്രങ്ങളായിരുന്നു അത്.
പ്രവാസികളുടെ കഥ പറയുന്ന 'സമീറി'ലേക്ക് എത്തിപ്പെട്ടത് എങ്ങനെയാണ്?
എെൻറ സ്വന്തം ജീവിതമാണ് സമീർ. രണ്ടര വർഷത്തോളം അൽഐനിലെ അൽഹൈറിൽ തക്കാളിത്തോട്ടത്തിലായിരുന്നു എനിക്ക് ജോലി. രണ്ടു ബംഗാളികൾ മാത്രമാണ് കൂടെയുണ്ടായിരുന്നത്. മറ്റു മനുഷ്യരെയൊന്നും കാണാതെ ഞാൻ അനുഭവിച്ചുതീർത്ത വർഷങ്ങളുടെ കഥയാണ് തിരശ്ശീലയിലെത്തിച്ചത്. അതേ ലൊക്കേഷനിൽ തന്നെ ചിത്രീകരണം നടത്താൻ കഴിഞ്ഞുവെന്നതും നേട്ടമായി കരുതുന്നു. തലതാഴ്ത്തി നടന്ന അതേ മണ്ണിൽ തല ഉയർത്തിപ്പിടിച്ച് നടക്കാൻ കഴിയുന്നത് അഭിമാനകരമല്ലേ. അതുകൊണ്ടുതന്നെ കിട്ടിയതൊക്കെ പോസിറ്റിവാണ്. ഉള്ളതുകൊണ്ട് സന്തോഷമായി ജീവിക്കാൻ ആഗ്രഹിക്കുന്ന കലാകാരനാണ് ഞാൻ. സിനിമ പാരമ്പര്യമില്ലാതെയാണ് ഇവിടെ വരെയെത്തിയത്. ഷോർട്ട് ഫിലിമുകളിലൂടെയായിരുന്നു തുടക്കം. 'ഒരു തക്കാളിക്കാരെൻറ സ്വപ്നങ്ങൾ' എന്ന പേരിൽ നോവലാക്കിയ ശേഷമാണ് 'സമീർ' സിനിമയാക്കിയത്. എെൻറ എല്ലാ പ്രോജക്ടുകളും അങ്ങനെയാണ്. നോവലാക്കിയ ശേഷമാണ് തിരക്കഥയെഴുതുന്നത്. കൊതിച്ചാൽ നടക്കും എന്ന ആത്മവിശ്വാസമാണ് എന്നെ തക്കാളിത്തോട്ടത്തിൽനിന്ന് സംവിധായകനാക്കിയത്.
ഏതൊക്കെയാണ് പുതിയ പ്രോജക്ടുകൾ?
പുതിയ ചിത്രത്തിെൻറ ലൊക്കേഷൻ നിർണയത്തിനായാണ് ദുബൈയിൽ എത്തിയത്. ചിത്രത്തിന് പേരിട്ടിട്ടില്ല. ലൊക്കേഷൻ ദുബൈ ആണെങ്കിലും പ്രവാസ ലോകവുമായി കഥക്ക് വലിയ ബന്ധമില്ല. വിദേശത്തെ ഒരു ഫ്ലാറ്റിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയാകുന്നത്. ഡിസംബറിൽ തുടങ്ങാമെന്ന് കരുതുന്നു. താരങ്ങൾ ആരൊക്കെയാണെന്ന് അന്തിമ തീരുമാനമായിട്ടില്ല. മുഖ്യധാരയിലെ ചില താരങ്ങളെയും പ്രതീക്ഷിക്കാം. എന്തും സ്വാഗതം ചെയ്യുന്ന നഗരമാണ് ദുബൈ. അതുകൊണ്ട് തന്നെ ചിത്രീകരണം വെല്ലുവിളിയാവില്ല. ഞാൻ തിരക്കഥയെഴുതിയ 'താമര'യും പാട്ടെഴുതിയ ചിത്രങ്ങളും പുറത്തിറങ്ങാനുണ്ട്. സിനിമയിലേക്ക് വൈകിയാണെത്തിയത്. ആഴത്തിലേക്ക് ഇറങ്ങാൻ കഴിഞ്ഞിട്ടില്ല.
തിയറ്റർ പോലും കിട്ടാത്ത ഈ സാഹചര്യത്തിൽ സിനിമയെടുക്കുന്നത് വെല്ലുവിളിയല്ലേ?
ഇപ്പോഴത്തെ സാഹചര്യത്തിൽ തിയറ്ററിന് രണ്ടാം സ്ഥാനമാണ്. ഒ.ടി.ടി പോലുള്ള പ്ലാറ്റ്ഫോം ലക്ഷ്യമിട്ടാണ് സിനിമ ചെയ്യേണ്ടത്. പുതിയ സിനിമ അത്തരത്തിൽ ഒന്നായിരിക്കും. വരാനിരിക്കുന്നത് ഒ.ടി.ടിയുടെ കാലമാണ്. ലോകത്തിെൻറ ഏത് ഭാഗത്തും സിനിമക്ക് സ്വീകാര്യത കിട്ടുമെന്നതാണ് ഇതിെൻറ പ്രത്യേകത. സബ് ടൈറ്റിലുണ്ടെങ്കിൽ ഏത് ഭാഷക്കാരനും ചിത്രം ആസ്വദിക്കാൻ കഴിയും. തിയറ്ററുകൾ തുറന്നാലും ചെറിയ ചിത്രങ്ങൾക്ക് ഇടംകിട്ടാൻ ക്യൂ നിൽക്കേണ്ടിവരും. ഒ.ടി.ടിയിൽ ആസ്വദിക്കാവുന്ന സാങ്കേതിക വിദ്യകളാണ് പുതിയ ചിത്രത്തിൽ പരീക്ഷിക്കാൻ ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.