ഷാർജയിൽ വനിതകൾക്കായി ആരോഗ്യ സംരക്ഷണ കേന്ദ്രം
text_fieldsഷാർജ: സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ഷാർജ ഹെൽത്ത് കെയർ സിറ്റിയിൽ ‘സണ്ണി വെൽനസ്’ കേന്ദ്രം ആരംഭിച്ചു. ഷാർജ ഹെൽത്ത് അതോറിറ്റി ആൻഡ് ഷാർജ ഹെൽത്ത് കെയർ സിറ്റി ചെയർമാൻ ഡോ. അബ്ദുൽ അസീസ് അൽ മുഹൈരി കേന്ദ്രം ഉദ്ഘാടനം ചെയ്തു.
ഷാർജ ജനറൽ ട്രേഡിനായുള്ള ഇക്കണോമിക് ഗ്രൂപ് ചെയർമാൻ ശൈഖ് മാജിദ് ബിൻ ഹമദ് അൽ ഖാസിമി, ഷാർജ ബിസിനസ് വുമൺ കൗൺസിൽ ചെയർപേഴ്സൻ ശൈഖ ഹിന്ദ് ബിൻത് മാജിത് അൽ ഖാസിമി, ഷാർജ ബിസിനസ് വുമൺ കൗൺസിൽ പ്രതിനിധികൾ, മറ്റു വനിത പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
മിഡിൽ ഈസ്റ്റിലും യു.എ.ഇയിലും ആദ്യമായാണ് ഇത്തരമൊരു കേന്ദ്രത്തിന് തുടക്കം കുറിക്കുന്നതെന്ന് അബ്ദുൽ അസീസ് അൽ മുഹൈരി പറഞ്ഞു. പ്രായഭേദമന്യേ സ്ത്രീകളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് കേന്ദ്രം പ്രവർത്തിക്കുക.
സ്ത്രീകളുടെ ആവശ്യം നിറവേറ്റാൻ കഴിയുന്ന രീതിയിലുള്ള നൂതനമായ സാഹചര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. നൂതനവും സമഗ്രവുമായ ആരോഗ്യ സേവനങ്ങൾ സ്ത്രീകൾക്ക് നൽകുന്നതിനുള്ള നഗരത്തിന്റെ പ്രതിബദ്ധതയാണ് പുതിയ കേന്ദ്രത്തിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങൾ നൽകുന്നതിനായി വിദഗ്ധരായ ഡോക്ടർമാരും അംഗീകൃത പരിശീലകരും അടങ്ങുന്ന പ്രത്യേക ടീമിനെയാണ് സണ്ണിവെൽനസ് കേന്ദ്രത്തിൽ സജ്ജമാക്കിയിട്ടുള്ളത്. ഫിറ്റ്നസ്, പ്രകൃതിചികിത്സ, പോഷകാഹാരം, സൗന്ദര്യ ചികിത്സകൾ, ഹെർബൽ ചികിത്സകൾ, വിശ്രമം തുടങ്ങിവ ഉൾപ്പെടെ സ്ത്രീകളുടെ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള വ്യത്യസ്തതരം പ്രോഗ്രാമുകളാണ് സണ്ണി വെൽനസ് കേന്ദ്രത്തിൽ വാഗ്ദാനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.