തൊഴിലാളികൾക്ക് ‘ഹെൽത്ത് കാർണിവൽ’
text_fieldsദുബൈ: ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) സാമൂഹിക വർഷാചരണ ഭാഗമായി തൊഴിലാളികൾക്കായി വിപുലമായ ‘ഹെൽത്ത് കാർണിവൽ’ സംഘടിപ്പിച്ചു. അൽ ഖൂസ് നാലിൽ നടന്ന പരിപാടിയിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. ദുബൈ എമിറേറ്റ്സിന്റെ ലേബർ വർക്ക് റെഗുലേഷൻ സെക്ടർ ഡയറക്ടർ കേണൽ ഉമർ അൽ മത്വർ മുസൈന, കോഓഡിനേറ്റർ മുഖദ്ദം ഖാലിദ് ഇസ്മാഈൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
തൊഴിലാളികളുടെ വിലപ്പെട്ട സംഭാവനകളെ ആദരിക്കാനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സാമൂഹിക ഐക്യം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ബോധവത്കരണ, ആരോഗ്യ, വിനോദ പരിപാടികൾ കാർണിവലിൽ ഒരുക്കിയിരുന്നു. തൊഴിലാളികൾക്ക് സൗജന്യമായി ഫുൾ ബോഡി പരിശോധന നടത്താനും അവസരമൊരുക്കി. സ്ത്രീ തൊഴിലാളികൾക്കായി സ്തനാർബുദ പരിശോധനയും നേത്ര പരിശോധനയും ഒരുക്കി. കായിക മത്സരങ്ങൾ, കലാപരിപാടികൾ, മാജിക് ഷോ എന്നിവയും അരങ്ങേറി.
കാർണിവലിലെ ശ്രദ്ധേയ പരിപാടിയായിരുന്നു ‘ഹാൻഡ്സ് ഓഫ് യൂനിറ്റി’ എന്ന സംരംഭം. ഇതുവഴി 25,000 കൈപ്പത്തി അടയാളങ്ങൾ ഉപയോഗിച്ച് യു.എ.ഇയുടെ ദേശീയ പതാക നിർമിച്ച് ഗിന്നസ് ലോക റെക്കോഡ് സ്ഥാപിക്കാനുള്ള ശ്രമവും നടന്നു. കാർണിവലിൽ പങ്കെടുത്ത തൊഴിലാളികൾക്കായി വിമാന ടിക്കറ്റുകൾ, ഇലക്ട്രിക് സ്കൂട്ടറുകൾ, സ്മാർട്ട് ഫോണുകൾ തുടങ്ങി നിരവധി വിലപ്പെട്ട സമ്മാനങ്ങളും നൽകി.
തൊഴിലാളികളുടെ പ്രയത്നത്തെ പരിപാടി ആദരിക്കുന്നുവെന്നും യു.എ.ഇയുടെ സഹാനുഭൂതിയുടെയും സഹിഷ്ണുതയുടെയും ഉന്നത മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്നും വർക്ക് റെഗുലേഷൻ സെക്ടർ ഡയറക്ടർ കേണൽ ഉമർ അൽ മത്വർ മുസൈന അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.