കേശവെൻറ വേര്‍പാടില്‍ മനംനൊന്ത് സുഹൃത്തുക്കൾ: കോവിഡിനെ കൂടുതൽ സൂക്ഷിക്കണമെന്ന് ആരോഗ്യപ്രവർത്തകർ
text_fieldsറാസല്‍ഖൈമ: മലപ്പുറം മൂക്കുതല സ്വദേശി കേശവെൻറ (67) വേര്‍പാട് മലയാളി സമൂഹത്തിന് നൊമ്പരമായി. കോവിഡുമായി ബന്ധപ്പെട്ട് കൂടുതൽ മുന്‍കരുതലുകളെടുക്കണമെന്ന മുന്നറിയിപ്പ് കൂടിയാണ് കേശവെൻറ മരണമെന്ന് റാസല്‍ഖൈമയിലെ മലയാളികൾ അഭിപ്രായപ്പെട്ടു. ദീര്‍ഘനാളത്തെ ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അല്‍ നഖീലില്‍ പച്ചക്കറി ബിസിനസ് നടത്തിവന്ന കേശവേട്ടെൻറ മരണം. പനിയിലായിരുന്നു തുടക്കം. ഒരാഴ്ച മുമ്പ് തുടങ്ങിയ പനി കുറയാത്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി അന്ത്യം സംഭവിക്കുകയായിരുന്നു. അരനൂറ്റാണ്ടിനടുത്ത പ്രവാസം അവസാനിപ്പിച്ച് പിറന്ന മണ്ണ് പിടിക്കണമെന്ന കേശവെൻറ മോഹമാണ് കോവിഡില്‍ പൊലിഞ്ഞത്.
ഏവരോടും സ്നേഹവായ്പുകളോടെയുള്ള സമീപനമായിരുന്നു കേശവേട്ടേൻറതെന്ന് അദ്ദേഹവുമായി വര്‍ഷങ്ങളുടെ പരിചയമുള്ള പ്രദീപ് അഭിപ്രായപ്പെട്ടു. ബിസിനസ് മക്കളെ ഏല്പിച്ച് നാടണയാന്‍ തീരുമാനമെടുത്തിരുന്നതായി സൗഹൃദം പുലര്‍ത്തിയിരുന്ന സദാനന്ദന് പറഞ്ഞു. വേര്‍പാടില്‍ റാസല്‍ഖൈമയിലെ പൊതുപ്രവര്‍ത്തകരും റാക് ഇന്ത്യന്‍ അസോസിയേഷന്, ഇന്ത്യന്‍ റിലീഫ് കമ്മിറ്റി, കേരള സമാജം തുടങ്ങി വിവിധ കൂട്ടായ്മകളും അനുശോചിച്ചു.
അതേസമയം, ആരോഗ്യമന്ത്രാലയത്തിെൻറ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിലൂടെ മാത്രമേ കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയൂവെന്ന് അസോസിയേഷന് ഓഫ് കേരള മെഡിക്കല്‍ ആൻഡ് ഡെൻറല്‍ ഗ്രാജ്വേറ്റ്സ് (എ.കെ.എം.ജി) യു.എ.ഇ പ്രസിഡൻറ് ഡോ. ജോര്‍ജ് ജേക്കബ് അഭിപ്രായപ്പെട്ടു. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായാൽ വിദഗ്ധരെ കണ്ട് ചികിത്സ തേടണം. പനി, കടുത്ത ശരീരവേദന, വരണ്ട ചുമ, ശ്വാസതടസ്സം തുടങ്ങിയവ അനുഭവപ്പെടുന്നവര്‍ കോവിഡ് നിര്‍ണയ പരിശോധനക്ക് വിധേയമാകണം.
റിസൽട്ട് ലഭിക്കുന്നതുവരെ ക്വാറൻറീനില്‍ കഴിയാന്‍ ക്ഷമ കാണിക്കണം. കഴിയുന്നവര്‍ വീടിനകത്തും മാസ്ക് ധരിക്കണം. ശുചിമുറികള്‍ പ്രത്യേകം ഉപയോഗിക്കുക. പ്രായമുള്ളവര്‍ക്ക് പ്രത്യേക പരിചരണം ഒരുക്കുക തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധ പുലര്‍ത്തണമെന്നും ജോര്‍ജ് ജേക്കബ് തുടര്‍ന്നു.
കോവിഡിെൻറ പശ്ചാത്തലത്തില്‍ സര്‍ക്കാറിെൻറ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ അമാന്തം അരുതെന്ന് റാക് ഇന്ത്യന്‍ അസോസിയേഷന് പ്രസിഡൻറ് എസ്.എ. സലീം അഭിപ്രായപ്പെട്ടു. ലോക്ഡൗണ്‍ ഇല്ലെങ്കിലും നാം ഓരോരുത്തരും സ്വയം സൂക്ഷിക്കുന്നതിലൂടെ മാത്രമേ മഹാമാരിയെ തുരത്താന്‍ കഴിയൂ. ഭക്ഷണത്തിനും മരുന്നിനും ബുദ്ധിമുട്ടുന്ന അര്‍ഹരായവര്‍ക്ക് അസോസിയേഷനുമായി ബന്ധപ്പെടാമെന്നും പരിഹാരത്തിന് ശ്രമിക്കുമെന്നും സലീം വ്യക്തമാക്കി.
കോവിഡ് സാഹചര്യം പല സ്ഥാപനങ്ങളിലും ശമ്പളം മുടങ്ങുന്നതിനിടയാക്കിയിട്ടുണ്ടെന്ന് റാക് കേരളസമാജം പ്രസിഡൻറ് നാസര്‍ അല്‍മഹ പറഞ്ഞു. രോഗത്തിനൊപ്പം സാമ്പത്തിക പ്രയാസവും മലയാളികള്‍ക്കിടയില്‍ ആശങ്കയുളവാക്കുന്നതാണ്. പ്രശ്നങ്ങള്‍ നേരിടുന്നവര്‍ സുഹൃത്തുക്കളോടും മറ്റും മനസ്സ് തുറക്കുന്നതിലൂടെ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കഴിയുമെന്നും നാസര്‍ പറഞ്ഞു.
കോവിഡുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടത്തില്‍ മലയാളികള്‍ പുലര്‍ത്തിയിരുന്ന ജാഗ്രത അതിസൂക്ഷ്മമായി തുടരേണ്ടതുണ്ടെന്ന് ആംബുലന്‍സ് വിഭാഗം ജീവനക്കാരനും കെ.എം.സി.സി വൈസ് പ്രസിഡൻറുമായ അറഫാത്ത് അണങ്കൂര്‍ അഭിപ്രായപ്പെട്ടു. ഒരുമിച്ചുകഴിഞ്ഞിരുന്ന പല കുടുംബങ്ങളും ചെറിയ മക്കളും പരസ്പരം കാണാതെ കഴിയേണ്ടിവരുന്ന അവസ്ഥ ഏറെ വിഷമകരമാണ്. യു.എ.ഇ അധികൃതര്‍ ഏറെ കരുതലോടെയാണ് രോഗികളെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.