നിയമലംഘനം: ഷാർജയിൽ രണ്ട് കിച്ചണുകൾ അടച്ചുപൂട്ടി
text_fieldsഷാർജ: ആരോഗ്യ സുരക്ഷ നിർദേശങ്ങളിൽ വീഴ്ചവരുത്തിയ രണ്ട് പബ്ലിക് കിച്ചണുകൾ ഷാർജ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. പരിശോധനയിൽ ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ദോഷകരമാവുന്ന നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
റമദാൻ ആരംഭത്തിന് മുന്നോടിയായി എമിറേറ്റിലെ വിവിധ ഭക്ഷ്യസ്ഥാപനങ്ങളിലായി 5,500 പരിശോധനകൾ നടത്തിയിരുന്നതായും ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. റമദാനിലും പരിശോധനകൾ തുടരുകയാണ്.
റമദാൻ ആരംഭത്തിന് മുമ്പുതന്നെ ഭക്ഷ്യ ഔട്ട്ലറ്റുകളെ കർശന നിരീക്ഷണത്തിന് വിധേയമാക്കുമെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പു നൽകിയിരുന്നു. കൂടാതെ പകൽ സമയങ്ങളിൽ ഷോപ്പിങ് മാളുകൾ ഉൾപ്പെടെ ഭക്ഷണം തയാറാക്കുന്നതിനും വിൽപന നടത്തുന്നതിനും ആവശ്യമായ പെർമിറ്റ് നേടുന്നതിനായുള്ള നടപടികളും അധികൃതർ ആരംഭിച്ചിരുന്നു.
റമദാനിൽ അർധരാത്രിയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രത്യേക പെർമിറ്റിന് അപേക്ഷിക്കണമെന്നും അധികൃതർ അഭ്യർഥിച്ചിരുന്നു. ഈ പെർമിറ്റിന് കീഴിൽ നിർമാണ കരാർ കമ്പനികൾക്ക് അർധരാത്രിക്കുശേഷം ഭക്ഷണം തയാറാക്കാൻ അനുമതിയില്ല.
വൃത്തിയിലും സുരക്ഷിതമായും ഭക്ഷണം പാകം ചെയ്യുന്നതിന് എല്ലാ ബിസിനസ് സ്ഥാപനങ്ങൾക്കും മുനിസിപ്പാലിറ്റി ഭക്ഷ്യ സുരക്ഷ പ്രോഗ്രാമും ആരംഭിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.