യു.എ.ഇയിൽ സന്ദർശക വിസക്കാർക്ക് ആരോഗ്യ ഇൻഷുറൻസ്
text_fieldsദുബൈ: സന്ദർശക വിസയോടൊപ്പം ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ കൂടി ലഭ്യമാക്കുന്ന പദ്ധതി പ്രഖ്യാപിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി). ഐ.സി.പിയുടെ വെബ്സൈറ്റ് അല്ലെങ്കിൽ ആപ്ലിക്കേഷൻ വഴി സന്ദർശക വിസക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ കൂടി ലഭ്യമാവുന്ന തരത്തിലുള്ള പദ്ധതിയാണ് നടപ്പിലാക്കുകയെന്ന് ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖലീൽ പറഞ്ഞു.
അടിയന്തര ഘട്ടങ്ങളിൽ സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രമുഖ ഇൻഷുറൻസ് കമ്പനികളിൽ നിന്നുള്ള ഇൻഷുറൻസ് പാക്കേജുകൾ വെബ്സൈറ്റിൽ ഉൾപ്പെടുത്തും.
ഇതുവഴി അപേക്ഷകർക്ക് യോജിച്ച തരത്തിലുള്ള ഇൻഷുറൻസ് സ്കീമിൽ പങ്കാളികളാകാം. നിലവിൽ സന്ദർശക വിസ ലഭിച്ച ശേഷം അംഗീകൃത സ്വകാര്യ ഇൻഷുറൻസ് സേവന ദാതാക്കളിൽ നിന്നുള്ള ഇൻഷുറൻസ് എടുത്ത രേഖ ഇമിഗ്രേഷൻ ക്ലിയറൻസ് സമയത്ത് ഹാജരാക്കിയാൽ മതി.
എന്നാൽ, ഇനി മുതൽ ഐ.സി.പിയുടെ വെബ്സൈറ്റിൽ വിസക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ ഔദ്യോഗികമായി ഇൻഷുറൻസ് സർട്ടിഫിക്കറ്റ് കൂടി ലഭ്യമാവുമെന്നാണ് ഈ മേഖലയിൽ നിന്നുള്ളവർ നൽകുന്ന സൂചന. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. പദ്ധതി എന്ന് മുതലാണ് പ്രാബല്യത്തിൽ വരുകയെന്നതും വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.