ആരോഗ്യം വീണ്ടെടുത്ത് സുൽത്താൻ അൽ നിയാദി
text_fieldsദുബൈ: ബഹിരാകാശ ദൗത്യം കഴിഞ്ഞ് തിരിച്ചെത്തിയ സുൽത്താൻ അൽ നിയാദി ആരോഗ്യം വീണ്ടെടുത്തു. ഭൂമിയിലെത്തിയശേഷം ആദ്യമായി സാമൂഹിക മാധ്യമങ്ങളിലൂടെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ബഹിരാകാശത്തുനിന്ന് തിരിച്ചെത്തിയശേഷം യു.എസിലെ ഹൂസ്റ്റണിൽ നിലവിൽ ആരോഗ്യ പരിചരണത്തിലാണ് നിലവിൽ അൽ നിയാദി. പിന്തുണയും സഹായവുമായി കൂടെനിന്നവർക്ക് നന്ദിയറിയിക്കുന്നതായും അദ്ദേഹം എക്സിൽ(പഴയ ട്വിറ്റർ) കുറിച്ചു. ബഹിരാകാശത്തേക്ക് പോയി മടങ്ങിയെത്തിയിരിക്കുന്നു. ഇപ്പോഴിത് കുറിക്കുന്നത് പാദങ്ങളിൽ ഗുരുത്വാകർഷണവും നിങ്ങളെല്ലാവരും നൽകിയ സ്നേഹത്താൽ ഹൃദയത്തിന് ലഭിച്ച ആശ്വാസവും ആസ്വദിച്ചുകൊണ്ടാണ്. എന്‍റെ യാത്രക്കൊപ്പം കൂടെയുണ്ടായിരുന്ന എല്ലാവർക്കും നന്ദിയറിയിക്കുന്നു. സുഹൃത്തുക്കളെ, ഞാനിപ്പോൾ പൂർണ ആരോഗ്യവാനാണ് വൈകാതെ നിങ്ങളെ കണ്ടുമുട്ടാമെന്ന് കരുതുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
അറബ് ലോകത്തെ ആദ്യ ദീർഘദൂര ബഹിരാകാശ ദൗത്യം പൂർത്തിയാക്കി തിങ്കളാഴ്ച ഭൂമിയിൽ വന്നിറങ്ങിയ അൽ നിയാദി 14 ദിവസം ഹൂസ്റ്റണിൽ തന്നെ കഴിയും. പിന്നീട് ഒരാഴ്ചയോളം മാതൃരാജ്യത്ത് ചെലവഴിക്കാനായി എത്തിച്ചേരുമെന്നാണ് അറിയിച്ചിട്ടുള്ളത്. പിന്നീട് ശാസ്ത്ര പരീക്ഷണങ്ങൾ തുടരുന്നതിന് ഹൂസ്റ്റണിലേക്ക് തന്നെ മടങ്ങുകയും ചെയ്യും. അതിനിടെ, തിരിച്ചെത്തുന്ന രാജ്യത്തിന്‍റെ അദ്ദേഹത്തിന് സമുചിതമായ സ്വീകരണം ഒരുക്കുന്നതിന് അണിയറയിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നുണ്ട്. നേരത്തേ ഹസ്സ അൽ മൻസൂരിക്ക് നൽകിയതിന് സമാനമായ രീതിയിൽ ഗംഭീര സ്വീകരണ ചടങ്ങുകളാണ് ഒരുക്കുക. രാഷ്ട്രനേതാക്കളെ സന്ദർശിക്കൽ, ദൗത്യ വിജയാഘോഷം, പൊതുജനങ്ങളുമായുള്ള സംവാദം, ജന്മനാടായ അൽ ഐനിൽ പ്രത്യേക സ്വീകരണം എന്നിവ സംഘടിപ്പിക്കും. അൽ നിയാദിക്ക് ആശംസകൾ അറിയിക്കുന്നതിന് അബൂദബി അടക്കം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ അലങ്കാര വിളക്കുകളും മറ്റും സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.