ആരോഗ്യമേഖലയിൽ നിർണായക പദ്ധതിയുമായി ഷാർജ
text_fieldsഷാർജ: യു.എ.ഇയുടെ ആതുരസേവന രംഗത്തിനു ഉണർവേകുന്ന നിർണായക പ്രഖ്യാപനവുമായി ഷാർജ ഇൻവെസ്റ്റ്മെൻറ് ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി (ശുറൂഖ്). സൗത്ത് കൊറിയയുടെ ആരോഗ്യ മേഖലയിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ഹൈവോൻ മെഡിക്കൽ ഫൗണ്ടേഷൻ സീജോങ് ജനറൽ ആശുപത്രി, ആർ.ഇ.ഐ ഹോൾഡിങ് ഗ്രൂപ് എന്നിവരുമായി ചേർന്നാണ് പുതിയ പദ്ധതി.
ഇത് സംബന്ധിച്ച ധാരണ പത്രത്തിൽ ശുറൂഖ് ഒപ്പുവെച്ചു. സൗത്ത് കൊറിയയുടെ തലസ്ഥാനമായ സോളിൽ വെച്ച് നടന്ന ചടങ്ങിൽ ശുറൂഖ് ചെയർമാൻ മർവാൻ ജാസ്സിം അൽ സർക്കാൽ, ആർ.ഇ.ഐ ഹോൾഡിങ് ഗ്രൂപ് മേധാവി സൂൻ ബോങ് ഹോങ്, ഹൈവോൻ മെഡിക്കൽ ഫൗണ്ടേഷൻ ചെയർമാൻ ജിൻസിൻ പാർക്ക് എന്നിവർ പങ്കെടുത്തു.
ഷാർജയുടെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന് ആവേശം പകരുന്നതാണു ആരോഗ്യമേഖലയിലെ ഇത്തരം പങ്കാളിത്തമെന്നും ആതുരസേവന രംഗത്തെ മികവിനോടൊപ്പം മെഡിക്കൽ ടൂറിസം മേഖലയിലെ പുത്തനധ്യായമായി മാറുമെന്നും - ശുറൂഖ് ചെയർമാൻ മർവാൻ ജാസിം അൽ സർക്കാൽ പറഞ്ഞു. വൈദ്യശാസ്ത്രത്തിൽ ലഭ്യമായ ഏറ്റവും മികച്ച സൗകര്യങ്ങളാവും ഷാർജയിലെ ഈ കൊറിയൻ ആശുപത്രിയിൽ ഒരുങ്ങുകയെന്നു ഹൈവോൻ മെഡിക്കൽ ഫൗണ്ടേഷൻ മേധാവി ജിൻസിൻ പാർക്ക് പറഞ്ഞു.
ഹൃദ്രോഗ പരിചരണത്തിനു പ്രത്യേക ഊന്നൽ നൽകി കൊണ്ടായിരിക്കും ആശുപത്രിയുടെ പ്രവർത്തനം. കാൻസർ, ഹൃദയസംബന്ധിയായ അസുഖങ്ങൾ, ട്രാൻസ്‌പ്ലാന്റ് തുടങ്ങി വിവിധ ചികിത്സകൾ തേടി വർഷം തോറും നിരവധി പേരാണ് യു.എ.ഇയിൽ നിന്നും സമീപ രാജ്യങ്ങളിൽ നിന്നും സൗത്ത് കൊറിയയിലേക്ക് എത്തുന്നത്. ഡോക്ടർമാർ. നഴ്സിംഗ്, സപ്പോർട്ട് സ്റ്റാഫ് തുടങ്ങി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കും ഏറെ ഗുണകരമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.