കൂറ്റൻ പൂക്കളമൊരുക്കി ആരോഗ്യപ്രവർത്തകർ
text_fieldsഅബൂദബി: സുസ്ഥിരതയും സാംസ്കാരിക വൈവിധ്യവും ഒത്തുചേര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരുടെ വ്യത്യസ്തമാര്‍ന്ന ഓണാഘോഷം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്യുന്ന രണ്ടായിരത്തോളം ആരോഗ്യ പ്രവര്‍ത്തകരാണ് അബൂദബി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ സംഗമിച്ചത്.
കൊയ്ത്തുത്സവം ആഘോഷിക്കാന്‍ സുസ്ഥിരതയുടെ സന്ദേശം മുന്നോട്ടുവെക്കുകയെന്ന ആശയം ഏറ്റെടുത്ത ഇവര്‍ യു.എ.ഇയുടെ സുസ്ഥിരത വര്‍ഷാചരണവും ഈ വര്‍ഷം രാജ്യം ആതിഥ്യമരുളുന്ന കോപ്-28 കാലാവസ്ഥ ഉച്ചകോടിയും കേന്ദ്രമാക്കിയാണ് ആഘോഷത്തിന് പ്രമേയമൊരുക്കിയത്. ഐക്യരാഷ്ട്ര സഭയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ വിടര്‍ന്ന 250 ചതുരശ്ര മീറ്റര്‍ പൂക്കളം ഓണാഘോഷവേദിയില്‍ ഒരുങ്ങി. ദാരിദ്ര്യം, പട്ടിണി നിര്‍മാര്‍ജനം, കാലാവസ്ഥ പദ്ധതികള്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ പൂക്കളത്തില്‍ തെളിഞ്ഞു.
വിവിധ എമിറേറ്റുകളിലെ ആശുപത്രികളില്നിന്നെത്തിയ ആയിരത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ 15 മണിക്കൂറെടുത്താണ് പൂക്കളം തയാറാക്കിയത്.
ആഗോളതലത്തില്‍ നേരിടുന്ന കാലാവസ്ഥ വെല്ലുവിളികളെക്കുറിച്ചും അവയെ നേരിടാനുള്ള കൂട്ടുത്തരവാദിത്തത്തെക്കുറിച്ചുമുള്ള ദൃശ്യാത്മക ഓര്‍മപ്പെടുത്തലായി കൂറ്റന്‍ പൂക്കളം. വിവിധ ഓണക്കളികള്‍, കേരള കലാരൂപങ്ങള്‍ എന്നിവക്കൊപ്പം തനത് നൃത്ത സംഗീതാവതരണങ്ങളും ആഘോഷത്തിന് മിഴിവേകി. മുപ്പതിലേറെ രാജ്യങ്ങളില്‍നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് കലാ അവതരണങ്ങളിലും പൂക്കളമൊരുക്കാനും പങ്കെടുത്തത്. ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. അറബ് പാര്‍ലമെന്റ് ഡെപ്യൂട്ടി പ്രസിഡന്റും യു.എ.ഇ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍, ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ ഓഫ് ടോളറന്‍സ് അംഗവുമായ മുഹമ്മദ് അഹമ്മദ് അല്‍ യമാഹി, ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ അംഗം നെയ്മ അല്‍ ഷര്‍ഹാന്‍ എന്നിവരുള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു. ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം അവരുടെ കുടുംബാംഗങ്ങള്‍, രോഗികള്‍, ബുര്‍ജീല്‍ ഹോള്‍ഡിങ്സ് മാനേജ്മെന്റ് പ്രതിനിധികള്‍ എന്നിവരും ഓണാഘോഷത്തില്‍ പങ്കെടുത്തു. ആഘോഷങ്ങള്‍ സുസ്ഥിരതക്കുവേണ്ടിയുള്ള ഓർമപ്പെടുത്തല്‍ ആകുന്നതിലൂടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുങ്ങുമെന്ന് ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ സഫീര്‍ അഹമ്മദ് പറഞ്ഞു. പരമ്പരാഗത ഓണസദ്യയോടെയും ഓണക്കളികളോടെയുമാണ് ആഘോഷങ്ങള്‍ അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.