ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം; മുന്നറിയിപ്പ് ഉപകരണം നിര്‍മിച്ച് വിദ്യാര്‍ഥിനികള്‍
text_fieldsഅജ്മാന്‍: ഹൃദയസംബന്ധമായ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് സുരക്ഷിതമായ ഡ്രൈവിങ് സൗകര്യം ഒരുക്കുന്നതിന് ഉപകരണം നിര്‍മിച്ച് വിദ്യാര്‍ഥിനികള്‍. അജ്മാൻ യൂനിവേഴ്സിറ്റിയിലെ മൂന്ന് വിദ്യാർഥിനികളാണ് ശ്രദ്ധേയ കണ്ടുപിടിത്തം നടത്തിയത്. ഹൃദയസംബന്ധമായ അസുഖമുള്ളവര്‍ വാഹനമോടിക്കുന്ന സമയത്ത് അവരുടെ ഹൃദയമിടിപ്പ് അളക്കാനും ട്രാക്കുചെയ്യാനും ഈ ഉപകരണത്തിന് കഴിയും.
വാഹനമോടിക്കുന്നയാളുടെ ഹൃദയമിടിപ്പില്‍ അസ്വാഭാവികത അനുഭവപ്പെട്ടാല്‍ ഉപകരണം ഡ്രൈവർക്ക് വാചക സന്ദേശം നല്‍കും. എന്നിട്ടും നിയന്ത്രണവിധേയമാകാത്തപക്ഷം ഉപകരണം സെൻട്രൽ ഓപറേഷൻ റൂമിലേക്കും ആംബുലൻസിലേക്കും സന്ദേശം കൈമാറും. സ്റ്റിയറിങ് വീലിനു പിന്നിൽ സ്ഥാപിക്കുന്ന ചെറിയ പെട്ടിയാണ് ഈ ഉപകരണം. സ്റ്റിയറിങ്ങിെൻറ മുൻവശത്ത് സ്ഥാപിച്ചിട്ടുള്ള സ്‌ക്രീനിലേക്ക് ഇത് ബന്ധിപ്പിച്ചിരിക്കും. വാഹനം ഓടിക്കാന്‍ ആരംഭിക്കുമ്പോൾ സ്റ്റിയറിങ് വീലിൽ കൈവെച്ചയുടൻ ഉപകരണം ഡ്രൈവറുടെ ഹൃദയമിടിപ്പ് അളക്കാൻ തുടങ്ങും. ഡ്രൈവറുടെ ഹൃദയമിടിപ്പ് സാധാരണ ശ്രേണിയെക്കാൾ കൂടുതലോ കുറവോ ആണെങ്കിൽ ഉപകരണം മുൻ സ്‌ക്രീനിലേക്ക് മുന്നറിയിപ്പ് അലേർട്ടുകൾ അയക്കുമെന്ന് വിദ്യാര്‍ഥിനികള്‍ വിശദീകരിച്ചു.ഈ മുന്നറിയിപ്പുകൾക്ക് അനുസൃതമായി ഡ്രൈവർ വേഗത കുറയ്ക്കണമെന്നും വാഹനം തെരുവിെൻറ വശത്ത് നിർത്തി ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും അവർ നിര്‍ദേശിച്ചു. ഡ്രൈവറുടെ ആരോഗ്യസ്ഥിതി നിയന്ത്രണാതീതമാണെങ്കിൽ അയാൾക്ക് ഡ്രൈവിങ് നിയന്ത്രിക്കാൻ കഴിയില്ല എന്ന് തിരിച്ചറിയുന്നതിെൻറ അടിസ്ഥാനത്തില്‍ ഉപകരണം കാറിന് പുറത്ത് വലിയ ബീപ്പ് ശബ്ദം പുറപ്പെടുവിക്കും.
മറ്റു വാഹനങ്ങളുടെ ഡ്രൈവർമാരിൽനിന്നോ അല്ലെങ്കിൽ പ്രദേശത്തുള്ള ആളുകളിൽനിന്നോ സഹായം അഭ്യർഥിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ ശബ്ദം പുറപ്പെടുവിക്കുന്നത്. ഇതേസമയം ഉപകരണം ആംബുലൻസിനായി സെൻട്രൽ ഓപറേഷൻസ് റൂമിലേക്ക് ഒരു സന്ദേശവും അയക്കും. അത്യാഹിതം അനുഭവിക്കുന്ന വ്യക്തിക്ക് ആംബുലന്‍സ് സേവനം ആവശ്യമാണെന്നും അദ്ദേഹം നിലവില്‍ എവിടെയാണ് ഉള്ളത് എന്നുമുള്ള ലൊക്കേഷന്‍ മാപ്പ് അടക്കമുള്ള വിവരങ്ങളായിരിക്കും ആ സന്ദേശത്തിലൂടെ സെൻട്രൽ ഓപറേഷൻസ് റൂമിൽ ലഭിക്കുക. ഇവ ലഭിക്കുന്ന മുറക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗിക്ക് ആവശ്യമായ ചികിത്സ അടിയന്തിരമായി ലഭ്യമാക്കാന്‍ കഴിയും. വാഹനങ്ങൾ ഓടിക്കുമ്പോൾ ശാരീരികവും മാനസികവുമായ സമ്മർദം നേരിടുന്ന മറ്റുള്ളവർക്കും ഇത് ഉപയോഗിക്കാമെന്നും വിദ്യാർഥിനികളായ മറിയം റിദ, സമ മുഹമ്മദ്, സാറാ റാക്കൻ എന്നിവര്‍ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.