ചൂട് കനക്കുന്നു; 15 മുതൽ ഉച്ചസമയം പുറംജോലിക്ക് വിലക്ക്
text_fieldsദുബൈ: രാജ്യത്ത് ചൂട് കനക്കുന്ന സാഹചര്യത്തിൽ ഈ മാസം 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചസമയത്ത് തൊഴിലാളികൾക്ക് പുറംജോലികൾക്ക് വിലക്ക് ഏർപ്പെടുത്തി. ഉച്ചക്ക് 12.30 മുതൽ മൂന്നുവരെയാണ് വിശ്രമം. വെയിലിൽ ജോലിചെയ്യുന്ന പ്രൊജക്ട്, കൺസ്ട്രക്ഷൻ സൈറ്റുകളിലെ തൊഴിലാളികൾക്കാണ് ഇത് ഏറെ ഉപകരിക്കുക.
എല്ലാ വർഷവും ചൂട് വർധിക്കുമ്പോൾ തൊഴിലാളികളുടെ സുരക്ഷ പരിഗണിച്ച് നിയന്ത്രണം ഏർപ്പെടുത്താറുണ്ട്. തുടർച്ചയായി 18ാമത്തെ വർഷമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം വക്താവ് മുഹ്സിൻ അൽനാസി പ്രസ്താവനയിൽ പറഞ്ഞു. പദ്ധതി നടപ്പാക്കിയശേഷം ചൂട് കാരണമുണ്ടാകുന്ന അപകടങ്ങളും ഹീറ്റ് സ്ട്രോക്കും വലിയരീതിയിൽ കുറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. വർഷങ്ങളായി മധ്യാഹ്ന ഇടവേള നടപ്പാക്കുന്നതിൽ സ്വകാര്യമേഖല കമ്പനികൾ മികച്ച പങ്കും പിന്തുണയും നൽകുന്നതായി അൽ നാസി പ്രശംസിച്ചു.
നിയമം ലംഘിച്ച് തൊഴിലാളികളെ ഉച്ചസമയത്ത് ജോലിചെയ്യിക്കുന്ന സ്ഥാപനങ്ങളിൽനിന്ന് ഓരോ ജീവനക്കാരനും 5,000 ദിർഹം എന്ന രൂപത്തിൽ പിഴ ചുമത്തും. ഇത്തരത്തിൽ പരമാവധി 50,000 ദിർഹം വരെ പിഴ ചുമത്താൻ അധികൃതർക്ക് കഴിയും. തൊഴിൽവിലക്ക് നിയമം പാലിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് തൊഴിലാളികളെയും തൊഴിലുടമകളെയും ബോധവത്കരിക്കാൻ വിവിധ പരിപാടികളും രാജ്യത്തുടനീളം നടപ്പാക്കുന്നുണ്ട്. 600590000 നമ്പറിലും മന്ത്രാലയത്തിന്‍റെ ആപ്പ് വഴിയും പൊതുസമൂഹത്തിന് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ സൗകര്യമുണ്ട്. തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ വിവിധ ഭാഷകളിൽ പരാതി അറിയിക്കാൻ ഇതിൽ സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.