ചൂടേറുന്നു; താപനില 50 ഡിഗ്രിയിലേക്ക്
text_fieldsദുബൈ: രാജ്യത്താകമാനം വേനൽ കനക്കുന്നതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ചയോടെ രാജ്യത്ത് കനത്ത ചൂട് ആരംഭിച്ചതായാണ് അധികൃതർ വെളിപ്പെടുത്തിയ താപനില കണക്കുകൾ വ്യക്തമാക്കുന്നത്. അൽഐനിലെ റൗദയിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. താപനില 49.2 ഡിഗ്രിയാണ് വെള്ളിയാഴ്ച ഉച്ചക്ക് രേഖപ്പെടുത്തിയത്. ഇതേസമയത്ത് രാജ്യത്തെ മറ്റു ഭാഗങ്ങളിൽ 45 ഡിഗ്രി മുതൽ 48 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തിയിട്ടുമുണ്ട്. ശനിയാഴ്ചയും ശക്തമായ ചൂടാണ് രേഖപ്പെടുത്തിയത്. വരുംദിവസങ്ങളിൽ 50 ശതമാനത്തിന് മുകളിൽ താപനിലയെത്തുമെന്നും വിദഗ്ധർ പ്രവചിക്കുന്നുണ്ട്. ഞായറാഴ്ച രാവിലെയും രാത്രിയിലും ഈർപ്പം വർധിക്കുമെന്നും ചില തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
വേനൽ ശക്തമായ സാഹചര്യത്തിൽ നന്നായി വെള്ളം കുടിക്കണമെന്നും കനത്ത വെയിലിൽ കൂടുതൽ സമയം നിൽക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. സാധാരണ വേനലില്‍ കണ്ടുവരുന്ന മൂത്രാശയ രോഗങ്ങള്‍, നിര്‍ജലീകരണം തുടങ്ങിയവ ഒരു പരിധിവരെ നന്നായി വെള്ളം കുടിക്കുന്നതിലൂടെ ഒഴിവാക്കാനാകും. വേനലില്‍ ശരാശരി രണ്ടു ലിറ്റര്‍ മുതല്‍ മൂന്നു ലിറ്റര്‍ വരെ വെള്ളം ഒരു ദിവസം കുടിക്കണമെന്നാണ് നിർദേശിക്കപ്പെടാറുള്ളത്.
രാജ്യത്ത് ചൂട് കനത്തു തുടങ്ങിയതോടെ ഈ മാസം 15 മുതൽ സെപ്റ്റംബർ 15വരെ തൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിച്ചിട്ടുണ്ട്. ഉച്ച 12 മുതൽ വൈകീട്ട് മൂന്നുവരെയാണ് പുറം ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കാൻ മാനവവിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്. 20 വർഷമായി തുടർച്ചയായി വേനൽക്കാലത്ത് രാജ്യം നിയമം നടപ്പിലാക്കുന്നുണ്ട്. തൊഴിലിടങ്ങളിലെ അപകടങ്ങളിൽ നിന്നും പരിക്കുകളിൽ നിന്നും തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നത് ലക്ഷ്യം വെച്ചാണ് നിയമം നടപ്പിലാക്കുന്നത്. ഉച്ച വിശ്രമ നേരങ്ങളിൽ തൊഴിലാളികൾക്ക് തണലുള്ളതും തണുപ്പുള്ളതുമായ സ്ഥലം ഒരുക്കി നൽകേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണ്. ഇതിലൂടെ ദിവസത്തിലെ ഏറ്റവും ചൂടുകൂടിയ നേരങ്ങളിൽ ജീവനക്കാരുടെ ആരോഗ്യം സുരക്ഷിതമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.