അഗ്നി സുരക്ഷാ ലംഘനത്തിന് കനത്ത പിഴ
text_fieldsഅബൂദബി: അഗ്നി സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നിയമലംഘനങ്ങള്‍ക്ക് കടുത്ത പിഴ ശിക്ഷയുമായി അധികൃതര്‍. രാജ്യത്തെ എല്ലാ കെട്ടിടങ്ങള്‍ക്കും അപായസൈറൺ അടക്കം എല്ലാ അഗ്നിശമന ഉപകരണങ്ങളും നിര്‍ബന്ധമാണെന്ന് സിവില്‍ ഡിഫന്‍സ് നോട്ടീസില്‍ അറിയിച്ചു. ഉപകരണങ്ങള്‍ സജ്ജമാക്കുന്നതിന് പുറമെ അവ എളുപ്പം ലഭ്യമായിരിക്കണമെന്നും അധികൃതർ നിര്‍ദേശിച്ചു. അഗ്നിശമന ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് കെട്ടിടത്തില്‍ തടസ്സങ്ങളുണ്ടെങ്കില്‍ അത് കടുത്ത നിയമലംഘനമാണ്. 2000 ദിര്‍ഹമാണ് ഇത്തരം നിയമലംഘനങ്ങള്‍ക്ക് പിഴ.
വിവിധ വകുപ്പുകളുമായി സഹകരിച്ച് അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി നടത്തിയ സര്‍വേയില്‍ നിരവധി കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും പലവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. പാചകവാതക സംഭരണികളുടെ പരിസരങ്ങളിലെ ശുചിത്വമില്ലായ്മ, സിവില്‍ ഡിഫന്‍സിന്റെ അനുമതിയില്ലാതെ മുറികളിലും അടുക്കളകളിലും മേല്‍ക്കൂരകളിലും നടത്തുന്ന കൂട്ടിച്ചേര്‍ക്കലുകള്‍, അടിയന്തര രക്ഷാമാര്‍ഗങ്ങള്‍ അടച്ച് ഇടനാഴികളില്‍ ഉള്‍പ്പെടെ സാധനസാമഗ്രികള്‍ സൂക്ഷിക്കല്‍ തുടങ്ങി സുരക്ഷയെ ബാധിക്കുന്ന നിരവധി ലംഘനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി.
അനുമതിയില്ലാതെ കെട്ടിടത്തില്‍ രൂപമാറ്റം വരുത്തി കൂടുതല്‍ ആളുകളെ താമസിപ്പിക്കുന്നത് പത്ത് ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കുന്ന കുറ്റമാണ്. സ്വദേശികളുടെ പേരിലുള്ള വില്ലകള്‍ എടുത്ത് അനുമതിയില്ലാതെ വിഭജിച്ചും കൂട്ടിച്ചേര്‍ത്തും നിരവധി പേരാണ് വാടകക്ക് നല്‍കുന്നത്. ഇതിനായി റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകളും സജീവമാണ്. കുടുംബ താമസകേന്ദ്രങ്ങളില്‍ അവിവാഹിതർ താമസിക്കുന്നതും കെട്ടിടത്തിന്റെ ശേഷിയേക്കാള്‍ കൂടുതല്‍ പേര് താമസിക്കുന്നതും കുറ്റകരമാണ്.
കൂടുതല്‍ പേര് ഒരിടത്ത് താമസിക്കുന്നതില്‍ സുരക്ഷാ പ്രശ്നവും അധികൃതര്‍ ഉയര്‍ത്തുന്നുണ്ട്. വൈദ്യുതി, പാചകവാതകം തുടങ്ങിയവ കൂടുതൽ പേര് ഉപയോഗിക്കുന്നത് അഗ്നിബാധക്ക് ഇടയാക്കും. എമിറേറ്റിലെ വലിയ കെട്ടിടങ്ങളിലെ തീപിടിത്തം അണക്കാന്‍ അത്യാധുനിക ഡ്രോണുകള്‍ അബൂദബി സിവില്‍ ഡിഫന്‍സിനായി തയാറാക്കിയിരുന്നു. 800 മീറ്റര്‍ വരെ ഉയരമുള്ള കെട്ടിടങ്ങളിലെ അഗ്നിബാധ അണക്കാന്‍ രണ്ടുതരം അത്യാധുനിക ആളില്ലാ ഡ്രോണുകളാണ് സജ്ജമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.