കനത്ത മൂടൽമഞ്ഞ്: ജാഗ്രത പാലിച്ചാൽ അപകടം ഒഴിവാക്കാം
text_fieldsദുബൈ: ശൈത്യകാലം വന്നെത്തിയതോടെ യു.എ.ഇയുടെ പല ഭാഗങ്ങളിലും രാവിലെയും രാത്രിയും കനത്ത മൂടൽമഞ്ഞ് പെയ്തിറങ്ങാൻ തുടങ്ങിയിരിക്കുകയാണ്. തണുപ്പാസ്വദിക്കാനും മറ്റുമായി ഈ സമയം യാത്രചെയ്യുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. എന്നാൽ, മഞ്ഞിൽ മറഞ്ഞിരിക്കുന്ന അപകടം കാണാതെ പോകരുതെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) വ്യാഴാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. ദൃശ്യപരത കുറഞ്ഞതിനാൽ രാവിലെ 10 മണിവരെ വാഹനങ്ങൾക്ക് പൊലീസ് അപകട മുന്നറിയിപ്പും പ്രഖ്യാപിച്ചു. അബൂദബിയിലെ ചില റോഡുകളിൽ പൊലീസ് വാഹനങ്ങളുടെ വേഗപരിധി കുറക്കുകയും ചെയ്തു.
അബൂദബി-അൽഐൻ റോഡ് (സായിദ് മിലിട്ടറി സിറ്റി - സ്വീഹാൻ), അൽ ഖതം-റിമ, അൽ ഐൻ റുമാഹ്-അൽ ഖസ്ന റോഡ്, ശൈഖ് തഹ്നൂൻ ബിൻ മുഹമ്മദ് റോഡ് എന്നിവിടങ്ങളിലാണ് വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറച്ചത്. ചില തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയും അന്തരീക്ഷത്തിൽ മൂടൽമഞ്ഞ് രൂപപ്പെടുന്നതോടൊപ്പം ഈർപ്പമുള്ള കാലാവസ്ഥയായിരിക്കുമെന്നാണ് എൻ.സി.എമ്മിന്റെ പ്രവചനം. മലനിരകളിൽ അന്തരീക്ഷ താപനില എട്ടു ഡിഗ്രി വരെ കുറയാനും ഉൾപ്രദേശങ്ങളിൽ താപനില 30 ഡിഗ്രി വരെ കൂടാനും സാധ്യതയുണ്ട്.
അതേസമയം, ദുബൈയിൽ കനത്ത മൂടൽമഞ്ഞിൽ റോഡിലെ കാഴ്ച കുറഞ്ഞതോടെ വ്യാഴാഴ്ച രാവിലെ അഞ്ചു മുതൽ 10 മണി വരെ 2841 സഹായാഭ്യർഥന കാളുകളാണ് ദുബൈ പൊലീസിന് ലഭിച്ചത്. 51 ചെറു അപകടങ്ങളിലും പൊലീസ് പ്രതികരിച്ചു. റോഡിലെ കാലാവസ്ഥ മാറ്റത്തിന്റെ സാഹചര്യത്തിൽ ഡ്രൈവർമാർ ജാഗ്രത പുലർത്തണമെന്നും സുരക്ഷാനിയമങ്ങൾ പാലിക്കാൻ ശ്രമിക്കണമെന്നും ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സയ്ഫ് മുഹൈർ അൽ മസ്റൂയി അഭ്യർഥിച്ചു. സൈക്കിൾ, ഇ-സ്കൂട്ടർ യാത്രക്കാർ റിഫ്ലക്ടിവ് ആയ വസ്ത്രങ്ങൾ ധരിക്കാനും അദ്ദേഹം നിർദേശിച്ചു. വാഹനങ്ങൾ നിശ്ചിത അകലം പാലിക്കാത്തതാണ് മൂടൽമഞ്ഞുമൂലമുള്ള അപകടങ്ങളുടെ പ്രധാന കാരണമെന്ന് പൊലീസ് വിശദീകരിച്ചു.
പാലിക്കാം..ഈ നിർദേശങ്ങൾ
1. അസ്ഥിര കാലാവസ്ഥയുള്ള സമയങ്ങളിൽ വേഗം കുറക്കുക
2. പുലർച്ചെ വാഹനമോടിക്കുമ്പോൾ ലൈറ്റിടുക
3. ഓവർടേക്കിങ് വിട്ടുനിൽക്കണം
4. എതിരെ വരുന്ന വാഹനങ്ങൾക്ക് കാഴ്ചമറയ്ക്കുന്ന രീതിയിലുള്ള ഹൈ ബീം ലൈറ്റുകൾ ഉപയോഗിക്കരുത്
5. റോഡുകളിൽ കൂടുതൽ ശ്രദ്ധപുലർത്തുക
6. ഡ്രൈവിങ്ങിനിടെ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കരുത്
7. ചെറു അപകടങ്ങൾ നടക്കുമ്പോൾ ഗതാഗത തടസ്സങ്ങൾ സൃഷ്ടിക്കാതിരിക്കുക
8. ഗതാഗതക്കുരുക്കോ മറ്റോ കാരണം യാത്ര വൈകുന്നതു മൂലമുള്ള മാനസിക സമ്മർദങ്ങൾ ഒഴിവാക്കാൻ യാത്രക്കായി കൂടുതൽ സമയം മാറ്റിവെക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.