വീണ്ടും ശക്തമായ മഴ; യെല്ലോ അലർട്ട്
text_fieldsദുബൈ: ഒരു ഇടവേളക്കുശേഷം യു.എ.ഇയിൽ വീണ്ടും ശക്തമായ മഴയും ആലിപ്പഴ വർഷവുമുണ്ടായി. ദുബൈ, അബൂദബി, ഷാർജ, റാസൽഖൈമ എന്നീ എമിറേറ്റുകളിലെ വിവിധ ഭാഗങ്ങളിലാണ് ശനിയാഴ്ച പലസമയങ്ങളിലായി മഴ ലഭിച്ചത്. ശനിയാഴ്ച രാത്രി 8.30 വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്നതിനാൽ ദേശീയ കാലാവസ്ഥ നിരീക്ഷ കേന്ദ്രം യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു.
മരുഭൂമിയിൽ ഉൾപ്പെടെ മഴയും ആലിപ്പഴ വർഷവും ശക്തമായ സാഹചര്യത്തിൽ പൊതുജനങ്ങൾ പുറത്തിറങ്ങുമ്പോൾ അതിജാഗ്രത പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പു നൽകിയിരുന്നു. ഷാർജയിലെ മരുഭൂമിയിലും റോഡിലുമാണ് ആലിപ്പഴം വീണത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, ദുബൈയിൽ ശക്തമായ മഴ പെയ്തതോടെ റോഡുകളിൽ വെള്ളം നിറഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ദൃശ്യപരത കുറഞ്ഞതിനാൽ വാഹനങ്ങളുടെ വേഗപരിധിയും പൊലീസ് കുറച്ചിരുന്നു. ചിലർ സുരക്ഷ മുന്നറിയിപ്പ് അവഗണിച്ചും റോഡിൽ മഴ ആസ്വദിക്കാനെത്തിയിരുന്നു. ദുബൈയിലെ അൽ ഖുദ്റ മരുഭൂമിക്കടുത്തുള്ള ജനവാസ മേഖലയായ ദമാക് ഹിൽസ് 2 ഏരിയയിലാണ് ശക്തമായ മഴ ലഭിച്ചത്.
എന്നാൽ, നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അബൂദബിയിലെ ചില റോഡുകളിലും വെള്ളക്കെട്ട് പ്രത്യക്ഷപ്പെട്ടെങ്കിലും മുനിസിപ്പാലിറ്റി ജീവനക്കാരുടെ ഇടപെടലിൽ യാത്രാതടസ്സം നീക്കാനായി.
വാദികൾ, ജലാശയങ്ങൾ, ഡാമുകൾ എന്നിവിടങ്ങൾ മഴയുള്ള സമയങ്ങളിൽ സന്ദർശിക്കരുതെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകി.
ഇത്തരം സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ 2000 ദിർഹം പിഴയും 23 ബ്ലാക് പോയന്റും 60 ദിവസം വാഹനം കണ്ടുകെട്ടുകയും ചെയ്യുമെന്നായിരുന്നു മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.