തോരാ മഴയും ആലിപ്പഴ വർഷവും
text_fieldsദുബൈ: ന്യൂനമർദത്തെ തുടർന്ന് ശക്തമായ മഴയിൽ കുതിർന്ന് രാജ്യം. ചൊവ്വാഴ്ചയും ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുള്ള സാഹചര്യത്തിൽ സർക്കാർ സ്കൂളുകളും ഭൂരിഭാഗം സ്വകാര്യ സ്കൂളുകളും വിദ്യാർഥികൾക്ക് വിദൂര പഠനത്തിന് അവസരം നൽകി.
തിങ്കളാഴ്ച ശക്തമായ മഴ മുന്നറിയിപ്പ് ഉണ്ടായ സാഹചര്യത്തിൽ സർക്കാർ, സ്കൂളുകൾക്ക് വിദൂര പഠനം അനുവദിച്ചിരുന്നു. ശനിയാഴ്ച ആരംഭിച്ച മഴ ഞായറാഴ്ച രാത്രിയോടെയാണ് രാജ്യത്ത് ശക്തിപ്രാപിച്ചത്. തിങ്കളാഴ്ച വൈകീട്ടും ചിലയിടങ്ങളിൽ മഴ രൂക്ഷമായി തുടരുകയാണ്. എല്ലാ എമിറേറ്റിലും കാര്യമായ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അൽ ഐൻ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ ആലിപ്പഴ വർഷത്തിൽ വലിയ തോതിൽ നാശനഷ്ടങ്ങളുണ്ടായി. വീടിന് പുറത്തും റോഡരികിലും നിർത്തിയിട്ട കാറുകളുടെയും മറ്റ് വാഹനങ്ങളുടെയും ചില്ലുകൾ തകർന്നു.
മിക്ക എമിറേറ്റിലും റോഡുകളിൽ വെള്ളം കെട്ടി നിന്നതിനാൽ രൂക്ഷമായ ഗതാഗത തടസ്സവും അനുഭവപ്പെട്ടു. ഷാർജയിലെ അൽ മദാമിൽ ഉൾപ്പെടെ തിങ്കളാഴ്ച മഴക്ക് നേരിയ ശമനമുണ്ട്. ഖൽബയിൽ മഴ ശക്തമായിരുന്നു. ദുബൈയിലും അബൂദബിയിലും റോഡുകളിൽ പൊലീസ് വേഗപരിധി കുറച്ചിരുന്നു. ചിലയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണെങ്കിലും മുനിസിപ്പാലിറ്റിയും സിവിൽ ഡിഫൻസും ചേർന്ന് നീക്കി. തിങ്കളാഴ്ച സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് വർക്ക് ഫ്രം ഹോം സൗകര്യവും പ്രഖ്യാപിച്ചിരുന്നു.
താഴ്ച പ്രദേശങ്ങളാണ് കൂടുതൽ ദുരിതത്തിലായത്. ഇവിടെ വെള്ളക്കെട്ട് രൂക്ഷമാണ്. നേരത്തെ മഴ മുന്നറിയിപ്പുണ്ടായതിനാൽ ജനങ്ങൾ ജാഗരൂകരായിരുന്നു. പലരും തിങ്കളാഴ്ച വീടുകളിൽനിന്ന് പുറത്തിറങ്ങാത്തതിനാൽ വലിയ പ്രയാസങ്ങൾ സൃഷ്ടിച്ചിട്ടില്ല. മഴയിൽ അത്യാഹിതങ്ങളൊന്നും ഇതുവരെ റിപോർട്ട് ചെയ്തിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ഭയപ്പെടേണ്ടതില്ലെന്നും വേണ്ട മുൻകരുതലുകൾ സ്വീകരിച്ചതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
മിറ 1, ദുബൈ ലാൻഡ് എന്നിവിടങ്ങളിൽ പുലർച്ചെ റോഡിൽ വെള്ളം നിറഞ്ഞെങ്കിലും മുനിസിപ്പാലിറ്റി നീക്കം ചെയ്തു. ചൊവ്വാഴ്ചവരെ ശക്തമായ മഴ തുടരുമെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.അബൂദബിയിൽ ചിലയിടങ്ങളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അൽ ഖുബൈറാത്തിലെ ബ്രിട്ടീഷ് സ്കൂൾ ചൊവ്വാഴ്ച നഴ്സറി കുട്ടികൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ആലിപ്പഴം വീഴ്ച; അൽ ഐനിൽ വാഹനങ്ങളുടെ ചില്ലുകൾ തകർന്നു
അൽഐൻ: ശക്തമായ മഴയോടൊപ്പം ഉണ്ടായ ആലിപ്പഴ വർഷത്തിൽ അൽഐനിൽ വ്യാപക നാശനഷ്ടം. വീടിന് പുറത്തും പരിസരങ്ങളിലും നിർത്തിയിട്ടിയിരുന്ന വാഹനങ്ങൾക്കാണ് ഏറ്റവും വലിയ നഷ്ടം സംഭവിച്ചത്. വലിയ ഐസുകട്ടികൾ വാഹനങ്ങൾക്ക് മുകളിൽ വീണതോടെ ചില്ലുകൾ പൂർണമായും തകർന്നു. ചില വാഹനങ്ങളുടെ ബോഡികൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഞായറാഴ്ച തുടങ്ങിയ മഴ തിങ്കളാഴ്ച രാവിലെയോടെയാണ് ശക്തി പ്രാപിച്ചത്.
രാവിലെ 5.30ഓടുകൂടി തുടങ്ങിയ ശക്തമായ ആലിപ്പഴ വർഷവും മഴയും ഒരു മണിക്കൂറോളം തുടർന്നു. അൽഐനിലെ റോഡുകളും അരുവികളും നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. വാദികളിൽ ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. മഴയോടൊപ്പം ശക്തമായ ഇടിയും മിന്നലും കാറ്റും അനുഭവപ്പെട്ടത് ഭീതി പരത്തിയെങ്കിലും അധികൃതർ കൃത്യമായ മുന്നറിയിപ്പ് നൽകിയതിനാൽ ജനങ്ങൾ വീടിനകത്തുതന്നെ സുരക്ഷിതരായിരുന്നു. ശക്തമായ മഴയെ തുടർന്ന് പല സ്ഥാപനങ്ങളുടെയും പ്രവർത്തനം തിങ്കളാഴ്ച തടസ്സപ്പെട്ടു. റോഡിൽ വെള്ളം കെട്ടിനിന്നത് ഗതാഗത തടസ്സത്തിനും വഴിവെച്ചു.
റോഡുകളിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനും റോഡുകൾ ഗതാഗതയോഗ്യമാക്കുന്നതിനും ആവശ്യമായ മുൻകരുതലുകളും നടപടികളും അൽഐൻ നഗരസഭ എടുത്തിരുന്നു. പൊലീസും ആവശ്യമായ മുൻകരുതലുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു.
അതേസമയം, പല ഭാഗങ്ങളിലും ശക്തമായ ഐസ് വീഴ്ചയിൽ വെള്ളപുതച്ചത് കൗതുകക്കാഴ്ചയായി. ഐസ് വീഴ്ച അൽഐൻ നിവാസികൾക്ക് പുതിയ അനുഭവമായിരുന്നു. റോഡിലൂടെ ഐസ് കട്ടകൾ മഴവെള്ളത്തോടൊപ്പം ഒഴുകിയതും ആലിപ്പഴ വർഷത്തെ തുടർന്ന് മരങ്ങളിൽനിന്ന് ഇലകൾ കൊഴിഞ്ഞുപോയതും മനോഹര കാഴ്ച ഒരുക്കി. അതി ശൈത്യം അനുഭവപ്പെടുന്ന രാജ്യങ്ങളിലെ കാഴ്ചകൾ പോലെ അനുഭവപ്പെട്ടതായി നിവാസികൾ പറഞ്ഞു.
ആലിപ്പഴ വർഷം ആഘോഷമാക്കി അൽഐൻ നിവാസികൾ
അൽഐൻ: മഴയോടൊപ്പമുണ്ടായ ആലിപ്പഴ വർഷം വലിയ നാശനഷ്ടങ്ങൾ സൃഷ്ടിച്ചെങ്കിലും അൽ ഐൻ നിവാസികൾക്ക് അതൊരു കൗതുകക്കാഴ്ച കൂടി ആയിരുന്നു. തിങ്കളാഴ്ച രാവിലെ മുറ്റം നിറയെ വീണുകിടക്കുന്ന ആലിപ്പഴം കണ്ടാണ് അവർ ഉണർന്നത്. ഭൂരിഭാഗം പ്രദേശങ്ങളും വെള്ളപുതച്ച അവസ്ഥയിലായിരുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ സാധാരണ കാണുന്ന പ്രതിഭാസമാണെങ്കിലും യു.എ.ഇയിൽ അപൂർവ കാഴ്ചയാണിത്. അതുകൊണ്ടുതന്നെ കുട്ടികൾക്കൊപ്പം മുതിർന്നവരും ആലിപ്പഴം വീഴ്ച ആഘോഷമാക്കി. കുട്ടികൾ ഐസ് കട്ടകൾ ഉപയോഗിച്ച് പല രൂപങ്ങളും നിർമിച്ചാണ് കളിച്ചത്. പലരും ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
അന്തരീക്ഷ താപം ഇവിടങ്ങളിൽ കുറഞ്ഞതോടെ വലിയ രീതിയിൽ തണുപ്പും അനുഭവപ്പെടുന്നുണ്ട്.റോഡുകളിലും വീടിന്റെ മേൽക്കൂരകളിലും ഐസ് കട്ടകൾ വീണുകിടക്കുന്ന കാഴ്ച മനോഹരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.