ദുബൈയിൽ കനത്ത മഴ, വെള്ളക്കെട്ട്
text_fieldsദുബൈ: വെള്ളിയാഴ്ച രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പെയ്ത കനത്ത മഴയിൽ പലയിടങ്ങളിലും വെള്ളക്കെട്ട്. മിന്നലിന്റെ അകമ്പടിയോടെ മണിക്കൂറോളം പെയ്ത മഴയെത്തുടർന്ന് ദുബൈ വിമാനത്താവളത്തിലെ വിവിധ വിമാന സർവിസുകൾ റദ്ദാക്കുകയും ചെയ്തു. രാവിലെ അഞ്ചുമണിയോടെയാണ് മഴ കനത്തത്. അരമണിക്കൂറിലേറെ നിർത്താതെ മഴ പെയ്തതോടെ റോഡുകളിലും തെരുവുകളിലും വെള്ളം നിറഞ്ഞു. അബൂദബി, അൽഐൻ, ദുബൈ, റാസൽഖൈമ, ഫുജൈറ, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലാണ് മഴ രേഖപ്പെടുത്തിയത്. രാവിലെ വാഹനങ്ങൾ നിരത്തിലിറങ്ങിയതോടെ പലയിടങ്ങളിലും കനത്ത ഗതാഗതക്കുരുക്കുണ്ടായി. അപകടകരമായ സാഹചര്യം കണക്കിലെടുത്ത് ചില റോഡുകൾ അധികൃതർ താൽക്കാലികമായി അടക്കുകയും ചെയ്തു.
ദുബൈ വിമാനത്താവളത്തിൽ ഇറങ്ങേണ്ട 13 വിമാനങ്ങളാണ് മറ്റു വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടത്. ദുബൈയിൽനിന്ന് പുറപ്പെടേണ്ട ആറ് വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നഗരത്തിൽ പലയിടങ്ങളിലും ബസ് സർവിസുകളും റദ്ദാക്കി. ദുബൈയിൽനിന്ന് ഷാർജയിലേക്കുള്ള ഇ-315ഉം അജ്മാനിലേക്കുള്ള ഇ-411ഉം ബസ് സർവിസുകൾ റദ്ദാക്കിയതിൽ ഉൾപ്പെടും. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അടക്കം വിവിധ സ്ഥലങ്ങളിൽ ബദൽ റോഡുകൾ ഉപയോഗിക്കാൻ അധികൃതർ നിർദേശിച്ചിരുന്നു. ഉച്ചയോടെ മഴ മാറുകയും ഗതാഗതം മിക്കയിടങ്ങളിലും പുനഃസ്ഥാപിക്കുകയും ചെയ്തു.
ഷാർജയിൽ നഗരത്തിലടക്കം വിവിധ സ്ഥലങ്ങളിൽ വെള്ളം കയറിയതോടെ വാഹനഗതാഗതം താറുമാറായി. പലയിടങ്ങളിലും മരങ്ങൾ കടപുഴകി. ഷാർജ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ വെള്ളം പമ്പുചെയ്ത് കളയുന്നതിന് വിപുലമായ സൗകര്യങ്ങളൊരുക്കി അതിവേഗം റോഡുകൾ ഗതാഗതയോഗ്യമാക്കി. മഴ കനത്തതോടെ ദുബൈയിലടക്കം വിവിധ സ്കൂളുകൾ ഓൺലൈൻ പഠനത്തിലേക്ക് മാറി. സ്കൂളുകൾക്ക് യോജിച്ച രീതി സ്വീകരിക്കാമെന്ന നിർദേശം രാവിലെ കെ.എച്ച്.ഡി.എ സമൂഹ മാധ്യമങ്ങൾ വഴി നൽകിയിരുന്നു. യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന നിർദേശം ദുബൈ പൊലീസ് എസ്.എം.എസ് വഴി രാവിലെ തന്നെ നൽകുകയും ചെയ്തു.
വെള്ളിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യാഴാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെ തന്നെ റാസൽഖൈമയിലെ ജബൽജൈസ്, ദുബൈ, ഷാർജ എമിറേറ്റുകളിലെ വിവിധ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മഴ ലഭിക്കുകയും ചെയ്തിരുന്നു. മഴസാധ്യത കണക്കിലെടുത്ത് അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ എമിറേറ്റുകളിൽ വിദൂരപഠനത്തിന് അധികൃതർ നിർദേശം നൽകിയിരുന്നു. അസ്ഥിരമായ കാലാവസ്ഥയുടെ സാഹചര്യത്തിൽ സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്നവർക്ക് ആവശ്യമായ ക്രമീകരണങ്ങൾ വരുത്താൻ മാനവവിഭവ ശേഷി മന്ത്രാലയവും നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.