ശക്തമായ മഴ; വീടുകൾക്ക് തകരാർ, ഷാർജയിൽ 707 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
text_fieldsഷാർജ: ശക്തമായ മഴയിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ ഷാർജയിൽ 707 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതായി ഷാർജ പൊലീസ് അറിയിച്ചു. കിഴക്കൻ മേഖലകളിലാണ് കൂടുതൽ വീടുകളിൽ വെള്ളം കയറിയത്. ഇവിടെനിന്ന് ഒഴിപ്പിച്ച കുടുംബങ്ങൾക്ക് താൽക്കാലിക താമസസൗകര്യവും അധികൃതർ ഒരുക്കിയിരുന്നു. അതേസമയം, തിങ്കളാഴ്ച മാത്രം സഹായം അഭ്യർഥിച്ച് 21,000 ഫോൺ കോളുകളാണ് പൊലീസിന് ലഭിച്ചത്. 300ലധികം കടകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
എന്നാൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാശം സംഭവിച്ച വാഹനങ്ങളുടെ എണ്ണം കുറവാണ്. 5,150 വാഹനങ്ങൾക്കാണ് കഴിഞ്ഞ വർഷം പൊലീസ് ഇൻഷുറൻസിനായി സർട്ടിഫിക്കറ്റ് നൽകിയത്. ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തുകയും മുൻകരുതൽ നിർദേശങ്ങൾ പാലിക്കുകയും ചെയ്തതാണ് ഇത്തവണ നാശനഷ്ടങ്ങൾ കുറയാൻ കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ജനങ്ങളുടെ സഹകരണം കൂടാതെ അടിയന്തര രക്ഷാസേനകളുടെയും മറ്റ് വകുപ്പുകളുടെയും സഹകരണത്തോടെ മികച്ച സുരക്ഷ ക്രമീകരണങ്ങളാണ് എമിറേറ്റിൽ ഷാർജ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.