ശക്തമായ മഴക്ക് കാരണം ക്ലൗഡ് സീഡിങ്
text_fieldsദുബൈ: അഞ്ചു ദിവസങ്ങളിലായി നടത്തിയ ക്ലൗഡ് സീഡിങ്ങിന്റെ അനന്തരഫലമാണ് രാജ്യത്ത് അതിശക്തമായ മഴ ലഭിക്കാൻ കാരണമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 27 ക്ലൗഡ് സീഡിങ് ദൗത്യങ്ങളാണ് എൻ.സി.എമ്മിന്റെ മേൽനോട്ടത്തിൽ നടത്തിയത്. രാജ്യത്ത് മഴ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 11നും 15നും ഇടയിലായിരുന്നു ക്ലൗഡ് സീഡിങ് ദൗത്യമെന്ന് എൻ.സി.എമ്മിന്റെ കാലാവസ്ഥ വിദഗ്ധൻ ഡോ. അഹ്മദ് ഹബീബ് ആണ് വെളിപ്പെടുത്തിയത്.
മൂന്ന് പതിറ്റാണ്ടിന് മുമ്പ് പെയ്ത മഴക്ക് സമാനമായ മഴ ലഭിക്കാൻ ഇതു കാരണമായി. അൽ ഐനിലെ പല പ്രദേശങ്ങളിലും ശക്തമായ ആലിപ്പഴ വർഷവുമുണ്ടായിരുന്നു. ഷാർജയിലെ കൽബ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും കാരണമായി.
1988ൽ കിഴക്കൻ മേഖലകളിലാണ് ഇതിനു മുമ്പ് 317 മില്ലീ മീറ്റർ മഴ ലഭിച്ചത്. എന്നാൽ, ക്ലൗഡ് സീഡിങ്ങിലൂടെ ഈ വർഷം ഉമ്മുൽ ഖാഫ് സ്റ്റേഷനിൽ മാത്രം 224.1 മില്ലി മീറ്റർ മഴ രേഖപ്പെടുത്തിയതായും പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ക്ലൗഡ് സീഡിങ്ങിലൂടെ പ്രതിവർഷം മിനിമം 15 ശതമാനം മഴ വർധനയുണ്ടാവുന്നുണ്ട്. ഇതുവഴി 84 മുതൽ 419 ദശലക്ഷം ക്യുബിക് മീറ്റർ വരെ ഉപയോഗയോഗ്യമായ ജലവിതരണം ചെയ്യാൻ സാധിക്കുന്നു.
2023 ഡിസംബറിൽ കുറഞ്ഞ മഴയാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. പോയ വർഷത്തെ അപേക്ഷിച്ച് വരണ്ട കാലാവസ്ഥയാണ് ഈ മഴക്കാലത്ത് അനുഭവപ്പെട്ടിരുന്നതെങ്കിലും ക്ലൗഡ് സീഡിങ്ങിലൂടെ അതിന് പരിഹാരം കാണാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.