ദുബൈയിൽ കനത്ത മഴ; രാജ്യമെങ്ങും മുന്നറിയിപ്പ്
text_fieldsദുബൈ: തിങ്കളാഴ്ച ദുബൈ അടക്കം മിക്ക എമിറേറ്റുകളിലും ശൈത്യകാല മഴ ലഭിച്ചു. രാവിലെ മുതൽ പ്രധാന സ്ഥലങ്ങളിലെല്ലാം കാർമേഘാവൃതമായ അന്തരീക്ഷമായിരുന്നു. ഉച്ചയോടെ മിക്ക സ്ഥലങ്ങളിലും ചെറുതും വലുതുമായ മഴ ലഭിച്ചുതുടങ്ങി. രണ്ടു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.
അബൂദബി, ഷാർജ, റാസൽഖൈമ, അജ്മാൻ, ഉമ്മുൽഖുവൈൻ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മഴ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഡ്രൈവർമാർ അത്യാവശ്യങ്ങൾക്കുമാത്രം വാഹനവുമായി പുറത്തിറങ്ങണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
മൂടിക്കെട്ടിയ കാലാവസ്ഥ തുടരുമെന്നതിനാൽ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ‘യെല്ലോ’ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
വാഹനവുമായി യാത്രക്കിറങ്ങുന്നവർ തികഞ്ഞ ജാഗ്രത പുലർത്തണമെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ഡ്രൈവർമാരോട് അധികൃതർ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിലുള്ളവർ അപകടകരമായ സാഹചര്യങ്ങളിൽനിന്ന് മാറിനിൽക്കണമെന്ന് കാലാവസ്ഥ കേന്ദ്രം പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ഓൺലൈൻ ഭക്ഷണ ഡെലിവറിക്കും തടസ്സം നേരിട്ടിട്ടുണ്ട്. ഡെലിവറി ബൈക്കുകൾ യാത്ര ചെയ്യാൻ കഴിയാതെ പലയിടങ്ങളിലും മഴ മാറുന്നത് കാത്തിരിക്കേണ്ട സ്ഥിതിയാണ്. വിവിധ ഡെലിവറി കമ്പനികൾ, ഭക്ഷണം എത്തിക്കുന്നതിൽ കാലതാമസമുണ്ടാകുമെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റാസൽഖൈമയിൽ വൈകീട്ട് മൂന്നരയോടെ തുടങ്ങിയ മഴ രാത്രിയും തുടർന്നു. അൽനഖീൽ, ഓൾഡ് റാക് തുടങ്ങിയ സ്ഥലങ്ങളിൽ പരക്കെ ലഭിച്ച മഴയിൽ വാഹന യാത്രികർക്ക് പ്രയാസം സൃഷ്ടിച്ചു. രണ്ടുദിവസം മുമ്പ് വാദി ഗലീലയിലും മല നിരകൾ കേന്ദ്രീകരിച്ചും മഴ വർഷിച്ചിരുന്നു.
ഷാർജയിൽ പാർക്കുകൾ താൽക്കാലികമായി അടച്ചു
ഷാർജ: കനത്ത മഴയുടെ സാഹചര്യത്തിൽ ഷാർജയിലെ എല്ലാ പാർക്കുകളും തിങ്കളാഴ്ച മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. കാലാവസ്ഥ സാധാരണ നിലയിലായാൽ പാർക്കുകൾ വീണ്ടും പൊതുജനങ്ങൾക്കായി തുറക്കുമെന്നും അധികൃതർ വ്യക്തമാക്കി. മഴമൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കാൻ റെയിൻ എമർജൻസി ടീമുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
നിർമാണ സ്ഥലങ്ങളിൽ ആവശ്യമായ മുൻകരുതലുകളെടുക്കാനും സുരക്ഷനടപടികൾ പാലിക്കാനും എൻജിനീയറിങ് കോൺട്രാക്ടർമാരോടും കൺസൾട്ടന്റുകളോടും മുനിസിപ്പാലിറ്റി നിർദേശിച്ചു. വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.