ദുബൈയിൽ ശക്തമായ മഴ: യെല്ലോ അലർട്ട്
text_fieldsദുബൈ: ചൊവ്വാഴ്ച ദുബൈയിലെ പല ഭാഗങ്ങളിലും ശക്തമായ കാറ്റും മഴയുമുണ്ടായി. ദുബൈ അൽ ഖുദ്റ റോഡിൽ ഉച്ചക്കുശേഷം 3.26ഓടെയാണ് ശക്തമായ മഴ പെയ്തത്.
സെഹ് അൽ സലിം, അൽ മർമൂം ഏരിയകളിലും ചെറിയ തോതിൽ മഴ ലഭിച്ചു. തുടർന്ന് രാത്രി ഏഴു മണിവരെ അസ്ഥിര കാലാവസ്ഥ നിലനിൽക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
ദുബൈ, ഷാർജ, ഫുജൈറ എമിറേറ്റുകളിലും അസ്ഥിര കാലാവസ്ഥ തുടരുമെന്നതിനാൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു. പുറത്തിറങ്ങുന്നവർ സൂക്ഷിക്കണമെന്നും ഡ്രൈവർമാർ വേഗം കുറച്ച് പോകണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, അബൂദബിക്കും ദുബൈക്കും ഇടയിലുള്ള മരുഭൂമികളിൽ കാലാവസ്ഥ കൂടുതൽ അപകടകരമാകാൻ സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ശക്തമായ മഴയിൽ റോഡുകളിൽ വെള്ളം കെട്ടിനിൽക്കുന്ന വിഡിയോ ദൃശ്യങ്ങളും എൻ.സി.എം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
അബൂദബി, ഫുജൈറ, ഖോർഫുക്കാൻ മേഖലകളിൽ ഉച്ചയോടെ നേരിയ മഴയാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച എമിറേറ്റിന്റെ കിഴക്കൻ മേഖലകളിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത കൽപിച്ചിരുന്നു. ഏതാനും ദിവസമായി യു.എ.ഇയിൽ അസ്ഥിര കാലാവസ്ഥ തുടരുകയാണ്. ശനിയാഴ്ച എമിറേറ്റിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴ ലഭിച്ചപ്പോൾ മൂടൽമഞ്ഞ് പൊതിഞ്ഞ അവസ്ഥയിലായിരുന്നു ആകാശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.