പലയിടങ്ങളിലും കനത്ത മഴ; ചൂട് കുറയുന്നു
text_fieldsദുബൈ: ശൈത്യകാലത്തിന്റെ വരവറിയിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. ചില സ്ഥലങ്ങളിൽ ചാറ്റൽ മഴ പെയ്തപ്പോൾ ചിലയിടങ്ങളിൽ കനത്ത മഴ രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഷാർജ, റാസൽഖൈമ, ഉമ്മുൽ ഖുവൈൻ, അബൂദബി എന്നീ എമിറേറ്റുകളിലാണ് വ്യാപകമായ മഴ ലഭിച്ചത്. ദുബൈയിൽ ചിലയിടങ്ങളിൽ ചാറ്റൽ മഴയും മൂടൽ മഞ്ഞും ഉണ്ടായിരുന്നു. മഴയെ തുടർന്ന് കാർമേഘങ്ങൾ രൂപീകൃതമാവാൻ സാധ്യയുള്ളതിനാൽ ഞായറാഴ്ച രാത്രി എട്ട് മണിവരെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.
രാവിലെ മുതൽ ദുബൈയിലെ പല സ്ഥലങ്ങളിലും മൂടൽമഞ്ഞ് ദൃശ്യമായിരുന്നു. ഞായറാഴ്ച മഴക്ക് സാധ്യതയുണ്ടെന്ന് നേരത്തേ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നു. മൂടൽമഞ്ഞിൽ റോഡിൽ ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർക്ക് ജാഗ്രത നിർദേശവും അധികൃതർ നൽകിയിരുന്നു. പലയിടങ്ങളിലും പെയ്ത മഴയുടെ ദൃശ്യങ്ങൾ എൻ.സി.എം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. കനത്ത ചൂടിന് ആശ്വാസമായെത്തിയ മഴ ആസ്വദിക്കാനായി ആളുകൾ റോഡിലും വാദികളിലും സന്ദർശനം നടത്തുന്നതും കാണാനായി. റാസൽ ഖൈമയിലെ വാദികൾ മഴയെത്തുടർന്ന് കവിഞ്ഞൊഴുകുന്ന വിഡിയോ ദൃശ്യങ്ങൾ പല സഞ്ചാരികളും അവരുടെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ചിട്ടുണ്ട്.
അബൂദബിയിൽ മഴയെത്തുടർന്ന് ചില റോഡുകളുടെ വേഗപരിധി കുറച്ചിരുന്നു. മഴക്ക് സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പുലർത്തണമെന്ന് അബൂദബി പൊലീസും എക്സ് എകൗണ്ടിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. റോഡിലെ ഡിസ് പ്ലേ ബോർഡുകളിലും മുന്നറിയിപ്പ് സന്ദേശങ്ങൾ പ്രദർശിപ്പിച്ചിരുന്നു. അതേസമയം, മൂടൽമഞ്ഞിന് സാധ്യയുള്ളതിനാൽ ചില പ്രദേശങ്ങളിൽ എൻ.സി.എം റെഡ്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സെപ്റ്റംബർ 30 വരെ മഴക്ക് സാധ്യതയുണ്ടെന്ന് എൻ.സി.എം അറിയിച്ചു.
മഴക്ക് പിന്നാലെ കനത്ത ചൂടിനും അൽപം ആശ്വാസമുണ്ട്. അബൂദബിയിൽ താപനില 41 ഡിഗ്രിവരെയും ദുബൈയിൽ 40 ഡിഗ്രിവരെയാണ്. 80നും 25നും ഇടയിലാണ് ഈർപ്പം. നേരിയതോതിൽ വീശുന്ന കാറ്റ് മിതമായ രീതിയിലേക്കും ചില സമയങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിലേക്ക് കൂടാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.