രാജ്യമാകെ തിമിർത്തു പെയ്ത് മഴ
text_fieldsദുബൈ: യു.എ.ഇയിലെ മിക്ക സ്ഥലങ്ങളിലും ശനിയാഴ്ച രാവിലെ മുതൽ കനത്ത മഴ ലഭിച്ചു. ഈ വർഷം ലഭിച്ചതിൽ ഏറ്റവും ശക്തമായ മഴയാണ് ദുബൈ, അബൂദബി, ഷാർജ എമിറേറ്റുകളിൽ ലഭിച്ചത്. ഫുജൈറ, റാസൽഖൈമ, അജ്മാൻ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലും മലയോരങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. പലയിടങ്ങളിലും ശക്തമായ ഇടിമിന്നലും അനുഭവപ്പെട്ടു.
മഴ ശക്തമായതോടെ വിവിധ സ്ഥലങ്ങളിൽ റോഡുകളിലടക്കം വെള്ളം നിറഞ്ഞിട്ടുണ്ട്. പലയിടങ്ങളിലും വാദികളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയ സാഹചര്യത്തിൽ സാഹസിക യാത്രക്ക് മുതിരരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റോഡിൽ വെളിച്ചക്കുറവ് കാരണം പലയിടങ്ങളിലും ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിലയിടങ്ങളിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
ദുബൈയിൽ മിക്ക ഭാഗങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. ബർദുബൈ, ദേര, ജുമൈറ, അൽഖൂസ്, ജബൽ അലി, ഇന്റർനാഷനൽ സിറ്റി, ഗ്ലോബൽ വില്ലേജ്, സിലിക്കൺ ഒയാസിസ് എന്നിങ്ങനെ എല്ലായിടങ്ങളിലും കനത്ത മഴയാണ് ലഭിച്ചത്. ഇവിടങ്ങളിലെല്ലാം റോഡിൽ വെള്ളം കയറിയിട്ടുണ്ട്. അധികൃതർ ശനിയാഴ്ച ഉച്ചയോടെതന്നെ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) മഴയിൽ വാഹനമോടിക്കുന്നവർക്കായി സുരക്ഷ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഡ്രൈവിങ് ശ്രദ്ധയോടെ വേണമെന്നും ട്രാഫിക് നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്നും ഇതിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അബൂദബിയില്‍ ശക്തമായ കാറ്റും മഴയും
എമിറേറ്റിലെ വിവിധ മേഖലകളില്‍ ശനിയാഴ്ച ശക്തമായ കാറ്റും മഴയും ലഭിച്ചു. രണ്ടു ദിവസമായി ആകാശം മേഘാവൃതമായിരുന്നെങ്കിലും ശനിയാഴ്ചയാണ് കാറ്റും മഴയുമുണ്ടായത്.
ചാറ്റല്‍മഴ ചിലയിടങ്ങളില്‍ ശക്തിപ്രാപിച്ചെങ്കിലും ജനങ്ങളുടെ ജീവിതത്തെ കാര്യമായി ബാധിച്ചില്ല. വാഹനങ്ങള്‍ വേഗം കുറക്കുകയും ശക്തമായ കാറ്റുള്ള ഭാഗങ്ങളില്‍ വാഹനങ്ങള്‍ സുരക്ഷിതമായി ഒതുക്കിയിടുകയും ചെയ്തു. വൈകീട്ടോടെ ശക്തമായ തണുപ്പാണ് അനുഭവപ്പെട്ടത്. കനത്ത മഴയും ഇടിമിന്നലും ഉണ്ടായതിനാല്‍ കാലാവസ്ഥ വിഭാഗം സുരക്ഷ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റോഡിൽ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സമൂഹ മാധ്യമങ്ങളിലും സുരക്ഷ അറിയിപ്പ് പങ്കുവെച്ചിട്ടുണ്ട്.
സാധ്യമെങ്കില്‍ വാഹനമോടിക്കുന്നത് ഒഴിവാക്കുക, വെളിച്ചക്കുറവ് ഉണ്ടാകുമ്പോള്‍ ലോ-ബീം ഹെഡ് ലൈറ്റുകള്‍ ഓണാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയത്. അബൂദബി തീരത്തുനിന്ന് 42 കിലോമീറ്റര്‍ അകലെയുള്ള ഡെല്‍മ ദ്വീപില്‍ രാവിലെ കനത്ത മഴ പെയ്തതായി ദേശീയ കാലാവസ്ഥ വിഭാഗം അറിയിച്ചു. യാസ് ദ്വീപ് ഉള്‍പ്പെടെ തലസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും അതിരാവിലെ തന്നെ മഴ പെയ്തു.
റാസല്‍ഖൈമയില്‍ വ്യാപക മഴ
റാസല്‍ഖൈമ: ശനിയാഴ്ച ഉച്ചയോടെ റാസല്‍ഖൈമയില്‍ ശക്തമായ മഴ ലഭിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി മൂടിക്കെട്ടിയ അന്തരീക്ഷവും ഇടവിട്ട സമയങ്ങളിലുണ്ടായ ചാറ്റല്‍മഴയുമാണ് ഇന്നലെ ശക്തമായത്. പഴയ കെട്ടിടങ്ങളും താമസ സ്ഥലങ്ങളും ശക്തമായ മഴയില്‍ ചോര്‍ന്നൊലിക്കുന്നത് ഇവിടെ താമസിക്കുന്നവരെ പ്രതിസന്ധിയിലാക്കി. മലയോരങ്ങളിലെയും ഹംറാനിയ, അല്‍ജീര്‍ തുടങ്ങിയ ഇടങ്ങളിലെയും കര്‍ഷകര്‍ മഴയില്‍ ആഹ്ലാദത്തിലാണ്.
എന്നാല്‍, മഴയുടെ തോത് കൂടിയാല്‍ കൃഷിയിടങ്ങളെയും പ്രതിസന്ധിയിലാക്കും. അല്‍ജീര്‍, ശാം, ഗലീല, അല്‍ റംസ്, ജൂലാന്‍, അല്‍ മാമൂറ, അല്‍ നഖീല്‍, അല്‍ മ്യാരീദ്, ഓള്‍ഡ് റാക്, കറാന്, ദിഗ്ദാഗ, അല്‍ ഗൈല്‍, അദന്‍, ജസീറ അല്‍ ഹംറ, അല്‍റിഫ, ഷൗക്ക, അല്മുനായ്, അല്‍ഖദ്റ തുടങ്ങി ജൈസ് ഉള്‍പ്പെടുന്ന ഹജ്ജാര്‍ മലനിരകളെല്ലാം കാലവര്‍ഷ പ്രതീതിയിലാണ്. മഴ ആസ്വദിക്കാനിറങ്ങുന്നവര് ജാഗ്രത കൈവിടരുതെന്ന മുന്നറിയിപ്പ് അധികൃതര്‍ നല്‍കുന്നുണ്ട്.
ഉമ്മുല്‍ഖുവൈനില്‍ വെള്ളക്കെട്ടുകൾ
ഉമ്മുല്‍ഖുവൈൻ: കനത്ത മഴയാണ് ഉമ്മുല്‍ഖുവൈനില്‍ ശനിയാഴ്ച ലഭിച്ചത്. പഴയ ഗാവ ചത്വരത്തിൽ ഇത്തിഹാദ് പാലത്തിന്റെ വന്നതിനാൽ ഇത്തവണ ഗതാഗതക്കുരുക്കുണ്ടായിരുന്നില്ല. മഴ തിമിര്ത്തുപെയ്തതിനാല് കിങ് ഫൈസല്‍ റോഡിലെ ഒട്ടുമിക്ക ഇടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും വെള്ളക്കെട്ടുകളാണ് ഇപ്പോള്‍. ജയിലിന് മുന്‍വശം, വൈദ്യുതി കാര്യാലയം, ന്യൂ ഇന്ത്യന്‍ സ്കൂള്‍ പരിസരം തുടങ്ങിയ ഭാഗങ്ങളില്‍ വെള്ളക്കെട്ടുകളുണ്ടായി. വൈദ്യുതി കാര്യാലയത്തിന്റെ വശത്തുള്ള റോഡില്‍ ആളുകള്‍ക്ക് നടന്നുപോകാന്‍ പറ്റാത്തവിധം വെള്ളം നിറഞ്ഞിരിക്കയാണ്.
ഗ്ലോബൽ വില്ലേജ് പ്രവർത്തിച്ചില്ല, ഷാർജയിൽ പാർക്കുകൾ അടച്ചു
ദുബൈ: കനത്ത മഴയെ തുടർന്ന് വിവിധ എമിറേറ്റുകളിൽ സുരക്ഷ പരിഗണിച്ച് അധികൃതർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ദുബൈയിൽ ആയിരക്കണക്കിന് പേർ എത്തിച്ചേരാറുള്ള ഗ്ലോബൽ വില്ലേജ് ശനിയാഴ്ച അടച്ചിട്ടു. അതേസമയം, ഞായറാഴ്ച നാലു മുതൽ തുറന്നുപ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഗ്ലോബൽ വില്ലേജ് അതിഥികളുടെയും ജീവനക്കാരുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനാണ് നടപടിയെന്ന് അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.
മഴ കനത്ത സാഹചര്യത്തിൽ എല്ലാ പൊതു പാർക്കുകളും താൽക്കാലികമായി അടച്ചതായി ഷാർജ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. കാലാവസ്ഥ സാധാരണനിലയിലായ ശേഷമാകും പാർക്കുകൾ വീണ്ടും തുറന്നുപ്രവർത്തിക്കുകയെന്ന് അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. പാർക്കുകളിൽ എത്തുന്നവരുടെ സുരക്ഷിതത്വം പരിഗണിച്ചാണ് നടപടി സ്വീകരിച്ചത്. ഷാർജയിൽ പല സ്ഥലങ്ങളിലും റോഡിലും വഴികളിലും ശനിയാഴ്ച വെള്ളം കയറിയിരുന്നു. മഴ കനത്ത സാഹചര്യത്തിൽ അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി ബസ് ഓൺ ഡിമാൻഡ് സർവിസുകൾ ശനിയാഴ്ച നിർത്തിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.