മഴ ആസ്വദിച്ച് പ്രവാസികള്‍; സമൂഹ മാധ്യമങ്ങളിലും പെരുമഴ
text_fieldsദുബൈ: വേനല്‍ചൂടിലേക്ക് കേരളം കത്തിക്കയറാനൊരുങ്ങുമ്പോൾ നാടിന്റെ കുളിരും തണുപ്പും ആവോളം നല്കി രണ്ടു ദിവസമായി യു.എ.ഇയില്‍ തുടരുന്ന മഴ പ്രവാസി മലയാളികള്‍ ശരിക്കും കൊണ്ടാടി.
ഇടവപ്പാതിയില്‍ തുടങ്ങി മിഥുനത്തിലും കര്‍ക്കടകത്തിലും ആടിത്തിമിര്‍ക്കുന്ന മഴക്കാലം പ്രവാസികള്‍ക്ക് പലപ്പോഴും അന്യമാണ്. എന്നാല്‍, രണ്ടു ദിവസമായി തുടരുന്ന മൂടിക്കെട്ടിയ പ്രകൃതിയും മഴത്തുള്ളികള്‍ ഉതിര്‍ക്കുന്ന സംഗീതവും ഒപ്പം മിന്നലും മലയാളികളെ നാടിനെ ഓര്‍മിപ്പിച്ചു. ചില ഭാഗങ്ങളില്‍ ആലിപ്പഴ വര്‍ഷവും അകമ്പടിയായി വന്നത് ആളുകള്‍ക്ക് കൗതുകമായി. കറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് തുടര്‍ച്ചയായി തുള്ളിക്കൊരു കുടം കണക്കെ പെയ്യുന്ന മഴ ലഭിക്കുന്നത്.
സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും പുതിയ മഴക്കാല ഫോട്ടോകള്‍ അപ് ലോഡ് ചെയ്യാനുള്ള മത്സരമായിരുന്നു പരക്കെ. മഴക്കുറിപ്പുകളോടൊപ്പം അപൂര്‍വമായി ലഭിച്ച ചിത്രങ്ങളും ചേര്‍ത്ത് മലയാളികളടക്കമുള്ളവര്‍ മഴ ഉത്സവമാക്കി. മരുഭൂമിയിലെ തുലാവര്‍ഷം, ഗള്‍ഫിലെ കര്‍ക്കടകമഴ, അല്‍ കര്‍ക്കടകം തുടങ്ങിയ വിശേഷണങ്ങളാണ് ചിലര്‍ എഴുതിവിട്ടത്. പുലര്‍ച്ചതന്നെ ഉരുണ്ടുകൂടിയ ആകാശവും മറ്റും പശ്ചാത്തലമാക്കി സമൂഹ മാധ്യമങ്ങള്‍ സജീവമായിരുന്നു. വെള്ളം നിറഞ്ഞ റോഡുകളില്‍ വാഹനങ്ങള്‍ പ്രയാസപ്പെട്ട് നീങ്ങുന്നതും കുട്ടികള്‍ കളിക്കുന്നതും പലരും കാമറയില്‍ പകര്‍ത്തി. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, വാട്സ് ആപ് ഒക്കെ തന്നെയാണ് ഇക്കാര്യത്തിലും മുന്‍പന്തിയില്‍ നിന്നത്.
ഗ്രൂപ്പുകള്‍ തോറും ഇടിവെട്ടി മഴച്ചിത്രങ്ങളും വിഡിയോകളുമായി പെയ്യാന്‍ തുടങ്ങിയതോടെ കുറഞ്ഞ ഡേറ്റ പാക്കേജ് എടുത്തവര്‍ ശരിക്കും കുഴങ്ങി. പല ഗ്രൂപ്പുകളിലും അഡ്മിന്മാര് ഇടപെട്ട് മഴ വര്‍ഷത്തിനു കടിഞ്ഞാണിട്ടു. അതേ സമയം ചിലര്‍ മഴ സൗന്ദര്യങ്ങള്‍ക്ക് തല്‍സമയ വിഡിയോ ദൃശ്യത്തോടെ സ്വയം വിവരണം നല്‍കിയാണ് രംഗത്തെത്തിയത്.
അൽ ഐൻ പോലുള്ള മലയോര ഭാഗങ്ങളിൽ ഐസ് മഴ പെയ്തതും സോഷ്യൽ മീഡിയയിൽ താരമായി. യു.എ.ഇയുടെ മുക്കുമൂലകളിലെല്ലാം ഉണ്ടായ മഴ ദൃശ്യങ്ങള്‍ മൊത്തം ആളുകളും ആസ്വദിച്ചു എന്നുവേണം പറയാന്‍. സോഷ്യല്‍ മീഡിയകളില്‍ ദൃശ്യങ്ങള്‍ വ്യാപകമായതോടെ വിവരങ്ങളറിയാന്‍ നാട്ടിൽനിന്ന് ഉറ്റവരുടെ വിളികളും മെസേജുകളും കമന്റുകളും തകൃതിയായി. ഇന്നലെ വൈകും വരെയും തലങ്ങും വിലങ്ങും മഴ അപ്ഡേഷനുകള്‍ തുടരുകയാണ്. പലരും വല്ലപ്പോഴും കിട്ടുന്ന മഴ ആസ്വദിക്കാന്‍ പുറത്തിറങ്ങിനടന്നു. ഇടറോഡുകളില്‍ കെട്ടിനിന്ന വെള്ളത്തില്‍ കുട്ടികള്‍ കളിക്കാനിറങ്ങിയത് നാടിന്റെ ഓർമകള്‍ നല്കുന്ന കാഴ്ചയായി. റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തി മഴയെ ആസ്വദിച്ചവരും നിരവധി.
പലര്‍ക്കും അവധിയായതിനാല്‍ വാദികളും തടാകങ്ങളും പുഴകളും തേടിയുള്ള യാത്രയായി. ഒട്ടേറെ കുടുംബങ്ങൾ ക്രീക്കിലും ബീച്ചുകളിലും മറ്റും ചെന്ന് മഴ ആസ്വദിച്ചു. മലയാളികള്‍ മഴയത്തിറങ്ങി തുള്ളുന്നത് കണ്ടപ്പോള്‍ സ്വദേശികളും കൂടെക്കൂടി. മഴ ആസ്വദിച്ച് പതുക്കെ നീങ്ങുന്ന വാഹനങ്ങളെയും തോടിലിറങ്ങി കസര്‍ത്ത് കാട്ടുന്ന വാഹനങ്ങളെയും കാണാനായി. അതേസമയം നല്ല മഴ ആസ്വദിച്ചു കമ്പിളിക്കുള്ളില്‍ ഒതുങ്ങിയവരും വിരളമല്ല. ചില ഉൾപ്രദേശങ്ങളില്‍ മഴ തിമിര്‍ത്ത് പെയ്തതോടെ മൃഗങ്ങള്‍ കൂട്ടത്തോടെ റോഡിലിറങ്ങിയത് പല ഭാഗത്തും വാഹന യാത്രക്കാരെ കുഴക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.