കോരിച്ചൊരിഞ്ഞ് മഴ...
text_fieldsദുബൈ: ന്യൂനമർദത്തെത്തുടർന്ന് യു.എ.ഇയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു. ശക്തമായ മിന്നലോട് കൂടിയ മഴയാണ് പെയ്യുന്നത്. അബൂദബി, ദുബൈ, ഷാർജ, അജ്മാൻ തുടങ്ങി മിക്ക നഗരങ്ങളിലും പ്രധാന റോഡുകൾ വെള്ളക്കെട്ടിലായി. രാജ്യത്ത് ഞായറാഴ്ച ഉച്ചവരെ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ശനിയാഴ്ച ഭൂരിഭാഗം സ്ഥലങ്ങളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു.
കോരിച്ചൊരിയുന്ന മഴയിൽ കനത്തവെള്ളക്കെട്ടിലാണ് യു.എ.ഇയിലെ മിക്കനഗരങ്ങളും. താമസമേഖലകളായ ദുബൈയിലെ മുഹൈസിന, ഷാർജയിലെ അബൂഷഹാറ എന്നിവിടങ്ങളിലെല്ലാം വെള്ളംപൊങ്ങി. ഷാർജയിലെ കൽബയും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ദുബൈ-ഷാർജ ഇന്റർസിറ്റി ബസ് സർവിസുകൾ റദ്ദാക്കിയിട്ടുണ്ട്.
അസ്ഥിര കാലാവസ്ഥയെ തുടർന്ന് ദുബൈയിൽ നിരവധി വിമാന സർവിസുകളും റദ്ദാക്കി. മലവെള്ളപ്പാച്ചിലിൽ ഷാർജ, അൽഐൻ എന്നിവിടങ്ങളിലെ എല്ലാ ടണൽ റോഡുകളും അടച്ചു. അബൂദബി, ദുബൈ, ഷാർജ എമിറേറ്റുകൾ പൊതു ബീച്ചുകളും, പാർക്കുകളും ഇന്നലെ മുതൽ അടച്ചിരിക്കുകയാണ്. ഗ്ലോബൽ വില്ലേജും അവധി പ്രഖ്യാപിച്ചിരുന്നു.
അബൂദബിയിലെ അൽഐൻ, അൽദഫ്റ മേഖലയിലാണ് വെള്ളിയാഴ്ച രാത്രി മുതൽ കനത്ത മഴ അനുഭവപ്പെടുന്നത്. അൽഐനിൽ ചിലയിടങ്ങളിൽ ആലിപ്പഴവർഷവുമുണ്ടായി. ശനിയാഴ്ച പുലർച്ചെയോടെയാണ് ദുബൈ, ഷാർജ, അജ്മാൻ എമിറേറ്റുകളുടെ വിവിധ ഭാഗങ്ങളിൽ ഇടിയോടു കൂടിയ മഴ കനത്തത്.
അബൂദബി നഗരത്തിലും മുസഫ, ബനിയാസ് അടങ്ങിയ പ്രാന്തപ്രദേശങ്ങളിലും ശനിയാഴ്ച വൈകീട്ടോടെയാണ് മഴയെത്തിയത്. ഒരു മണിക്കൂറോളം കനത്ത മഴ പെയ്തു. രണ്ടു ദിവസമായി ഇരുണ്ട് മേഘാവൃതമാണ് മേഖല എങ്കിലും മറ്റ് എമിറേറ്റുകളെ അപേക്ഷിച്ച് മഴ കുറവായിരുന്നു. ചില റോഡുകളിൽ നേരിയ തോതിൽ വെള്ളക്കെട്ടുണ്ട്. ആലിപ്പഴ വർഷം പ്രവചിച്ചിരുന്നതിനാൽ വാഹനങ്ങൾക്ക് മേലെ ബെഡ്, ബ്ലാങ്കറ്റ് മുതലായവ വിരിച്ച് പലരും ജാഗ്രത പുലർത്തിയിരുന്നു.
ചില ഭാഗങ്ങളിൽ ശക്തമായ കാറ്റ് വീശിയെങ്കിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പല ഭാഗങ്ങളിലും നേരം വൈകിയും മഴ തുടർന്നു. കനത്ത മഴയും ഇടിയും ആലിപ്പഴ വർഷവും ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ കാലാവസ്ഥ വിഭാഗം ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
റാസല്‍ഖൈമയില്‍ ശനിയാഴ്ച പുലര്‍ച്ചെ പെയ്ത ശക്തമായ മഴയില്‍ റാക് അല്‍ ശുഹദാ സ്ട്രീറ്റില്‍ മണ്ണിടിയുകയും റോഡ് തകരുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയോടെ ചെറിയ തോതില്‍ തുടങ്ങിയ ചാറ്റല്‍ മഴ ശനിയാഴ്ച പുലര്‍ച്ചെ റാസല്‍ഖൈമയിലെങ്ങും ശക്തി പ്രാപിക്കുകയായിരുന്നു. എമിറേറ്റ്സ് റോഡിലേക്ക് ചേരുന്ന ഭാഗത്താണ് മഴയില്‍ മണ്ണിടിച്ചിലും തുടര്‍ന്ന് റോഡ് തകരുകയും ചെയ്തതത്.
സംഭവമറിഞ്ഞെത്തിയ റാക് പൊലീസ് പട്രോളിങ് വിഭാഗം സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ഈ ഭാഗത്തേക്കുള്ള വാഹന ഗതാഗതം തടയുകയും ചെയ്തു. വാദി ശൗക്ക മേഖലകളില്‍ വാദി നിറഞ്ഞൊഴുകിയതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. ഈ മേഖലയും അധികൃതരുടെ സുരക്ഷ വലയത്തിലാണ്. അല്‍ നഖീല്‍, ഓര്‍ഡ് റാസല്‍ഖൈമ, അല്‍ ജീര്, ശാം, ജബല്‍ ജെയ്സ് മേഖല, അല്‍ ഗൈല്‍, ഹംറാനിയ തുടങ്ങിയിടങ്ങളിലെല്ലാം ശക്തമായ മഴയാണ് ലഭിച്ചത്.
വാഹന യാത്രക്കാര്‍ക്കും പുറംജോലിക്കാര്‍ക്കും പ്രയാസം സൃഷ്ടിച്ച മഴയില്‍ ശുഹദാ സ്ട്രീറ്റിലെ മണ്ണിടിച്ചിലില്‍ റോഡ് തകര്‍ന്നതൊഴിച്ചാല്‍ മറ്റു അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തെുടര്ന്ന് എമിറേറ്റിലെങ്ങും സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാദികളിലേക്കും മലനിരകളിലേക്കുമുള്ള യാത്രകളും അപകട മേഖലകളിലെ മഴ ആസ്വാദനം ഒഴിവാക്കണമെന്നും അധികൃതര്‍ നിർദേശിക്കുന്നു.
അജ്മാനിലും നിരവധി റോഡുകളില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. ഇതുമൂലം വാഹനഗതാഗതം തടസ്സപ്പെട്ടു. മഴമൂലം മറ്റപകടങ്ങള്‍ ഇതു വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വിവിധ ഡിവൈഡറുകള്‍ മുങ്ങുന്ന തരത്തില്‍ റോഡുകളില്‍ വെള്ളക്കെട്ട് നിലനില്‍ക്കുന്നതിനാല്‍ അപകട സാധ്യത കൂടുതലാണ്.
വാഹനമോടിക്കുന്നവര്‍ റോഡുകളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. വിവിധ റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികള്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ പുരോഗമിക്കുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ പാര്‍ക്ക് ചെയ്ത് വിവിധ വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയ കാഴ്ചകളും വിവിധയിടങ്ങളില്‍ ദൃശ്യമാണ്.
അൽഐനിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും ഉണ്ടാകുമെന്ന മുന്നറിയിപ്പുണ്ടായിരുന്നു. ഇതേത്തുടർന്ന് പലരും വാഹനങ്ങൾക്ക് സുരക്ഷകവചം തീർത്തിരുന്നു.കഴിഞ്ഞ തവണയുണ്ടായ ആലിപ്പഴവർഷത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചിരുന്നു.
അജ്മാനിൽ സൗജന്യ പാർക്കിങ്
അജ്മാൻ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അജ്മാനിൽ അധികൃതർ സൗജന്യ പാർക്കിങ് അനുവദിച്ചു. വൈകിട്ട് അഞ്ചു മുതൽ രാത്രി 10 മണിവരെ പാർക്കിങ് സൗജന്യമായിരിക്കുമെന്ന് അജ്മാൻ മുനിസിപ്പാലിറ്റി അറിയിച്ചു.
ചിത്രങ്ങൾ
•കമറു
•കെ.ഇ. ഫിറോസ്
എടവനക്കാട്
•സിറാജ് കീഴുമാടം
•ബഷീർ തറമ്മൽ
• െഷബിൻ മുഹമ്മദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.