കനത്ത മഴ: റെഡ്, യെല്ലോ അലർട്ട്; ചിലയിടങ്ങളിൽ ആലിപ്പഴ വർഷം
text_fieldsദുബൈ: യു.എ.ഇയിൽ വ്യാഴാഴ്ച ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ലഭിച്ചു. അബൂദബി, ദുബൈ, റാസൽ ഖൈമ, ഉമ്മുൽ ഖുവൈൻ എമിറേറ്റുകളിലും കിഴക്കൻ തീരങ്ങളിലുമാണ് വിവിധ അളവിൽ കനത്ത മഴ രേഖപ്പെടുത്തിയത്. ഇതോടെ ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം (എൻ.സി.എം) റെഡ്, യെല്ലോ അലർട്ടുകളും പ്രഖ്യാപിച്ചു. പുലര്‍ച്ചെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷം രൂപപ്പെട്ട റാസല്‍ഖൈമയില്‍ ഒമ്പതുമണിയോടെ പരക്കെ മഴ വര്‍ഷിക്കുകയായിരുന്നു. അല്‍ ഗൈല്‍, അല്‍ ജസീറ, അല്‍ ഹംറ, ഓള്‍ഡ് റാസല്‍ഖൈമ, അല്‍ നഖീല്‍, അല്‍ ജീര്, ശാം, ഹജ്ജാര്‍ മലനിരകള്‍ തുടങ്ങിയിടങ്ങളിലെല്ലാം കനത്ത മഴയാണ് വര്‍ഷിച്ചത്. അസ്ഥിര കാലാവസ്ഥയെത്തുടര്‍ന്ന് സ്കൂളുകളെല്ലാം രാവിലെ 11ഓടെ അധ്യയനം അവസാനിപ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിലും റൗണ്ട്എബൗട്ടുകളിലും വെള്ളക്കെട്ട് രൂപപ്പെട്ട് വാഹനയാത്രികര്‍ക്ക് പ്രയാസം സൃഷ്ടിച്ചു. ശക്തമായ മഴ ഓള്‍ഡ് റാസല്‍ഖൈമ, അല്‍ നഖീല്‍ തുടങ്ങിയിടങ്ങളില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിനും വഴിവെച്ചു.
ഏറെ നേരം നീണ്ട മഴയിൽ ദുബൈയിൽ പല ഭാഗങ്ങളിലും റോഡുകളിൽ വെള്ളം കെട്ടിനിന്നു. ഖിസൈസ് മേഖലകളിലാണ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. ചിലയിടങ്ങളിൽ ആലിപ്പഴ വീഴ്ചയും റിപ്പോർട്ട് ചെയ്തിട്ടുള്ളതായി എൻ.സി.എം അറിയിച്ചു. എന്നാൽ, എവിടെ നിന്നും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഒമാൻ തീരത്ത് ആഞ്ഞു വീശുന്ന തേജ് ചുഴലിക്കാറ്റിനെ തുടർന്ന് യു.എ.ഇയിൽ കഴിഞ്ഞ പത്തുദിവസമായി ചിലയിടങ്ങളിൽ നേരിയ മഴ ലഭിക്കുന്നുണ്ട്. വ്യാഴാഴ്ച ഷാർജയിലെ മധ്യ, കിഴക്കൻ മേഖലകളിലും അബൂദബിയിലെ ചിലയിടങ്ങളിലും ആലിപ്പഴത്തോട് കൂടിയ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം ബുധനാഴ്ച പ്രവചിച്ചിരുന്നു.
അസ്ഥിരമായ കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ അബൂദബി പൊലീസ് അപകട മുന്നറിയിപ്പും പുറപ്പെടുവിച്ചിരുന്നു. വാഹനങ്ങളുടെ വേഗപരിധി 80 കിലോമീറ്ററായി കുറച്ചതായും അബൂദബി പൊലീസ് അറിയിച്ചു. മൊബൈൽ ഫോണുകളിൽ ജാഗ്രത സന്ദേശങ്ങളും പൊലീസ് അയച്ചിരുന്നു. മരങ്ങൾ കടപുഴകി വീഴുക, വെള്ളം കെട്ടിനിൽക്കുക, സ്ട്രീറ്റ് ലൈറ്റുകൾ വീഴുക തുടങ്ങിയ അപകടങ്ങൾ ശ്രദ്ധയിൽപെട്ടാൽ 993 എന്ന എമർജൻസി നമ്പറിൽ ബന്ധപ്പെടാമെന്ന് അബൂദബി മുനിസിപ്പാലിറ്റി അറിയിച്ചു.
മഴയുള്ള സമയങ്ങളിൽ അനാവശ്യ യാത്രകൾ ഒഴിവാക്കുകയും ജാഗ്രത പുലർത്തുകയും വേണം. രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് എൻ.സി.എമ്മിന്റെ പ്രവചനം. പല മേഖലകളിലും കാലാവസ്ഥ മേഘാവൃതമാണ്. ഇതുകെണ്ട് തന്നെ അടുത്ത ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ പ്രതീക്ഷിക്കാം. അതോടൊപ്പം രാജ്യത്ത് ചൂട് കുറയുകയും ചെയ്യും. കാറ്റിന്റെ ശക്തി കൂടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.