കനത്ത മഴ; രാജ്യമെങ്ങും ജാഗ്രത നിർദേശം
text_fieldsദുബൈ: തിങ്കളാഴ്ച വൈകുന്നേരത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. ഇരട്ട ന്യൂനമർദം എന്നു വിശേഷിക്കപ്പെട്ട പ്രതിഭാസത്തെ തുടർന്നാണ് കാറ്റിനും ഇടിമിന്നലിനുമൊപ്പം കനത്ത മഴയെത്തിയത്. അബൂദബി, ദുബൈ, ഷാർജ എന്നിവിടങ്ങളിൽ കനത്ത മഴ ആരംഭിച്ചിട്ടുണ്ട്. മറ്റിടങ്ങളിലേക്കും വൈകാതെ ഇത് വ്യാപിക്കുമെന്നും ബുധനാഴ്ച വരെ ജാഗ്രത തുടരണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ വാദികൾ നിറഞ്ഞൊഴുകുന്നതിന്റെയും റോഡുകളിൽ വെള്ളം നിറഞ്ഞതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ അപകടങ്ങൾ ഇതുവരെ എവിടെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ചൊവ്വാഴ്ചയും ബുധനാഴ്ചയും മഴ തുടരാൻ സാധ്യതയുള്ളതിനാൽ പൊതു വിദ്യാലയങ്ങൾക്ക് വിദൂര വിദ്യാഭ്യാസം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ മലയോര മേഖലയായ റാസൽഖൈമയിലും എല്ലാ സ്കൂളുകളും ഓൺലൈൻ പഠനത്തിലേക്ക് മാറാൻ നിർദേശിച്ചിട്ടുണ്ട്.
ദുബൈയിൽ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനവും സ്കൂളുകളും ചൊവ്വാഴ്ച ഓൺലൈനാക്കിയിട്ടുണ്ട്. മഴ സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട സുരക്ഷ മുൻകരുതലുകൾ ദുബൈ മുനിസിപ്പാലിറ്റി പ്രത്യേകമായി പുറത്തിറക്കിയിട്ടുണ്ട്. ദുബൈ വിമാനത്താവളവും യാത്രക്കാർക്ക് പ്രത്യേക നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കുകയും വിമാനത്താവളത്തിൽ നേരത്തെ എത്തുന്ന രീതിയിൽ പുറപ്പെടാനും അധികൃതർ നിർദേശിച്ചു.
അസ്ഥിര കാലാവസ്ഥയുടെ സാഹചര്യത്തിൽ കനത്ത ജാഗ്രത പുലർത്തണമെന്നും മലനിരകൾ, വാദികൾ തുടങ്ങിയ പ്രദേശങ്ങളിലേക്ക് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. പുറം ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് സുരക്ഷ മുൻകരുതൽ സ്വീകരിക്കാനും ദുർഘടമെങ്കിൽ പ്രവർത്തനം നിർത്തിവെക്കാനും മാനവവിഭവശേഷി മന്ത്രാലയം രാജ്യത്തെ സ്വകാര്യ കമ്പനികളോട് ആവശ്യപ്പെട്ടു.
പ്രതികൂല കാലാവസ്ഥ നേരിടാൻ സമ്പൂർണ സജ്ജമാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. സമൂഹത്തിന്റെ സുരക്ഷക്കും ജീവനും സ്വത്തുക്കൾക്കും സംരക്ഷണം നൽകുകയുമെന്നതാണ് പ്രഥമ പരിഗണനയെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പൊതുജനങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ നിർദേശങ്ങളും സുരക്ഷാ മുൻകരുതലുകളും പാലിക്കണമെന്നും പ്രസ്താവനയിൽ അഭ്യർഥിച്ചു.
ഷാർജയിലും സ്കൂളുകളിൽ രണ്ടുദിവസം വിദൂര പഠനം
ഷാർജ: ചൊവ്വ, ബുധൻ ദിവസങ്ങളിൽ എമിറേറ്റിലെ എല്ലാ സ്വകാര്യ സ്കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദൂരപഠനം ഏർപ്പെടുത്താൻ അടിയന്തര, ദുരിതാശ്വാസ ടീം നിർദേശം നൽകി.
പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ ഷാർജ സ്പോർട്സ് കൗൺസിൽ നടത്തിവരുന്ന എല്ലാ കായിക പ്രവർത്തനങ്ങളും മത്സരങ്ങളും നിർത്തിവെക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ പരിഗണിച്ചാണ് നിർദേശം പുറപ്പെടുവിച്ചത്. മഴ സാഹചര്യത്തിൽ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള താഴ്വരകളിൽനിന്നും മലയോര പ്രദേശങ്ങളിൽനിന്നും അകന്നുനിൽക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
അടുത്ത ദിവസങ്ങളിൽ കടലിൽ പോകരുതെന്നും മലകളും താഴ്വരകളും സന്ദർശിക്കരുതെന്നും അധികൃതർ പൊതുജനങ്ങൾക്ക് നൽകിയ മുന്നറിയിപ്പിൽ പറയുന്നു. അജ്മാൻ, റാസൽഖൈമ എമിറേറ്റുകളിലെ സ്വകാര്യ സ്കൂളുകൾക്കും രണ്ട് ദിവസം വിദൂരപഠനം നിർദേശിച്ചിട്ടുണ്ട്.
മഴക്കൊപ്പം ആലിപ്പഴ വർഷവും പ്രതീക്ഷിക്കാം
ദുബൈ: അസ്ഥിര കാലാവസ്ഥയുടെ ഇരട്ട തരംഗങ്ങൾ പ്രതീക്ഷിക്കുന്ന അടുത്ത 48 മണിക്കൂറിൽ കനത്ത ജാഗ്രത വേണമെന്ന് വിദഗ്ധർ. മഴക്കൊപ്പം കാറ്റും ആലിപ്പഴവർഷവും ഇടിമിന്നലുമുണ്ടാകുന്നതിനാൽ എല്ലാ മുൻകരുതലും സ്വീകരിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകുന്നു. ദുബൈ, അബൂദബി, ഷാർജ എന്നിവിടങ്ങളിലാണ് കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്.
മറ്റു എമിറേറ്റുകളിലും മഴ സാധ്യതയുണ്ട്. ഒമാനിൽ കഴിഞ്ഞ ദിവസം വെള്ളം ഉയരാനും അപകടങ്ങൾക്കും കാരണമായ ന്യൂനമർദം തന്നെയാണ് യു.എ.ഇയെയും ബാധിക്കുന്നത്.
ദുബൈ ഹത്തയിൽ പെയ്ത മഴയിൽ റോഡിലൂടെ പോകുന്ന വാഹനങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.