വടക്കൻ മേഖലകളിൽ ശക്തമായ മഴ: ഗതാഗതം തടസ്സപ്പെട്ടു
text_fieldsഷാർജ: യു.എ.ഇയുടെ വടക്കൻ ഭാഗങ്ങളിൽ ശനിയാഴ്ച കനത്ത മഴ പെയ്തു.ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. ഷാർജയിലെ പുതിയ ഖോർഫക്കാൻ റോഡിൽ മഴ പെയ്യുന്നതിെൻറ വിഡിയോകൾ ദേശീയ കാലാവസ്ഥ കേന്ദ്രം ട്വിറ്ററിൽ പങ്കിട്ടു. ഫുജൈറയിലെ വാദി അൽ അശ്വനിയിലും റാസൽ ഖൈമയിലെ നിരവധി പർവതപ്രദേശങ്ങളിലും മഴ ലഭിച്ചു.
പല ഭാഗങ്ങളിലും വാദികൾ പെട്ടെന്ന് നിറഞ്ഞു. ഷാർജയിലെ കൽബയിൽ അസ്ഥിര കാലാവസ്ഥയായിരുന്നു. വെള്ളപ്പൊക്കമുണ്ടായ റോഡുകളിലൂടെ വാഹനമോടിക്കുന്നവരുടെ വിഡിയോകൾ ഓൺലൈനിൽ നിറഞ്ഞു. പർവതപ്രദേശങ്ങളിൽനിന്ന് റോഡുകളിലേക്കും തുറന്ന സ്ഥലങ്ങളിലേക്കും വെള്ളം ഇറങ്ങുന്ന വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു. ചില പ്രദേശങ്ങളിൽ 45 കിലോമീറ്റർ വേഗത്തിൽ പൊടിക്കാറ്റ് വീശുകയും റോഡുകളിൽ ദൃശ്യപരത കുറയുകയും ചെയ്തു.
വെള്ളപ്പൊക്ക പ്രദേശങ്ങളിൽനിന്ന് മാറിനിൽക്കാനും വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കാനും കാലാവസ്ഥ ബ്യൂറോ മുന്നറിയിപ്പ് നൽകി. വാദി ഷീസ് പോലുള്ള കിഴക്കൻ പ്രദേശങ്ങളിൽ കനത്ത മഴയുണ്ടായാൽ മുൻകരുതലുകൾ എടുക്കണം. വെള്ളപ്പൊക്കത്തിനും ശക്തമായ മഴക്കും സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് മാറിനിൽക്കാനും താമസക്കാർക്ക് നിർദേശമുണ്ട്. പോയമാസം പെയ്ത മഴയിൽ വ്യാപക അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥർ, എയർ വിങ് യൂനിറ്റുകൾ, സായുധസേനയിലെ അംഗങ്ങൾ എന്നിവരടങ്ങുന്ന സെർച് ആൻഡ് റെസ്ക്യൂ ടീമുകൾ സർവസജ്ജമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.