ഹെലികോപ്ടർ അപകടം: രണ്ടു പൈലറ്റുമാരുടെയും മരണം സ്ഥിരീകരിച്ചു
text_fieldsദുബൈ: പരിശീലനപ്പറക്കലിനിടെ ഉമ്മുൽ ഖുവൈനിലെ കടലിൽ തകർന്നുവീണ എയ്റോ ഗൾഫിന്റെ ഹെലികോപ്ടറിൽനിന്ന് കാണാതായ രണ്ടു പൈലറ്റുമാരുടെയും മരണം യു.എ.ഇ സിവിൽ ഏവിയേഷൻ അധികൃതർ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ആദ്യ പൈലറ്റിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. രണ്ടാമത്തെ പൈലറ്റിനായി തിരച്ചിൽ ഊർജിതമാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചതായി ഞായറാഴ്ച എയ്റോഗൾഫ് അധികൃതർ വെബ്സൈറ്റിലൂടെ അറിയിക്കുകയായിരുന്നു. ഈജിപ്ത്, ദക്ഷിണാഫ്രിക്കൻ പൗരന്മാരാണ് മരിച്ച പൈലറ്റുമാർ.
വ്യാഴാഴ്ച രാത്രിയാണ് ഹെലികോപ്ടർ തകർന്നുവീണത്. ബെൽ 212 മീഡിയം മോഡൽ ഹെലികോപ്ടർ ദുബൈ ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നാണ് പറന്നുയർന്നത്. പരിശീലനത്തിന്റെ ഭാഗമായതിനാൽ യാത്രക്കാരുണ്ടായിരുന്നില്ല. ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങളും നേരത്തേ കണ്ടെത്തിയിരുന്നു.
സാധാരണ പരിശീലനത്തിന്റെ ഭാഗമായി പറന്നുയർന്ന ഹെലികോപ്ടർ രാത്രി 8.07നാണ് തകർന്നതെന്ന് എയ്റോഗൾഫ് സ്ഥിരീകരിച്ചു. അപകടകാരണം വ്യക്തമല്ല. ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് വാണിജ്യാടിസ്ഥാനത്തിൽ സേവനം നൽകുന്ന കമ്പനിയാണ് എയ്റോഗൾഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.