ഹെലികോപ്ടർ അപകടം: കാണാതായ പൈലറ്റിനായി തിരച്ചിൽ തുടരുന്നു
text_fieldsദുബൈ: പരിശീലന പറക്കലിനിടെ ഉമ്മുൽ ഖുവൈനിലെ കടലിൽ തകർന്നുവീണ ഏറോ ഗൾഫിന്റെ ഹെലികോപ്ടറിൽനിന്ന് കാണാതായ പൈലറ്റിനായി തിരച്ചിൽ തുടരുന്നു. മറ്റൊരു പൈലറ്റിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ) സ്ഥിരീകരിച്ചിരുന്നു.
വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ബെൽ 212 മീഡിയം മോഡൽ ഹെലികോപ്ടർ ദുബൈ ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പറന്നുയർന്നത്. പരിശീലനത്തിന്റെ ഭാഗമായതിനാൽ യാത്രക്കാരുണ്ടായിരുന്നില്ല. കാണാതായ പൈലറ്റുമാരിൽ ഒരാൾ ഈജിപ്തുകാരനും മറ്റൊരാൾ ദക്ഷിണാഫ്രിക്കൻ പൗരനുമാണ്. എന്നാൽ, കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് ജി.സി.എ.എ പുറത്തുവിട്ടിട്ടില്ല. ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സാധാരണ പരിശീലനത്തിന്റെ ഭാഗമായി പറന്നുയർന്ന ഹെലികോപ്റ്റർ രാത്രി 8.07നാണ് തകർന്നതെന്ന് ഏറോ ഗൾഫ് സ്ഥിരീകരിച്ചിട്ടുണ്ട്. സിവിൽ ഏവിയേഷൻ വകുപ്പുമായി സഹകരിച്ച് തിരച്ചിൽ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചശേഷം പങ്കുവെക്കുമെന്നും കമ്പനി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് വാണിജ്യാടിസ്ഥാനത്തിൽ സേവനം നൽകുന്ന കമ്പനിയാണ് ഏറോ ഗൾഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.