മരണപ്പെടുന്നവരുടെ ആശ്രിതർക്ക് കൈത്താങ്ങ്: 10 ലക്ഷത്തിെൻറ ധനസഹായ പദ്ധതിയുമായി കെ.എം.സി.സി
text_fieldsദുബൈ: മരണപ്പെടുന്ന പ്രവാസികളുടെ കുടുംബങ്ങൾക്ക് നൽകിയിരുന്ന അഞ്ചുലക്ഷം രൂപയുടെ ധനസഹായം 10 ലക്ഷമായി ഉയർത്തി ദുബൈ കെ.എം.സി.സി. സുരക്ഷ സ്കീമിൽ അംഗമാകുന്നവർക്കാണ് ധനസഹായം ലഭിക്കുക. പ്രവാസ ലോകത്ത് 15 വർഷം പൂർത്തിയാകുന്നവർ ജോലി കാൻസൽ ചെയ്യുേമ്പാൾ ഒരുലക്ഷം രൂപ വരെ നൽകുമെന്നും ദുബൈ കെ.എം.സി.സി പ്രസിഡൻറ് ഇബ്രാഹിം എളേറ്റില്‍ ഓൺലൈൻ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ആദ്യമായാണ് പ്രവാസലോകത്ത് ഒരു സംഘടന ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. സുരക്ഷ സ്‌കീമില്‍ അംഗമായി 30 ദിവസം പൂര്‍ത്തിയായ ശേഷം മരിക്കുകയും 30 ദിര്‍ഹമില്‍ കൂടുതല്‍ കുടിശ്ശിക ഇല്ലാതിരിക്കുകയും ചെയ്ത അംഗത്തിനാണ് 10 ലക്ഷം രൂപ ധനസഹായമായി ലഭിക്കുക. അപേക്ഷ സമര്‍പ്പിച്ച് 120 ദിവസത്തിനുള്ളില്‍ തുക നല്‍കും. പദ്ധതിയില്‍ ചേര്‍ന്ന് 15 വര്‍ഷം പൂര്‍ത്തിയായ 60 വയസ്സ് തികഞ്ഞവര്‍ക്ക് ഒരുലക്ഷം, 10 വര്‍ഷം പൂര്‍ത്തിയായ 60 വയസ്സ് തികഞ്ഞവര്‍ക്ക് 75,000, 15 വര്‍ഷം പൂര്‍ത്തിയായ 60 വയസ്സ് തികയാത്തവര്‍ക്ക് 50,000, 10 വര്‍ഷം പൂര്‍ത്തിയായ 60 വയസ്സ് തികയാത്തവര്‍ക്ക് 25,000, അഞ്ചുമുതല്‍ 10 വര്‍ഷം വരെ പൂര്‍ത്തിയായവര്‍ക്ക് 10,000, മൂന്നുമുതല്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയായവര്‍ക്ക് 5000 രൂപ എന്നിങ്ങനെ കാന്‍സലേഷന്‍ ആനുകൂല്യമായി നല്‍കും.
അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ ആനുകൂല്യങ്ങള്‍ നല്‍കും. വിസ റദ്ദാക്കി നാട്ടിലെത്തി ആറു മാസത്തിനുള്ളിൽ അപേക്ഷിക്കണം. 30 ദിര്‍ഹമില്‍ കൂടുതല്‍ കുടിശ്ശിക ഉണ്ടെങ്കിൽ ധനസഹായം ലഭിക്കില്ല. മരണാനന്തര ആനുകൂല്യത്തിന് 30 ദിവസവും കാന്‍സലേഷന്‍ ആനുകൂല്യത്തിന് മൂന്നു വര്‍ഷവും ചികിത്സ ആനുകൂല്യത്തിന് 90 ദിവസവും സ്‌കീമില്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ. ഒരംഗം മരിച്ചാല്‍ മറ്റംഗങ്ങളില്‍നിന്ന് നിലവില്‍ ഈടാക്കിവരുന്ന നിശ്ചിത സംഖ്യ സമാഹരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കോവിഡ് കാലത്ത് പ്രവാസികൾക്ക് കൈത്താങ്ങായ കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവർത്തനത്തിന് മറ്റൊരു ഉദാഹരണമാണ് ധനസഹായ പദ്ധതി. പ്രവാസികള്‍ക്ക് നാട്ടിലെത്താൻ ഏറ്റവുമധികം ചാര്‍ട്ടേഡ് വിമാന സര്‍വിസുകള്‍ ഏർപ്പെടുത്തിയത് കെ.എം.സി.സിയാണ്. ഇതിനായി ഹൈകോടതിയെ സമീപിച്ചിരുന്നു.
വാര്‍ത്തസമ്മേളനത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. സി.പി. ബാവ ഹാജി, ദുബൈ കെ.എം.സി.സി ജന. സെക്രട്ടറി മുസ്തഫ തിരൂര്‍, യഹ്‌യ തളങ്കര, പി.കെ. ഇസ്മായില്‍, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കര്‍, ഇബ്രാഹിം മുറിച്ചാണ്ടി, റഈസ് തലശ്ശേരി, മുഹമ്മദ് പട്ടാമ്പി, എന്‍.കെ. ഇബ്രാഹിം, ഒ. മൊയ്തു, അഡ്വ. ഇബ്രാഹിം ഖലീല്‍, സാദിഖ് തിരുവനന്തപുരം, മജീദ് മടക്കിമല, ഫാറൂഖ് പട്ടിക്കര, അബൂബക്കര്‍ ഹാജി, നിസാം കൊല്ലം, ഒ.കെ. ഇബ്രാഹിം, മുസ്തഫ വേങ്ങര എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.