ഹസം ഹർബിെൻറ പൈതൃക മ്യൂസിയം
text_fieldsതച്ചുടച്ച് മതിൽ കെട്ടിനുള്ളിൽ അടച്ചിടപ്പെടുന്നതിന് മുമ്പുള്ള ഖുദ്സിനെ നിങ്ങൾ കണ്ടിട്ടുണ്ടോ. ഒലീവ് മരങ്ങളിലിരുന്ന് ഖലീൽ ജിബ്രാെൻറ കവിത പാടുന്ന പൂങ്കുയിലിനെ കേട്ടിട്ടുണ്ടോ. സിയോൻ, മോറിയ കുന്നിറങ്ങി വരുന്ന ജറുസലേമിെൻറ പൗരാണിക ചരിത്രം മറിച്ചുനോക്കിയിട്ടുണ്ടോ. ഇല്ലെങ്കിൽ ഷാർജ അൽ ഖസബയിലെ മറായ ആർട്സ് സെൻററിൽ പോയാൽ മതി. 1980ൽ ഗസ്സയിൽ ജനിച്ച, ഫലസ്തീനിയൻ കലാകാരൻ ഹസം ഹർബിെൻറ പ്രദർശനമാണ് ഫലസ്തീനിലേക്കുള്ള വഴി എളുപ്പമാക്കുന്നത്. അടുത്ത ഫെബ്രുവരി വരെ നീളുന്ന പ്രദർശനത്തിൽ പൗരാണിക ഫലസ്തീനിെൻറ നിറമുള്ള കാഴ്ചകളാണ് പകരുന്നത്.
ഫലസ്തീൻ പൈതൃകത്തിെൻറ സാരാംശം പകർത്താനായി പുരാതന ഭൂപടങ്ങൾ, കുടുംബ ഫോട്ടോഗ്രാഫുകൾ, പെയിൻറിങുകൾ എന്നിവയുൾപ്പെടെയുള്ള ആർക്കൈവൽ മെറ്റീരിയലുകളാണ് ഉപയോഗിച്ചത്. ഫോട്ടോഗ്രഫിയും മിക്സഡ് മീഡിയയും വലിയ തോതിൽ ഉൾക്കൊള്ളുന്ന കൊളാഷ് അധിഷ്ഠിത സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്, കലാകാരൻ ഫലസ്തീെൻറ ചരിത്രത്തിെൻറ ഛിന്നഭിന്നത പ്രദർശിപ്പിക്കുന്ന ഒരു താൽക്കാലിക ജീവിതമ്യൂസിയം ഒരുക്കുകയാണ് കാതലുള്ള പ്രദർശനത്തിലൂടെ. കഴിഞ്ഞ വർഷങ്ങളിൽ, അന്താരാഷ്ട്ര ഓൺലൈൻ ലേലങ്ങളിൽ ഫലസ്തീനുമായി ബന്ധപ്പെട്ട അപൂർവ പുരാതന സ്മരണികകൾ ഹർബ് ശേഖരിച്ചിരുന്നു.
അതിൽ ചിലത് 1779വരെ പഴക്കമുള്ളതാണ്. പുരാതന ഭൂപടങ്ങൾ, ചരിത്രപരമായ വ്യാപാര വഴികളുടെ പുസ്തകങ്ങൾ, കുടുംബ ഫോട്ടോഗ്രാഫുകൾ എന്നിവയും അദ്ദേഹത്തിെൻറ ശേഖരങ്ങളിൽ ഉൾപ്പെടുന്നു. ഡേവിഡ് റോബർട്ട്സ് അടക്കമുള്ള ഓറിയൻറലിസ്റ്റ് ചിത്രകാരൻമാർ തീർത്ത വിശുദ്ധ ഭൂമിയെ ചിത്രീകരിക്കുന്ന കലാസൃഷ്ടികളും പ്രദർശനത്തിലുണ്ട്. ഒഴിഞ്ഞ ഒലീവെണ്ണ വീപ്പകൾ കൊണ്ട് ഭീകരമായ ഒരു നിശബ്ദത എങ്ങനെ തീർക്കാമെന്നും അതിൽ നിന്ന് ഒരു രാജ്യത്തിെൻറ സങ്കടങ്ങൾ എങ്ങനെ വായിച്ചെടുക്കാമെന്നും ഹസം ഹർബ് കാണിച്ചുതരുന്നു. ജിബ്രാെൻറ 'പ്രവാചകനും' , മഹ്മൂദ് ദർവീശിെൻറ 'തിരിച്ചറിയൽ കാർഡും' പ്രദർശന നഗരിയിൽ സന്ദർശകരുമായി സംവദിക്കുന്നു.
വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അറിവ് പകരാനും പ്രചരിപ്പിക്കാനും ഉദ്ദേശിച്ചുള്ള വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലമാണ് മ്യൂസിയം. നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ഇടമാണിത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശേഖരിച്ച എല്ലാ പുസ്തകങ്ങളും, ഭൂപടങ്ങളും, ഫോട്ടോകളും, വസ്തുക്കളും - എെൻറ എല്ലാ കണ്ടെത്തലുകളും പങ്കിടാൻ ഒരു ഇടം ലഭിക്കാൻ ഞാൻ ആഗ്രഹിച്ചു. 2012 മുതൽ വിപുലമായ ഗവേഷണത്തിലാണ്. ഒരു സംസ്കാരത്തെ വായിച്ചെടുക്കുവാനുള്ള എല്ലാ തെളിവുകളും പ്രദർശിപ്പിക്കാൻ ആഗ്രഹിച്ചു. അതാണ് നിങ്ങളുടെ മുന്നിലുള്ള 'താൽകാലിക മ്യൂസിയം'-ഹാർബ് പറഞ്ഞു. കൊളാഷ് അധിഷ്ഠിത സമീപനത്തിന് പേരുകേട്ട ഹസം ഹർബ്, ശക്തമായ അക്കാദമിക് പ്രാവിണ്യത്തോടെയും സൂക്ഷ്മമായ ഗവേഷണത്തോടെയും ശ്രദ്ധാപൂർവ്വം പരിശോധിച്ച്, ഭൂതകാലത്തെ ചിത്രീകരിക്കുന്ന ഒരു ആഴത്തിലുള്ള എക്സിബിഷൻ ഡിസൈനിലേക്ക് അക്ഷരാർത്ഥത്തിൽ കാഴ്ചക്കാരെ നയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.