കാറിനടിയിൽ ഒളിപ്പിച്ച് മനുഷ്യക്കടത്ത്; ശ്രമം തകർത്ത് ഷാർജ കസ്റ്റംസ്
text_fieldsഷാർജ: എസ്.യു.വി കാറുകളുടെ പിന്നിലെ ബംബറിനുള്ളിൽ സ്ഥാപിച്ച രഹസ്യ അറയിൽ ചെറിയ പെട്ടികളിൽ യു.എ.ഇയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ടുപേരെ ഷാർജ അധികൃതർ പിടികൂടി. എക്സ്റേ സ്കാനറുകൾ ഉപയോഗിച്ചുള്ള പരിശോധനയാണ് മനുഷ്യക്കടത്ത് തടയാൻ സഹായിച്ചത്. ഷാർജ പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീസോൺ അതോറിറ്റിയാണ് കുറ്റകൃത്യം കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ച ഒമാൻ അതിർത്തിവഴിയാണ് നുഴഞ്ഞുകയറ്റത്തിന് ശ്രമമുണ്ടായത്. എന്നാൽ, ഏത് അതിർത്തി വഴിയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
കാറുകളുടെ പിറകിൽ ഒറ്റനോട്ടത്തിൽ ശ്രദ്ധയിൽപെടാത്ത രീതിയിലാണ് ഇരുമ്പ് അറ സ്ഥാപിച്ചത്. സ്കാനിങ്ങിൽ മനുഷ്യസാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗുരുതര കുറ്റകൃത്യം പിടികൂടിയത്. കാറുകളുടെ എക്സ്ഹോസ്റ്റ് പൈപ്പിന് മുകളിലായാണ് രഹസ്യ അറ കണ്ടെത്തിയത്. അറകൾ പൊളിച്ച് ഒളിച്ചിരുന്നവരെ പിടികൂടുന്ന വിഡിയോ അധികൃതർ സമൂഹ മാധ്യമങ്ങൾ വഴി പുറത്തുവിട്ടു. പിടിയിലായ രണ്ടുപേരുടെയും കൈവശം രേഖകളോ ഐഡന്റിറ്റി കാർഡുകളോ ഉണ്ടായിരുന്നില്ല. ഇവർക്കൊപ്പം രണ്ട് കാർ ഡ്രൈവർമാർക്കെതിരെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
മനുഷ്യക്കടത്ത് ഓപറേഷൻ വളരെ ഗൗരവത്തിലാണ് ഷാർജ കസ്റ്റംസ് പരിഗണിക്കുന്നതെന്ന് വകുപ്പ് ഡയറക്ടർ മുഹമ്മദ് ഇബ്രാഹീം അൽ റഈസി പറഞ്ഞു. വളരെ വേഗത്തിൽ വളരുന്ന കരുത്തുറ്റ സമ്പദ് വ്യവസ്ഥയെന്നതാണ് യു.എ.ഇയെ ലക്ഷ്യമായി ഇത്തരക്കാർ കാണാനുള്ള കാരണം. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള എല്ലാ തരത്തിലുള്ള നുഴഞ്ഞുകയറ്റവും ഒഴിവാക്കുന്നതിന് ഷാർജ കസ്റ്റംസ് ഏറ്റവും മികച്ച സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിന്റെ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനായി ഷാർജ കസ്റ്റംസ് കാഴ്ചവെക്കുന്ന കഴിവിനും ജാഗ്രതക്കും അദ്ദേഹം അഭിനന്ദനം അറിയിക്കുകയും ചെയ്തു. 40ലേറെ പേരെ രാജ്യത്തേക്ക് കടത്തിയതായി 2020ൽ റിപ്പോർട്ട് പുറത്തുവന്നിരുന്നു. എന്നാൽ, ഓരോ വർഷവും ഇത്തരം സംഭവങ്ങളുടെ എണ്ണം കുറഞ്ഞുവരുകയാണ്. മനുഷ്യക്കടത്ത് തെളിഞ്ഞാൽ ജീവപര്യന്തം തടവും നാടുകടത്തലും അടക്കമുള്ള ശിക്ഷയാണ് ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.