ഉയർന്ന വിമാന നിരക്ക്: മലയാളികളുടെ മടക്കയാത്ര പ്രതിസന്ധിയിൽ
text_fieldsഷാർജ: യു.എ.ഇയിലെ വിദ്യാലയങ്ങൾ വേനലവധിക്കുശേഷം തുറക്കാനിരിക്കെ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽനിന്ന് യു.എ.ഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് പ്രവാസികൾക്ക് താങ്ങാവുന്നതിലും അപ്പുറം. 1300 ദിർഹം മുതൽ 2300 ദിർഹം വരെയാണ് വരും ദിവസങ്ങളിൽ വിവിധ വിമാന കമ്പനികൾ ഈടാക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസിലാണ് താരതമ്യേന കുറഞ്ഞ നിരക്ക്.
ഈ മാസം 28നാണ് യു.എ.ഇയിലെ വിദ്യാലയങ്ങൾ രണ്ടുമാസത്തെ വേനലവധിക്കുശേഷം തുറക്കുക. അധ്യാപകരും ഇതര സ്കൂൾ ജീവനക്കാരും കഴിഞ്ഞ ദിവസങ്ങളിലായി തിരികെ എത്തിയെങ്കിലും കുടുംബങ്ങൾ വരാനുണ്ട്. തിരുവോണം 29നായതിനാൽ, ഓണം കുടുംബാംഗങ്ങളോടൊപ്പം ആഘോഷിച്ച് സെപ്റ്റംബർ ആദ്യത്തിൽ തിരികെ വരാമെന്ന് കരുതുന്നവരും നിരവധിയാണ്. ടിക്കറ്റ് നിരക്ക്, സെപ്റ്റംബർ പകുതിയോടടുക്കുമ്പോൾ മാത്രമാണ് കുറവുവരുന്നത്.
എന്നാൽ, ഓണാഘോഷത്തിന് നാട്ടിൽ പോകാൻ വരും ദിനങ്ങളിൽ 280 ദിർഹം മുതൽ വിവിധ ടിക്കറ്റ് ലഭ്യമാണ്. പക്ഷേ, ഓണാഘോഷം കഴിഞ്ഞ് തിരികെ വരണമെങ്കിൽ 1300 ദിർഹത്തിൽ അധികം ടിക്കറ്റിനായി നൽകേണ്ട അവസ്ഥയാണ്.
നാട്ടിൽനിന്ന് ടിക്കറ്റെടുത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെയെത്തിയ പലരും 30,000 മുതൽ 40,000 ഇന്ത്യൻ രൂപ വരെയാണ് ടിക്കറ്റിന് നൽകിയത്. നാലും അഞ്ചും അംഗങ്ങളുള്ള ഒരു കുടുംബത്തിന് രണ്ടുലക്ഷത്തോളം രൂപ ടിക്കറ്റിന് മാത്രമായി മാറ്റിവെക്കേണ്ടിവരും. മാസങ്ങൾക്കുമുമ്പേ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് താരതമ്യേന കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമായതൊഴിച്ചാൽ വലിയ ശതമാനം ആളുകളും ഉയർന്ന ടിക്കറ്റ് നിരക്ക് നൽകിയാണ് യാത്ര ചെയ്യുന്നത്.
യു.എ.ഇ-കേരള സെക്ടറിൽ സർവിസുകൾ കുറയുന്നത് തിരക്കുള്ള സമയങ്ങളിൽ ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരാൻ കാരണമാകുന്നുണ്ട്. വിദ്യാലയങ്ങളിലെ അവധിക്കാലങ്ങളിലും ആഘോഷ സീസണിലും ഗൾഫ് സെക്ടറിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന നിരക്കുകൾ വർധിക്കാറുണ്ടെങ്കിലും ഈ വർഷം പ്രവാസികളുടെ നടുവൊടിക്കുന്ന നിരക്കാണ് വിമാന കമ്പനികൾ ഈടാക്കുന്നതെന്ന് യാത്രക്കാർ പറയുന്നു.
കുറഞ്ഞ നിരക്കിൽ കണക്ഷൻ ഫ്ലൈറ്റിന് ടിക്കറ്റെടുത്ത് യാത്ര ചെയ്ത പലരും പത്തും പതിനഞ്ചും മണിക്കൂർ വിവിധ വിമാനത്താവളങ്ങളിൽ കാത്തിരുന്നാണ് ഇവിടെയെത്തുന്നത്.
മുംബൈയിൽനിന്ന് ദുബൈയിലേക്കും അബൂദബിയിലേക്കും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമായിരുന്നെങ്കിലും കേരളത്തിൽനിന്ന് മുംബൈയിലേക്ക് ടിക്കറ്റിന് ഉയർന്ന നിരക്ക് നൽകേണ്ടിവരുന്നതിനാൽ, ആ മാർഗം ഉപേക്ഷിച്ച് കോഴിക്കോടുനിന്ന് ദുബൈയിലേക്ക് നേരിട്ടുള്ള ടിക്കറ്റെടുത്ത് യാത്ര ചെയ്തതായി അധ്യാപകരായ ദുബൈയിലെ സ്വകാര്യ സ്കൂളിലെ നസീറും അൽഐനിലെ സജീറും പറഞ്ഞു.
പ്രവാസി സംഘടനകളുടെയും മലബാർ ഡെവലപ്മെന്റ് ഫോറം പോലുള്ള നാട്ടിലെ കൂട്ടായ്മകളുടെയും നിരന്തര ആവശ്യമാണ് തിരക്കുള്ള സമയങ്ങളിൽ ടിക്കറ്റ് നിരക്ക് കുറക്കുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഇടപെടണമെന്നത്.
തിരക്കുള്ള സമയങ്ങളിൽ ടിക്കറ്റ് നിരക്ക് നിയന്ത്രിക്കുന്നതിന് കേന്ദ്രസർക്കാറിന് ഒന്നും ചെയ്യാനില്ലെന്ന വകുപ്പ് മന്ത്രിയുടെ പ്രസ്താവനയും തിരക്കുള്ള സമയങ്ങളിൽ ചാർട്ടേഡ് ഫ്ലൈറ്റിന് ശ്രമിക്കുമെന്ന സംസ്ഥാന സർക്കാറിന്റെ പ്രഖ്യാപനം എങ്ങുമെത്താത്തതും വരുംസീസണുകളിലും പ്രവാസികളെ ചൂഷണം ചെയ്യുന്നത് തുടർടന്നുകൊണ്ടേയിരിക്കും എന്നതിന്റെ സൂചനകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.