ഹിന്ദുസ്ഥാന്‍ ഹമാര, ഹമാര...
text_fieldsസ്വാതന്ത്ര്യ ലബ്ധിയുടെ ഏഴരപതിറ്റാണ്ട് പൂർത്തിയാക്കിയ നമ്മുടെ മാതൃരാജ്യം 'മുന്നേറുന്ന ഇന്ത്യ' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ലോകം ഒരുമിക്കുന്ന ദുബൈ എക്സ്പോ 2020ല്‍ തലയുയർത്തി നിൽക്കുന്നത്. വര്‍ണങ്ങളില്‍ ചാലിച്ച അറുന്നൂറോളം കട്ടകളില്‍ ഇന്ത്യയുടെ വൈവിധ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ് പവലിയെൻറ ബാഹ്യരൂപകൽപന. ലോകത്തെ ഏഴാമത്തെ വലിയ രാജ്യമായ ഇന്ത്യയുടെ പൈതൃകവും സംസ്കാരവും ഒരു കുടക്കീഴില് അനുഭവവേദ്യമാക്കും വിധമാണ് ഉള്‍ഭാഗം സംവിധാനിച്ചിരിക്കുന്നത്. ദേശീയ പതാകയുടെ വര്‍ണം സ്വീകരിച്ച് അശോക ചക്ര രൂപത്തിലുള്ള ലോഗോയും ശ്രദ്ധ നേടുന്നതാണ്. ഇന്ത്യയുടെ വളര്‍ച്ചയെ പ്രതീകവത്കരിക്കുന്നതാണ് ലോഗോ. വിവിധ മേഖലകളില്‍ രാജ്യത്തിന് മികച്ച സംഭാവനകള്‍ നല്കിയ വ്യക്തിത്വങ്ങള്‍, സാധാരണ ജനങ്ങള്‍, പൈതൃക പ്രദേശങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങി ഇന്ത്യയെ അതിെൻറ മുഴുവന്‍ സത്തയിലും ഉള്‍ക്കൊള്ളിച്ച ചിത്രീകരണം ആറു മാസം നീളുന്ന ദുബൈ പ്രദര്‍ശന നഗരിയില്‍ സാങ്കേതികത്തികവില്‍ പ്രശോഭിതമാകും.
രണ്ട് ഭാഗങ്ങളിലായി തിരിച്ചിട്ടുള്ള പവലിയനില്‍ 11 തീമുകളില്‍ കേന്ദ്രീകരിച്ച് പ്രദര്‍ശന-പരിപാടികള്‍ നടക്കും. ജലം, ജീവിതായോധനം, കാലാവസ്ഥ, ജൈവ വൈവിധ്യം, ബഹിരാകാശം, നഗര-ഗ്രാമ വികസനം, സഹിഷ്ണുത-ഉള്‍ക്കൊള്ളല്‍, അറിവ്-പഠനം, യാത്ര, ആഗോള ലക്ഷ്യങ്ങള്‍, ആരോഗ്യം- ക്ഷേമം, കൃഷി എന്നിവയാണ് വിഷയങ്ങള്‍. ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ തുറന്നുവെച്ച് അവസരങ്ങളുടെ മണ്ണിലേക്ക് ലോക നിക്ഷേപകരെ ആകര്ഷിക്കാനുതകുന്നതാകും നാല് നിലകളിലായി സംവിധാനിച്ച പവലിയനിലെ അവതരണങ്ങള്‍.
ഐ.ടി, സ്റ്റാര്‍ട്ട്അപ്പുകള്‍ ഉള്‍പ്പെടുന്ന 'ഇന്നൊവേഷന് ഹബ്'പവലിയനിലെ സുപ്രധാന കേന്ദ്രമാകും. 50,000ലേറെ സ്റ്റാര്ട്ട്അപ്പുകളുള്ള ഇന്ത്യ ഈ രംഗത്ത് അത്ഭുതകരമായ അവസരങ്ങളാണ് തുറന്നിടുന്നത്. യുവ പ്രതിഭകള്‍ക്ക് ആഗോളതലത്തിലുള്ള സഹയാത്രികരുമായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ച ചെയ്യാൻ ഇവിടെ അവസരമുണ്ടാകും. ബഹിരാകാശ സാങ്കേതിക വിദ്യ, റോബോട്ടിക്സ് തുടങ്ങിയവയുടെ സാധ്യതകളിലേക്ക് കൂടി വെളിച്ചം വീശുന്നതാകും മൊബൈല്‍ പ്ലാറ്റ്ഫോമിലുള്ള 'ഇന്ത്യ ഇന്നൊവേഷന് ഹബ്'. 'മേക്ക് ഇന്‍ ഇന്ത്യ','ഡിജിറ്റല്‍ ഇന്ത്യ' തുടങ്ങിയ വികസന മുന്നേറ്റ ശീര്‍ഷകങ്ങള്‍ പവലിയനിലെ പ്രചാരണങ്ങളില്‍ മുന്നില്‍ നില്ക്കും.
പ്രശസ്ത ഇന്ത്യന്‍ കലാകാര്‍ അണിനിരക്കുന്ന കലാനിശകള്‍, സാംസ്കാരിക പരിപാടികള്‍, ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ആഘോഷങ്ങള്‍, ഭക്ഷ്യ വിഭവങ്ങളുടെ പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ ഒരുക്കിയാണ് ഇന്ത്യന്‍ പവലിയന് സന്ദര്‍ശകരെ സ്വീകരിക്കുക. കേരളത്തിൽ നിന്നുള്ള കലാപരിപാടികളും ഇതിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. മഹാമാരി സൃഷ്ടിച്ച ആഘാതത്തിന് ശേഷം ഇന്ത്യയുടെ ചലനാത്മകതയും വളര്‍ച്ചയും വരച്ചുകാട്ടുന്ന ആദ്യത്തെ വന്‍ സംരംഭമായി ദുബൈ എക്സ്പോയിലെ ഇന്ത്യന്‍ പവലിയന് മാറുമെന്ന അഭിപ്രായമാണ് ഇന്ത്യന്‍ അംബാസഡര്‍ പവന് കപൂര്‍ ലോക മാധ്യമങ്ങളോട് പങ്കുവെച്ചത്. ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തിനൊപ്പം കരയിലും കടലിലും ആകാശങ്ങളിലും രാജ്യം എത്തിപ്പിടിച്ച നേട്ടങ്ങളും നിരത്തിയാണ് പവലിയന് സജ്ജമാക്കിയിട്ടുള്ളത്.
എക്സ്പോ പര്യവസാനിച്ചാലും പവലിയന് സുസ്ഥിരമായി ദുബൈയില്‍ നിലനിര്‍ത്തുന്ന രാഷ്ട്രങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ഇന്ത്യയും. ഇത് യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള വ്യാപാര നിക്ഷേപ അവസരങ്ങള്‍ ഗണ്യമായി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉഭയകക്ഷി വ്യാപാരം 100 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ത്തുമെന്ന ഇരു രാജ്യങ്ങളുടെയും പ്രഖ്യാപിത നയം പ്രയോഗവത്കരിക്കുന്നതിനും ഇന്ത്യന്‍ പവലിയന് വഴിയൊരുക്കും. യു.എ.ഇയിലുള്ള ഇന്ത്യന്‍ പ്രവാസികളുടെ വര്‍ത്തമാനങ്ങളും പവലിയനിലൊരുങ്ങും. സ്കൂളുകളും കമ്യൂണിറ്റി ഗ്രൂപ്പുകളും ഇന്ത്യന്‍ പവലിയനില്‍ നടക്കുന്ന പരിപാടികളുടെ ഭാഗമാകുമെന്നും പവന്‍കപൂർ വ്യക്തമാക്കി.
വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന പ്രത്യേക പരിപാടികളില്‍ ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ നിന്ന് ഓരോ വിദ്യാര്‍ഥി പ്രതിനിധി ഇന്ത്യന്‍ പവലിയനിയിലത്തെുമെന്ന ദുബൈ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍പുരി അറിയിച്ചിട്ടുണ്ട്. യു.എ.ഇ ദേശീയ ദിനമായ ഡിസംബര്‍ രണ്ടിനാണ് വിദ്യാര്‍ഥികള്‍ എത്തുക. 26 ആഴ്ചകളിലായി നടക്കുന്ന സാംസ്കാരിക പരിപാടികളില്‍ എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെയും പങ്കാളിത്തമുണ്ടാകുമെന്ന് ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബര്‍ കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി സെക്രട്ടറി ദിലീപ് ചെനോയ് വ്യക്തമാക്കി. ദിവസന്തോറും നടക്കുന്ന സാംസ്കാരിക പരിപാടികള്‍ക്ക് പുറമെ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പുരസ്കാരം നേടിയ സിനിമകളുടെ പ്രദര്‍ശനവും പവലിയനില്‍ നടക്കും.
സന്ദര്‍ശകര്‍ക്ക് 'മംഗള്യാന്' ദൗത്യം, ബഹിരാകാശ പേടകങ്ങള്‍, ബഹിരാകാശ പദ്ധതികള്‍ തുടങ്ങിയവയെക്കുറിച്ച് പ്രാഥമിക അറിവുകള്‍ പകരുന്നതിനുതകുന്ന സാങ്കേതിക സംവിധാനവും പവലിയനിൽ സജ്ജം. ഒന്നാം നിലയിലെ ഓഡിയോ-വിഷ്വല്‍ ഡിസ്പ്ലേകള്‍ ഇന്ത്യയുടെ കല, സംസ്കാരം, വിനോദം, പ്രകൃതി ദൃശ്യങ്ങള്‍ എന്നിവ പരിചയപ്പെടുത്തുന്നു. വിവിധ മേഖലകളില്‍ ഇന്ത്യ വാഗ്ദാനം ചെയ്യുന്ന കാര്യങ്ങള്‍ തീമാറ്റിക് സെക്ടറുകള്‍ ലോകത്തിന് മുന്നില്‍ എത്തിക്കും. 'അവസാനിക്കാത്ത അവസരങ്ങള്‍'എന്നതാണ് രണ്ടാം നിലയിലെ ഡിജിറ്റല്‍ ഡിസ്പ്ളേ തീം. പരിധിയില്ലാത്ത നിക്ഷേപ അവസരങ്ങള്‍ ഇതിലൂടെ ലോകത്തെ പരിചയപ്പെടുത്താന്‍ കഴിയുമെന്ന് പവലിയന് ഡയറക്ടര്‍ കൂടിയായ എഫ്.ഐ.സി.സി.ഐ അസി. സെക്രട്ടറി ജനറല്‍ ഗുന്വീണ ഛദ്ദ പറയുന്നു. 'ഇന്ത്യ സന്ദര്‍ശിക്കാനുള്ള കാരണങ്ങള്‍' എന്ന വിഭാഗത്തില്‍ പ്രശസ്ത പൈതൃക നഗരികള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ക്ഷേത്രങ്ങള്‍ തുടങ്ങിയവയെ ചിത്രീകരിക്കുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേൽ പ്രതിമരൂപവും അബൂദബിയില്‍ നിര്‍മാണത്തിനുള്ള പ്രഥമ ഹിന്ദു ക്ഷേത്രത്തിെൻറ മോഡലും പവലിയനില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നു. വിവിധ ഘട്ടങ്ങളിലായി ഇന്ത്യയില്‍ നിന്നെത്തുന്ന ഉന്നത വ്യക്തിത്വങ്ങളെയും ഉദ്യോഗസ്ഥരെയും യു.എ.ഇ അധികൃതരും ഇന്ത്യന്‍ കോണ്‍സുലേറ്റ് - എംബസി ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.