ഹൃദയരാഗങ്ങളുടെ ഹിഷാം
text_fieldsമനസേ മനസേ നീ ഒന്നു കേൾക്കൂ
മനസേ മായാ മറയത്ത് ദൂരേ
പറന്നേ പോയാൽ ഞാനെന്തു ചെയ്യും
തിരികെ വരാമോ ഇതിലേ....
'ഹൃദയ'ത്തിൽതൊട്ട് ഹിഷാം പാടുകയാണ്. ദുബൈ ഖിസൈസിലെ ബേക്ക് മാർട്ട് ഗൂർമെറ്റിലിരുന്ന് ഹിഷാം അബ്ദുൽ വഹാബുമായി സംസാരിക്കുമ്പോൾ 'ദർശന' പിറന്നിട്ട് നാല് മാസം പിന്നിട്ടിരിക്കുന്നു. ഗാനരംഗം എത്തുമ്പോൾ റിമോട്ടിൽ സ്പീഡ് ഫോർവേഡ് ചെയ്തിരുന്ന മലയാളിയെ രണ്ട് മണിക്കൂർ 51 മിനിറ്റ് സ്കക്രീനിൽ നിന്ന് കണ്ണെടുക്കാതെ 15 പാട്ടുകൾ കേൾപിച്ച് പിടിച്ചിരുത്തിയ വൈഭവം ആ കണ്ണുകളിൽ കാണം. വരാനിരിക്കുന്നത് ഇതിലും വലിയ ട്രെൻഡ് സെറ്ററുകളാണെന്ന ആത്മവിശ്വാസം ആ വാക്കുകളിൽ കേൾക്കാം.
'ഹൃദയം' കാണുന്നതിന് മുൻപ് നാവിൻ തുമ്പിലെത്തുന്നത് 'ദർശന'യാണെങ്കിൽ കണ്ടിറങ്ങിക്കഴിയുമ്പോൾ ചെവിയിൽ മുഴങ്ങുന്നത് 'മനസേ മനസേ' ആയിരിക്കും. അതാണ് 'ഹൃദയ'ത്തിലെ ഹിഷാം മാജിക്. പുതുതലമുറയുടെ സംഗീത ഹൃദയത്തിലേക്ക് രാഗമായി പടർന്നിറങ്ങുന്ന ഹിഷാം അബ്ദുൽ വഹാബ് 'ഗൾഫ് മാധ്യമം' വായനക്കാരോട് മനസ് തുറക്കുന്നു.
'ഹൃദയം' ഒരു ട്രെൻഡ് സെറ്ററായോ ?
സിനിമയിൽ ട്രെൻഡ് എപ്പോഴും മാറിക്കൊണ്ടിരിക്കും. പുതിയൊരു മ്യൂസിക്കും മ്യൂസിക് ഡയറക്ടറും വരുന്നതോടെ ഇപ്പോഴത്തെ ട്രെൻഡ് മാറും. 'ഹൃദയ'ത്തിൽ സംഗീതത്തിന് കൂടുതൽ പ്രാധാനം നൽകി എന്ന് കരുതി എല്ലാ സിനിമയും അങ്ങിനെയെടുക്കാൻ കഴിയില്ല. ഓരോ സിനിമക്കും ഓരോ സ്വഭാവമുണ്ട്. റിയലിസ്റ്റിക്, ഫാമിലി, റൊമാൻഡിക്, ആക്ഷൻ സിനിമകളെല്ലാമുണ്ട്. എല്ലാതരം സിനിമയും വേണം. അത്തരത്തിലൊരു വ്യത്യസ്തമായ സിനിമയാണ് 'ഹൃദയം'. 15 പാട്ടാണ് ഇതിലുള്ളത്. മലയാള സിനിമ അടുത്ത ജനറേഷനിലേക്ക് മാറിക്കഴിഞ്ഞു. വ്യത്യസ്തതകൾ ഏറ്റെടുത്തുകഴിഞ്ഞു. ഇനി ചെയ്യുന്ന ഓരോ മ്യൂസിക്കും വ്യത്യസ്തമാക്കണമെന്നാണ് എന്റെ ആഗ്രഹം. ഒരുപക്ഷെ, അതാവാം അടുത്ത ട്രെൻഡ്.
എന്തുകൊണ്ട് തുർക്കി ഇൻസ്ട്രുമന്റ്സ് ?
'ഹൃദയ'ത്തിന്റെ ജോലി എന്നെ ഏൽപിച്ചപ്പോൾ തന്നെ മനസിൽ ഉറപ്പിച്ചിരുന്നു മലയാളത്തിൽ ഇതുവരെ കേൾക്കാത്ത, വളരെ കുറച്ച് മാത്രം കേട്ട് ശീലമുള്ള മ്യൂസിക്കായിരിക്കണം ഇതെന്ന്. അങ്ങിനെയാണ് തുർക്കി ഇൻസ്ട്രുമെന്റിലേക്ക് എത്തുന്നത്. സൂഫി ആൽബം ഖദം ബഡ്ഹ ചെയ്തതുകൊണ്ട് തുർക്കിഷ് ഇൻസ്ട്രുമെന്റ്സിന്റെ മ്യൂസീഷ്യൻസുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ടാവാം അങ്ങിനൊരു തീരുമാനമെടുത്തത്. തുർക്കിഷ് ഉപകരണം ചേർത്തപ്പോഴാണ് വിനീത് ശ്രീനിവാസൻ കൂടുതൽ പ്രോൽസാഹനം നൽകിയത്. അതോടെയാണ് ചിത്രം മാറിയത്. ഇത്രയും സാധ്യതകൾ മലയാളത്തിൽ കൊണ്ടുവരാൻ ഇനിയെന്ത് എന്ന ചോദ്യത്തിൽ നിന്നാണ് ആ പാട്ടുകളിൽ തുർക്കി ഇൻസ്ട്രുമെന്റ് എത്തിയത്. സിനിമയുടെ സംവിധായകൻ സംഗീത സംവിധായകന് നൽകുന്ന സ്വാതന്ത്ര്യത്തിൽ നിന്നാണ് ഇതുണ്ടായത്.
പ്രണവും ദർശന രാജേന്ദ്രനും:
അവർ രണ്ട് പേരും സ്ക്രീനിലുള്ളത് തന്നെയാണ് 'ദർശന' എന്ന പാട്ടിന്റെ മാജിക്. വിനീത് തുടക്കത്തിൽ ഈ പാട്ട് സീൻ ബൈ സീൻ എഴുതി ഇന്ന ലൈനിൽ ഇന്ന വിഷ്വൽ എന്ന രീതിയിലായിരുന്നു തീരുമാനിച്ചത്. പക്ഷെ, ഷൂട്ടിങ്ങിലെത്തിയപ്പോൾ അവരെ സ്വതന്ത്രമായി വിടുകയായിരുന്നു. നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ അഴിഞ്ഞാടിക്കോ എന്നാണ് പ്രണവിനോടും ദർശനയോടും പറഞ്ഞത്. ആ ഒരു സ്വാതന്ത്ര്യമാണ് ആ പാട്ടിന് ജീവൻ നൽകിയത്. ഇത്ര വൈറലാകുമെന്ന് പ്രതീക്ഷിച്ച ഗാനമല്ല ദർശന. പാട്ടിന്റെ ഒരു യാത്രയുണ്ടല്ലോ, അത് മാറി നിന്ന് നോക്കിക്കാണുന്നത് സുഖകരമായ അനുഭൂതിയാണ്. കംപോസ് ചെയ്ത് റിലീസ് ചെയ്യുന്നതോടെ നമ്മുടെ കൈയിൽ നിന്നൊഴിവായി. അത് വളർന്ന് വലിയ രൂപമാകുന്നത് കണ്ടു നിൽക്കുന്നത് സന്തോഷവും ആത്മാഭിമാനവുമാണ്. സിനിമയുടെ വിജയവും പാട്ടുകളും കഥാപാത്രങ്ങളും മറ്റുള്ളവരിലേക്കെത്തുന്നത് കണ്ടു നിൽക്കുന്നത് ആനന്ദകരമാണ്.
ട്രോളുകൾ:
ട്രോളുകൾ ഒരാളുടെ എക്സ്പ്രഷനാണ്. അത് ഏത് രീതിയിലും നമുക്ക് എടുക്കാം. ഞാൻ ട്രോളുകൾ എൻജോയ് ചെയ്യുന്നയാളാണ്. ഒരുവിധത്തിൽ ട്രോളുകൾ നമുക്ക് ഗുണകരമാണ്. ട്രോളുകൾ കണ്ടിട്ട് എന്താണ് സംഭവം എന്നറിയാൻ പാട്ട് കണ്ട സുഹൃത്തുക്കളുണ്ട്. ട്രോളുകൾ ഈ ഗാനം ഹിറ്റാക്കുന്നതിൽ സഹായിച്ചിട്ടുണ്ട്.
വിനീത് ശ്രീനിവാസനൊപ്പം:
വിനീത് തന്ന സ്വാതന്ത്ര്യമാണ് ഈ സിനിമയിലെ പാട്ടുകളുടെ വിജയം. ഞാൻ മ്യൂസിക് ചെയ്ത രണ്ട് പാട്ടുകൾ മുൻപ് വിനീതേട്ടൻ പാടിയിട്ടുണ്ട്. വിനീത് സംവിധാനം ചെയ്ത 'തിര'യിൽ ഞാനും പാടിയിട്ടുണ്ട്. അദ്ദേഹം ഭാഗമായ ചില സിനിമകളിലും പാടിയിട്ടുണ്ട്. അങ്ങിനൊരു ബന്ധം ഞങ്ങൾ തമ്മിലുണ്ട്. ഞാൻ മറ്റുള്ളവരോട് അവസരം ചോദിക്കുന്നുണ്ട് എന്ന് വിനീതിനറിയാം. ഇഷ്ടമുള്ള സംവിധായകരെ ഞാൻ എപ്പോഴും സമീപിക്കാറുണ്ട്. അതിന് മടി കാണിക്കാറില്ല. സൂഫി ആൽബം ഖദം ബഡ്ഹയാണ് ഈ സിനിമയിലേക്ക് എന്നെ തെരഞ്ഞെടുക്കാൻ വിനീതേട്ടനെ ആകർഷിച്ച മുഖ്യ ഘടകം.
സാൾട്ട് മാംഗോട്രീയിൽ നിന്ന് ഹൃദയം വരെ; എന്ത് മാറ്റമാണ് ഉണ്ടായത്:
'സാൾട്ട് മാംഗോ ട്രീ' മ്യൂസിക് ചെയ്ത ഹിഷാമല്ല 'ഹൃദയം' ചെയ്തത്. അടുത്ത സിനിമ കംപോസ് ചെയ്യുന്നത് വേറൊരു ഹിഷാമായിരിക്കും. ഞാൻ എപ്പോഴും മാറിക്കൊണ്ടേയിരിക്കണം. അഞ്ച് വർഷം മുൻപായിരുന്നു 'ഹൃദയം' ചെയ്യാൻ പറയുന്നത് എങ്കിൽ എനിക്ക് കഴിയുമായിരുന്നില്ല. സംഗീത ലോകവും ഒരുപാട് മാറിയില്ലേ. ദുബൈ എക്സ്പോയിലെ എ.ആർ. റഹ്മാന്റെ ഫിർദൗസ് സ്റ്റുഡിയോ സന്ദർശിക്കാനുള്ള ഭാഗ്യം ലഭിച്ചിരുന്നു. അതിനുള്ളിലെ സംഗീതോപകരണങ്ങൾ ഒന്നും എന്റെ ജീവീതത്തിൽ ഇതുവരെ കണ്ടിട്ടില്ല. കരിയറിൽ ഒരുപാട് സഞ്ചരിക്കാനുണ്ടെന്ന് മനസിലാക്കി തരുന്നതായിരുന്നു ആ കാഴ്ചകൾ. മലയാള സംഗീത ലോകത്ത് ഇതിന്റെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്താൻ കഴിയും.
മൊബൈൽകാലത്തെ സംഗീതം:
ഇതിന് ഗുണവും ദോഷവുമുണ്ട്. സാധാരണ പ്രേക്ഷകർക്ക് എല്ലാ തരത്തിലുമുള്ള പാട്ടുകൾ ആസ്വദിക്കാൻ അവസരവും സ്വാതന്ത്ര്യവും ലഭിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. പക്ഷെ, ഒരുപാട് പാട്ടുകളിൽ ഒരു പാട്ടായി നമ്മുടെ ഗാനം ഒതുങ്ങിപ്പോകാൻ സാധ്യതയുണ്ടെന്നതാണ് ദോഷം. അതിനാൽ, ഉത്തരവാദിത്വം കൂടുതലാണ്. ഐ ട്യൂൺസ് ടോപ് 100 എടുത്താൽ അതിൽ ഒരുപാട് വമ്പൻ സംഗീതജ്ഞരുടെ കൂടെയായിരിക്കും നമ്മുടെ പാട്ട്. അതിനാൽ, അധികമാരും കേൾക്കാതെ പാട്ട് മുങ്ങിപ്പോകാൻ സാധ്യതയുണ്ട്. അത്രയും ശക്തമായി ഒരു പാട്ട് ചെയ്താൽ മാത്രമെ ജനങ്ങളിലേക്ക് എത്തുകയുള്ളൂ.
മൊബൈൽ ആസ്വാദകർക്ക് മാത്രം എന്ന രീതിയിൽ പാട്ട് ചെയ്യാറില്ല. ബിഗ് സ്ക്രീൻ തന്നെയായിരിക്കും മനസിൽ. തീയറ്ററിൽ പാട്ട് ആസ്വദിക്കുന്നതിന്റെ സുഖം വേറൊന്ന് തന്നെയാണ്. സിനിമ ചെയ്യുന്നതും അതിന് വേണ്ടിയാണ്. ഒ.ടി.ടിയിലോ മൊബൈലിലോ ഗാനങ്ങൾ അത്രത്തോളം ആസ്വദിക്കാൻ കഴിയും എന്ന് തോന്നുന്നില്ല. റി മിക്സും ഡി.ജെയും സംഗീതത്തിന്റെ ആത്മാവിനെ നഷ്ടപ്പെടുത്തുന്നു എന്ന് പൂർണമായി പറയാൻ കഴിയില്ല. എങ്ങിനെ ചെയ്യുന്നു എന്നതിലാണ് കാര്യം. ഒരുപാട്ടിന്റെ എത്രയോ കവർ സോങുകൾ നല്ലരീതിയിൽ ഇറങ്ങാറുണ്ട്. ചില കവർ സോങ് കേൾക്കുമ്പോൾ നമ്മൾ ഉണ്ടാക്കിയ പാട്ടിനോട് കൂടുതൽ ഇഷ്ടം തോന്നും. അങ്ങിനെയാകുമ്പോഴാണ് കൂടുതൽ മധുരം വരുക. 'ദർശന' എന്ന പാട്ടിന്റെ എത്രയോ കവർ സോങ് ഇറങ്ങുന്നു. വിഷ്ണു അശോക് 'ദർശന'യുടെ വയലിൻ കവർ ചെയ്തിരുന്നു. ഒറിജിനൽ പാട്ടിനൊപ്പം ഏറ്റവും കൂടുതൽ കേൾക്കുന്നത് ഈ വയലിൻ കവറാണ്. അതാണ് അതിന്റെ വിജയം. ആ പാട്ടിന്റെ സൃഷ്ടാവിനെയും ആ പാട്ട് എന്ന സൃഷ്ടിയെയും പ്രതികൂലമായി ബാധിക്കാതെ ചെയ്താൽ തെറ്റില്ല.
പ്രവാസ ജീവിതം എത്രത്തോളം ഗായകനാക്കി:
വളർന്നത് സൗദിയിലാണ്. വളരെ നിയന്ത്രണങ്ങളുള്ള അന്തരീക്ഷത്തിലാണ് വളർന്നത്. പ്രവാസ ജീവിതവും അവിടെയുള്ള ജീവിതങ്ങളോടുള്ള അടുപ്പവും എന്നിലെ സംഗീതജ്ഞനെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഉപ്പയോടൊപ്പം റിയാദിലെ മാർക്കറ്റിൽ പോയി വളരെ നേരം കാത്തുനിന്ന് കാസറ്റ് വാങ്ങികേട്ടിട്ടുണ്ട്. ആ കേൾവികളിലൂടെയായിരിക്കാം എന്റെ സംഗീത ലോകം സൃഷ്ടിക്കപ്പെട്ടത്. അതിൽ പല േബ്ലാക്കുകളും മിസിങാണ്. അത് നികത്താനുള്ള യാത്രയായിരിക്കാം എനിക്ക് സംഗീതം ചെയ്യണം എന്ന ഇഷ്ടം തോന്നാൻ കാരണം.
നാല് മിനിറ്റിന്റെ പാട്ട് എങ്ങിനെയാണ് ലോകത്തെ മുഴുവൻ പ്രചോദിപ്പിക്കുക എന്ന ചിന്തയുണ്ടായതും അങ്ങിനെയാവാം. ആ പഠനത്തിന്റെ ഭാഗമായാണ് സംഗീതം പഠിച്ചതും ഐഡിയ സ്റ്റാർ സിങറിൽ പങ്കെടുക്കുന്നതും. ഇപ്പോഴും യാത്രയിലാണ്. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയണ്. പ്രവാസ ജീവിതവും അവിടുത്തെ നല്ല മനുഷ്യരും ഒരുപാട് പിന്തുണച്ചിട്ടുണ്ട്. അവരുടെ പ്രാർഥനയും ഒരുപാട് പേരുടെ ആഗ്രഹവുമെല്ലാം ഉണ്ട്. 'ഗൾഫ് മാധ്യമ'ത്തിന്റെ ഷോ റിയാദിൽ ചെയ്തപ്പോൾ വലിയ അഭിമാനമായിരുന്നു. ആ പ്രവാസി ജനതയെ അഭിമുഖീകരിക്കാൻ കഴിഞ്ഞത് അഭിമാന നിമിഷമായിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് അത്ര വലിയൊരു വേദി കിട്ടുന്നത്. അത് എന്റെ സ്വകാര്യമായ അഭിമാനമാണ്.
മലയാള സിനിമയിലേക്ക് വൈകി:
ചില കാര്യങ്ങൾക്ക് സമയമെടുക്കും. ഞാൻ പഠനത്തിനും പ്രാധാന്യം നൽകിയിരുന്നു. 2007-2008ൽ റിയാലിറ്റി ഷോയ്ക്ക് ശേഷം സൗണ്ട് എൻജിനീയറിങിൽ ഡിേപ്ലാമ ചെയ്തു. ദുബൈയിലെത്തി ബാച്ചിലേഴ്സ് ഇൻ ഓഡിയോ പ്രൊഡക്ഷൻ പൂർത്തിയാക്കി. ഇതിന് ഒന്നര വർഷമെടുത്തു. രണ്ടര വർഷം സൗണ്ട് എൻജിനീയറായി. സംഗീതം ഉൾപെടെയുള്ള പഠനത്തിൽ കാലുറപ്പിച്ച ശേഷമാണ് നാട്ടിലെത്തി സംഗീത സംവിധാനത്തിലേക്കിറങ്ങിയത്. ഇന്നത്തെ കാലത്ത് കംപോസിങിലുപരി സൗണ്ടിങും പഠിച്ചിരിക്കണം. മെലഡി ഉണ്ടാക്കുക മാത്രമല്ല, അത് എങ്ങിനെയാണ് ആസ്വാദകരിലേക്ക് എത്തുന്നതെന്നും ആര് പാടണമെന്നും ഏത് ശബ്ദം വേണമെന്നുമെല്ലാം അറിഞ്ഞിരിക്കണം. ഇങ്ങനെയുള്ള കാര്യങ്ങൾ പഠിച്ചിരുന്നത് കൊണ്ട് പലതും എനിക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്നുണ്ട്.
സമി യൂസഫിന്റെ ഖദം ബഡ്ഹ:
സമി യൂസുഫിന്റെ 'യു കെയിം ടു മി' എന്ന ഗാനം 2012ൽ റിയാലിറ്റി ഷോയിൽ പാടിയിരുന്നു. യാദൃശ്ചികമായി അത് സമി യൂസുഫിന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ ഷെയർ ചെയ്തു. അങ്ങിനെയാണ് അദ്ദേഹവുമായി ബന്ധമുണ്ടാകുന്നതും ഡീലുണ്ടായതും. 12 പാട്ടുകളാണ് അദ്ദേഹത്തിന്റെ ടീമുമൊത്ത് കംപോസ് ചെയ്തത്. അതായിരുന്നു ഏറ്റവും വലിയ വഴിത്തിരിവ്. പിന്നീട് രണ്ടര വർഷം സമി യൂസുഫിന്റെ പേഴ്സണൽ സൗണ്ട് എൻജിനീയറായിരുന്നു. പിന്നീട് സ്വതന്ത്ര മ്യൂസിക് കംപോസിങ് എന്ന ആഗ്രഹവുമായാണ് നാട്ടിലേക്ക് പോയത്.
കാത്തുസൂക്ഷിക്കുന്ന ജീവിത മൂല്യങ്ങൾ:
ജീവിത മൂല്യങ്ങൾ നമ്മുടെ പാട്ടിലും കൈകാര്യം ചെയ്യുന്ന മേഖലയിലും തനിയെ വരും. ഭാഗ്യം കൊണ്ട്, ദൈവാനുഗ്രഹം കൊണ്ട് ഞാൻ ജോലി ചെയ്ത സംഗീത സംവിധായകരെല്ലാം ഞാൻ ആഗ്രഹിക്കുന്ന രീതിയിലുള്ള അച്ചടക്കം കാത്തുസൂക്ഷിക്കുന്നവരായിരുന്നു. അത് ഒരുപാട് സഹായിച്ചു. സംഗീതം എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ജീവന്റെ പകുതി. അത് കാത്തുസൂക്ഷിക്കുന്നൊരാളാണ് ഞാൻ. എങ്കിലേ വളരെ സത്യസന്ധമായ, തെളിമയുള്ള സംഗീതം ചെയ്യാൻ കഴിയു. അല്ലാത്തപക്ഷം അത് കേവലം കാട്ടിക്കൂട്ടലായി മാറും.
ഭാവി പദ്ധതികൾ:
കുറച്ച് സിനിമകൾ ഏറ്റിട്ടുണ്ട്. ഫിലിപ്സ് എന്ന സിനിമയാണ് ഔദ്യോഗികമായി അനൗൺസ് ചെയ്തിരിക്കുന്നത്. ഹെലന്റെ മേക്കർ ആൽഫ്രഡ് സംവിധാനം ചെയ്യുന്ന സിനിമ, ഷെയ്ൻ നിഗമിന്റെ സിനിമ തുടങ്ങിയവല്ലൊമുണ്ട്. തമിഴിൽ രണ്ട് ഫിലിം ഏറ്റിട്ടുണ്ട്. ഉടൻ പ്രഖ്യാപനമുണ്ടാകും. ഹൃദയംകൊണ്ട് ചെയ്ത പാട്ടുകളെല്ലാം മറ്റ് ഭാഷകളിലേക്കെല്ലാം ചെയ്യണമെന്നാണ് ആഗ്രഹം. അത് സാധിക്കുകയും ചെയ്യും. സിനിമ എന്ന കലയോടാണ് ഏറ്റവും ഇഷ്ടം. അതാണ് പ്രചോദനവും. സിനിമക്ക് സംഗീതം കൊണ്ട് ജീവൻ പകരുക എന്നതാണ് എന്റെ ലക്ഷ്യം.
ദുബൈയിൽ:
സലാം ബാപ്പുവിന്റെ അടുത്ത സിനിമയുടെ സംഗീതവുമായി ബന്ധപ്പെട്ടാണ് എത്തിയത്. ഷെയിൻ നിഗമിന്റെ പ്രോജക്ടുണ്ട്. ചില സിനിമകളുടെ ചെറിയ ജോലികളും ഇവിടെ നടക്കുന്നു. സത്യത്തിൽ, 'ഹൃദയ'ത്തിന് ശേഷം ഭാര്യയോടൊപ്പം ബ്രേക്ക് എടുക്കാൻ വന്നതാണ്. പക്ഷെ, ഇവിടെ എത്തിയിട്ടും എനിക്ക് വിശ്രമമില്ല. അതിലൊന്നും പരാതി പറയുന്നയാളല്ല ഭാര്യ ആയിഷ. കംപോസിങിന് ഇരിക്കൂ എന്ന് പറയുന്ന ഭാര്യയാണ്. അത് അനുഗ്രഹവും ഭാഗ്യവുമാണ്. അവളോട് ഒരുപാട് നന്ദി പറയേണ്ടി വരും. മാതാപിതാക്കളുമെല്ലാം വലിയ പിന്തുണയാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.