ചരിത്രം പിറന്നു; അൽ നിയാദി ബഹിരാകാശത്ത്
text_fieldsദുബൈ: അറബ് ലോകം പ്രാർഥനാപൂർവം കാത്തിരുന്ന ചരിത്ര നിമിഷം പിറന്നു. സുൽത്താൻ അൽ നിയാദി എന്ന യു.എ.ഇ ബഹിരാകാശ യാത്രികൻ അമേരിക്കയിലെ ഫ്ലോറിഡ കെന്നഡി ബഹിരാകാശ നിലയത്തിൽനിന്ന് ചരിത്രത്തിലേക്ക് പറന്നുയർന്നു. ഇതോടെ ദീർഘകാല ബഹിരാകാശ യാത്രക്ക് പുറപ്പെട്ട ആദ്യ അറബ് പൗരനായി അൽ നിയാദി മാറി.
പ്രാദേശിക സമയം പുലർച്ച 12.34നാണ് (യു.എ.ഇ സമയം രാവിലെ 9.34) എൻഡീവർ എന്ന സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകവുമായി ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയർന്നത്. നിയാദി അടക്കം നാലുപേരാണ് യാത്രികരായുള്ളത്. എല്ലാ മുന്നൊരുക്കളും പൂർത്തിയാക്കി വ്യാഴാഴ്ച നടത്തിയ വിക്ഷേപണം പൂർണ വിജയമാണെന്ന് അധികൃതർ വ്യക്തമാക്കി.
ബഹിരാകാശ പേടകത്തിൽനിന്ന് ആദ്യ സന്ദേശമയച്ച അൽ നിയാദി എല്ലാവർക്കും നന്ദിയറിയിച്ചു. തിങ്കളാഴ്ച സാങ്കേതിക തകരാർ കാരണം അവസാന നിമിഷം വിക്ഷേപണം മാറ്റിയിരുന്നു.
‘നാസ’യുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ ബഹിരാകാശ യാത്രികൻ ആൻഡ്രേ ഫെഡ് യാവേവ് എന്നിവരാണ് അൽ നിയാദിക്ക് ഒപ്പമുള്ളത്. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെ ആറു മാസത്തെ ദൗത്യത്തിൽ 250 ഗവേഷണ പരീക്ഷണങ്ങൾ സംഘം നടത്തും.
ഇവയിൽ 20 പരീക്ഷണങ്ങൾ അൽ നിയാദി തന്നെയാണ് നിർവഹിക്കുക. ദൗത്യം പ്രധാനമായും മനുഷ്യനെ വഹിച്ചുള്ള ചാന്ദ്ര യാത്രകൾക്കായി തയാറെടുക്കാൻ സഹായിക്കാനുള്ളതാണ്. ഭൂമിയിൽനിന്ന് 400 കി.മീറ്റർ അകലെയുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 25 മണിക്കൂറിനുള്ളിൽ (വെള്ളിയാഴ്ച യു.എ.ഇ സമയം രാവിലെ 9.11ന്) സംഘം എത്തിച്ചേരുമെന്നാണ് പ്രതീക്ഷ.
ബഹിരാകാശ നിലയത്തിൽ ഇറങ്ങുന്ന രണ്ടാമത്തെ യു.എ.ഇ പൗരനാണ് അൽ നിയാദി. 2019ൽ ഹസ്സ അൽ മൻസൂരി എട്ടു ദിവസത്തെ ദൗത്യം പൂർത്തിയാക്കിയതാണ് ആദ്യ യാത്ര. ബഹിരാകാശ രംഗത്ത് വൻ നിക്ഷേപം നടത്തുന്ന അറബ് മേഖലക്ക് പുതിയ ഊർജം നൽകുന്നതാണ് വിക്ഷേപണ വിജയം.
അമേരിക്ക, റഷ്യ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളുമായി സഹകരിച്ചാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. സൗദിയും രണ്ടുപേരെ ബഹിരാകാശ നിലയത്തിൽ എത്തിക്കുന്നതിന് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ റയ്യാന ബർനാവി, അലി അൽ ഖർനി എന്നീ ബഹിരാകാശ യാത്രികരാണ് പുറപ്പെടാൻ ഒരുങ്ങുന്നത്.
കഴിഞ്ഞ വർഷം യു.എ.ഇയുടെ ആദ്യ ചാന്ദ്രദൗത്യ പേടകം ‘റാശിദ്’ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയിരുന്നു. 2020ൽ വിക്ഷേപിച്ച ‘ഹോപ് പ്രോബ്’ വഴി അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾക്കു ശേഷം ചൊവ്വയിലെത്തുന്ന അഞ്ചാമത്തെ രാജ്യമായി യു.എ.ഇ മാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.