അവധിയാഘോഷം; എക്സ്പോയിൽ വൻ തിരക്ക്
text_fieldsദുബൈ: നബിദിന അവധിയും വാരാന്ത്യവും ഒരുമിച്ചെത്തിയപ്പോൾ ലഭിച്ച മൂന്നുദിവസം ആഘോഷമാക്കാൻ എക്സ്പോ നഗരിയിലേക്ക് സന്ദർശക പ്രവാഹം.
വ്യാഴം,വെള്ളി ദിവസങ്ങളിൽ ഉച്ചയോടെ മിക്ക പവലിയനുകളുടെയും മുന്നിൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. ഇന്ത്യ,യു.എ.ഇ, ഇറ്റലി, യു.എസ്, സൗദി പവലിയനുകളുടെ മുന്നിലും തീമാറ്റിക് പവലിയനുകളുടെ മുന്നിലും നല്ല തിരക്ക് ദൃശ്യമായിരുന്നു. വെള്ളിയാഴ്ച രാത്രി അൽ വസ്ൽ പ്ലാസയിൽ അരങ്ങേറിയ ബ്രിട്ടീഷ് സംഗീതജ്ഞൻ സമി യൂസുഫിെൻറ പരിപാടിയിലും വൻ ജനക്കൂട്ടമാണ് എത്തിച്ചേർന്നത്.
എക്സ്പോ തുടങ്ങിയതിനു ശേഷം ഇത്രയും തിരക്കേറിയ ദിവസങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് പലപ്പോഴായി നഗരിയിലെത്തിയ സന്ദർശകർ അഭിപ്രായപ്പെടുന്നത്.
മെട്രോയിലും എക്സ്പോ റൈഡർ ബസുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടു. കാർ പാർക്കിങ് ഏരിയകളിലും സാധാരണത്തേക്കാൾ വാഹനങ്ങൾ എത്തിച്ചേർന്നിരുന്നു. ശനിയാഴ്ചയും സമാന തിരക്കുണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പല പവലിയനുകളിലും സന്ദർശകർക്ക് ഏറെ നേരം കാത്തിരിക്കേണ്ടി വന്നതിനാൽ കൂടുതൽ കാഴ്ചകൾക്ക് സമയം ലഭിച്ചില്ല. ഒക്ടോബർ മാസം മുഴുവൻ പ്രവേശനമനുവദിക്കുന്ന 'ഒക്ടോബർ പാസാ'ണ് മിക്കവരും വാങ്ങിയത്. ഇത് അടുത്ത ആഴ്ചയോടെ കാലാവധി കഴിയുമെന്നതിനാൽ കൂടിയാണ് പ്രവാസികളടക്കമുള്ള സന്ദർശകർ ഈ ദിവസങ്ങളിൽ മേളക്കെത്തിയത്.
വളരെ ആകർഷണീയമാണ് എക്സ്പോയിലെ കാഴ്ചകളെന്നും മുഴുവൻ പവലിയനുകളും കണ്ടുതീർക്കണമെന്നാണ് ആഗ്രഹമെന്നും ആദ്യമായി മേളക്കെത്തിയ പലരും അഭിപ്രായപ്പെട്ടു.
സൗദി കേന്ദ്രമായി പ്രവർത്തിക്കുന്ന 'അൽ ബെയ്ക്'റസ്റ്ററൻറിെൻറ എക്സ്പോയിലെ സ്റ്റാളിലും വൻ തിരക്ക് അനുഭവപ്പെട്ടു. പലരും വിഭവങ്ങൾ വാങ്ങാനാവാതെ ഇവിടെ നിന്ന് മടങ്ങേണ്ടി വന്നു.ഇന്ത്യൻ പവലിയനിൽ വലിയ ആൾകൂട്ടമാണ് പ്രവേശനത്തിനായി ക്യൂവിലുണ്ടായിരുന്നത്. സാംസ്കാരിക പരിപാടികളുടെ സദസ്സിലും ധാരാളം ആസ്വാദകരെത്തി. കഴിഞ്ഞ ദിവസം ഒഡിഷ ഡാൻസും, ഒഡിഷ ഫിലിം ഫെസ്റ്റവലും അരങ്ങേറി. ഒഡിഷ സമാജ് യു.എ.ഇയും സിനിമ4ഗുഡ് എന്ന കൂട്ടായ്മയുമാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഇത് ശനിയാഴ്ചയും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.