അവധി ആഘോഷം: സഞ്ചാരികൾ തണുപ്പ് തേടി സലാലയിലേക്ക്
text_fieldsദുബൈ: മൂന്നു ദിവസത്തെ അവധി ഒരുമിച്ച് വന്നതോടെ ഒമാനിലെ സലാലയിലേക്ക് ഒഴുകി യു.എ.ഇയിലെ പ്രവാസികൾ. വാരാന്ത്യത്തോടൊപ്പം ഹിജ്റ പുതുവത്സരം പ്രമാണിച്ച് യു.എ.ഇയിൽ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചതോടെയാണ് മൂന്നു ദിവസം പൊതു അവധി ലഭിച്ചത്. യു.എ.ഇയിൽ കനത്ത ചൂട് അനുഭവപ്പെടുമ്പോൾ തണുപ്പുള്ള കാലാവസ്ഥ അനുഭവപ്പെടുന്നതാണ് കൂടുതൽ പേരും സലാല തെരഞ്ഞെടുക്കാൻ കാരണം. സലാലയിൽ ഖരീഫ് സീസൺ ആരംഭിച്ചുകഴിഞ്ഞു.
കനത്ത മഴ പെയ്തതോടെ സലാലയിൽ കുന്നുകളും മലകളും പച്ചപിടിച്ചുകിടക്കുകയാണ്. കുന്നുകളിൽ പച്ചപ്പ് നിറയുകയും ചെടികളും മരങ്ങളും ഹരിതഭംഗി നിറഞ്ഞ് നിൽക്കുകയും ചെയ്യുന്നത് സന്ദർശകർക്ക് ഹരം പകരും. 25 ഡിഗ്രി സെൽഷ്യസ് ആണ് സലാലയിലെ താപനില. ഒമാന്റെ മറ്റ് ഭാഗങ്ങളിലും മറ്റ് ജി.സി.സി രാജ്യങ്ങളിലും 42 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് ചൂട്.
സന്ദർശകരുടെ തിരക്ക് വർധിച്ചതോടെ യു.എ.ഇയിൽനിന്ന് സലാലയിലേക്കുള്ള ടിക്കറ്റ് നിരക്കുകളും ഉയർന്നിട്ടുണ്ട്. സലാലയിലെ ഹോട്ടലുകളിലും നല്ല തിരക്കാണ്. ദുബൈയിൽനിന്ന് സലാലയിലേക്ക് സർവിസ് നടത്തുന്ന ഫ്ലൈ ദുബൈ റിട്ടേൺ ടിക്കറ്റ് നിരക്കുകൾ 2,461 ദിർഹമായി വർധിച്ചിരുന്നു. സാധാരണഗതിയിൽ ഈ റൂട്ടിലെ ശരാശരി ടിക്കറ്റ് നിരക്ക് 1,300 ദിർഹം ആയിരുന്നു. ഷാർജയിൽനിന്ന് സലാലയിലേക്ക് സർവിസ് നടത്തുന്ന എയർ അറേബ്യയും നിരക്കുകൾ ഉയർത്തിയിട്ടുണ്ട്. സാധാരണ ഷാർജയിൽനിന്ന് സലാലയിലേക്ക് 700 ദിർഹം ആണ് എയർ അറേബ്യ ഈടാക്കിയിരുന്നത്.
ഇത് വെള്ളിയാഴ്ച 1000 ദിർഹം ആയി ഉയർത്തിയിരുന്നു. ഏറ്റവും കുറഞ്ഞ നിരക്കുകൾ ഈടാക്കുന്ന എമിറേറ്റ് എയർലൈൻസ് റിട്ടേൺ ടിക്കറ്റ് നിരക്കുകൾ 4,355 ദിർഹം ആയി ഉയർത്തിയിരുന്നു. യു.എ.ഇയിൽനിന്ന് കരമാർഗം സലാലയിലെത്തുന്നവരുടെ എണ്ണവും ഇത്തവണ വർധിച്ചിട്ടുണ്ട്.ഹോട്ടൽ ബുക്കിങ്ങുകൾ അവസാനിക്കാനടുക്കുകയാണെന്നും ബുക്കിങ്ങുകളിൽ 30 ശതമാനവും യു.എ.ഇയിൽനിന്നുള്ളവരാണെന്നും പ്രമുഖ ഹോട്ടലുമായി ബന്ധപ്പെട്ടവർ പറഞ്ഞു. നീണ്ട വാരാന്ത്യ അവധി ആഘോഷിക്കാൻ നിരവധി പേർ ദുബൈയിൽനിന്ന് എത്തുന്നുണ്ടെന്നും അതിനാൽ ഹോട്ടൽ ബുക്കിങ് ഏകദേശം പൂർത്തിയായിക്കഴിഞ്ഞതായും ഹോട്ടലുകൾ അറിയിച്ചു. മറ്റ് ഹോട്ടലുകളിലും അവസ്ഥ ഇതുതന്നെയാണ്.
തിരക്ക് വർധിച്ചതോടെ വാടക കാറുകൾക്കും ഡിമാൻഡ് വർധിച്ചിട്ടുണ്ട്. സലാലയിലെത്തുന്നവർക്ക് വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് പൊതു ഗതാഗത സംവിധാനങ്ങൾ ലഭ്യമല്ല. ഏതാണ്ടെല്ലാ വിനോദസഞ്ചാര സ്പോട്ടുകളും സലാല നഗരത്തിൽനിന്ന് ഏറെ ദൂരെയാണുള്ളത്. അതിനാൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് വാഹനങ്ങൾ ആവശ്യമാണ്. തങ്ങൾക്ക് യു.എ.ഇയിൽനിന്ന് കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ബുക്കിങ്ങുകൾ ലഭിച്ചതായി റെന്റ് എ കാർ മേഖലയിൽ പ്രവർത്തിക്കുന്നവരും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.