യു.എ.ഇ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഹോളോകോസ്റ്റ് ഉൾപ്പെടുത്തും
text_fieldsദുബൈ: ഇസ്രയേലുമായി ബന്ധം ശക്തിപ്പെടുത്തിയ അബ്രഹാം കരാറിന്‍റെ തുടർച്ചയായി ‘ഹോളോകോസ്റ്റ്’ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ തുരുമാനിച്ച് യു.എ.ഇ. യു.എസിലെ യു.എ.ഇ എംബസിയാണ് ട്വിറ്ററിൽ ഇത് സംബന്ധിച്ച വാർത്ത പങ്കുവെച്ചത്.
ഫെഡറൽ നാഷനൽ കൗൺസിൽ പ്രതിനിധി തലവൻ ഡോ. അലി റാശിദ് അൽ നുഐമിയെ ഉദ്ധരിച്ചാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പ്രൈമറി, സെക്കൻഡറി ക്ലാസുകളിലാണ് രണ്ടാം ലോകയുദ്ധ കാലത്തെ ജൂതകൂട്ടക്കൊല പഠിപ്പിക്കുകയെന്നും ട്വീറ്റിൽ പറയുന്നു. ജറുസലേമിലെ ഇസ്രായേലിന്‍റെ ഔദ്യോഗിക ഹോളോകോസ്റ്റ് അനുസ്മരണ വേദിയായ യാദ് വാഷെമുമായി സഹകരിച്ചാണ് ഇത് സംബന്ധിച്ച പഠനങ്ങളുടെ ഉള്ളടക്കം വികസിപ്പിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.
ആന്‍റിസെമിറ്റിസം നിരീക്ഷിക്കാനും അതിനെതിരെ പ്രവർത്തിക്കാനുമുള്ള യു.എസിന്‍റെ പ്രത്യേക ദൂതൻ അംബാസഡർ ഡെബോറ ഇ. ലിപ്‌സ്റ്റാഡ് യു.എ.ഇയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. യു.എ.ഇയുടെ സുപ്രധാന ചുവടുവെപ്പിൽ സന്തോഷമുണ്ടെന്നും ഹോളോകോസ്റ്റ് വിദ്യാഭ്യാസം മനുഷ്യരാശിക്ക് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി രാജ്യങ്ങൾ രാഷ്ട്രീയ കാരണങ്ങളാൽ ഹോളോകോസ്റ്റിനെ കുറച്ചുകാലമായി താഴ്ത്തിക്കെട്ടുന്നത് തുടരുകയാണെന്നും യു.എ.ഇയുടെ നടപടി മറ്റുള്ളവരും ഉടൻ പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബറിൽ ഇസ്രായേൽ സന്ദർശിച്ചപ്പോൾ യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ ജറുസലേമിലെ ഹോളോകോസ്റ്റ് മെമോറിയൽ യാദ് വാഷെം സന്ദർശിച്ചിരുന്നു. 2020 സെപ്റ്റംബറിലാണ് യു.എ.ഇയും ഇസ്രായേലും തമ്മിൽ ചരിത്രപരമായ അബ്രഹാം കരാറിൽ ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.